കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷ 2020ന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ/ ജൂനിയർ ട്രാൻസ്‌ലേറ്റർ തസ്തികയിൽ 275 ഒഴിവുകളും  സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ  തസ്തികയിൽ 8 ഒഴിവുകളുമുണ്ട്.  ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം തസ്തികയുടെ വിശദാംശങ്ങൾ പട്ടികയിൽ. ഒക്ടോബർ 6ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ–1) നടക്കും.  ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 25. 

യോഗ്യത

1. എ. ഇംഗ്ലിഷ്/ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്‌ടീവ് വിഷയമായിരിക്കണം അല്ലെങ്കിൽ  പരീക്ഷാ മാധ്യമമായിരിക്കണം.

അല്ലെങ്കിൽ 

ബി.   ഇംഗ്ലിഷ്/ ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം.   ബിരുദ തലത്തിൽ ഇംഗ്ലിഷ്/ ഹിന്ദി മാധ്യമം അല്ലെങ്കിൽ കംപൽസറി/ ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ പരീക്ഷാ മാധ്യമമായിരിക്കണം.

അല്ലെങ്കിൽ 

സി. ഇംഗ്ലിഷ്/ ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം.   ബിരുദ തലത്തിൽ ഇംഗ്ലിഷ്/ ഹിന്ദി കംപൽസറി/ ഇലക്‌ടീവ് വിഷയം അല്ലെങ്കിൽ ഏതെങ്കിലും  ഒരെണ്ണം  പരീക്ഷാ മാധ്യമമോ മറ്റൊന്നു കംപൽസറി/ ഇലക്‌ടീവ് വിഷയമോ ആയിരിക്കണം.

2. ട്രാൻസ്‌ലേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും).  അല്ലെങ്കിൽ കേന്ദ്ര/ സംസ്‌ഥാന സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ട്രാൻസ്‌ലേഷൻ ജോലികളിൽ (മേൽപ്പറഞ്ഞ രീതിയിൽ)  സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർക്ക് മൂന്നു വർഷത്തെയും  ജൂനിയർ ട്രാൻസ്‌ലേറ്റർക്ക് രണ്ടു വർഷത്തെയും പ്രവൃത്തിപരിചയം.

പ്രായം: 18–30 വയസ്.  2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.  എസ്‌സി/ എസ്ടി വിഭാഗക്കാർക്ക്  അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുണ്ട്.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർ/ വിമുക്‌തഭടന്മാർക്ക് ഫീസില്ല.  ജൂലൈ 27 വരെ ഓൺലൈനായി ഫീസടയ്ക്കാം. എസ്ബിഐ വഴി ചെലാനായി ഫീസ് അടയ്ക്കുന്നവർ ജൂലൈ 29നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. 

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന  പരീക്ഷ, ‌രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ (പേപ്പർ–1) കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ്  പരീക്ഷ  ആയിരിക്കും. ഒക്ടോബർ 6നാണ് പരീക്ഷ.  രണ്ടാം ഘട്ട (പേപ്പർ–2) പരീക്ഷ 2021 ജനുവരി 31നായിരിക്കും. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദ വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

 പരീക്ഷാ കേന്ദ്രം, കോഡ് ബ്രാക്കറ്റിൽ: കൊച്ചിയിലും (9204) തിരുവനന്തപുരത്തും (9211) പരീക്ഷാ കേന്ദ്രമുണ്ട്. 

അപേക്ഷിക്കുന്ന വിധം:  www.ssc.nic.in എന്ന വെബ്സൈറ്റ് വഴി  ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം.  അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.  

www.ssc.nic.in