ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ, ഇന്ത്യയിൽ 20,000 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഉപഭോക്തൃ സേവന മേഖലയിൽ അടുത്ത 6 മാസം മംഗളൂരു, കോയമ്പത്തൂർ, ഹൈദരാബാദ്, പുണെ, നോയിഡ, കൊൽക്കത്ത, ജയ്പുർ, ഇൻഡോർ, ഭോപാൽ, ലക്നൗ എന്നിവിടങ്ങളിലാണു നിയമനം.  വെർച്വൽ കസ്റ്റമർ സർവീസ് പ്രോഗ്രാമിന്റെ ഭാഗമായി വീടുകളിലിരുന്നു ചെയ്യാവുന്ന ജോലികളാവും ഏറെയും. കുറഞ്ഞത് പ്ലസ്ടുവും ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള പ്രാവീണ്യവുമാണു യോഗ്യത. ജോലിയിലെ മികവും വ്യാപാരസാധ്യതകളും കണക്കിലെടുത്ത് ചിലരെ വർഷാവസാനത്തോടെ സ്ഥിരപ്പെടുത്തിയേക്കാമെന്ന് ആമസോൺ ഇന്ത്യ ഡയറക്ടർ അക്ഷയ് പ്രഭു പറഞ്ഞു. ലോക്ഡൗൺ അവസാനിച്ചതോടെ ഓൺലൈൻ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ  ഏറിവരുന്നതായും 6 മാസങ്ങളിൽ ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.