ഇരട്ട തലയുള്ള അണലി; അപൂർവ ദൃശ്യങ്ങൾ കൗതുകമാകുന്നു

ഇരട്ട തലയുള്ള പാമ്പുകള്‍ അപൂര്‍വമാണ്. ടെലിവിഷനിലും മാസികകളിലും അല്ലാതെ ഇത്തരം പാമ്പുകളെ നേരിട്ട് കണ്ടിട്ടുള്ളവരും അത്യപൂര്‍വം.  എന്നാൽ അമേരിക്കയിലെ അര്‍ക്കൻസാസിലുള്ള റോഡ്നി കെല്‍സോയിക്ക് ഈ കാഴ്ച നേരിട്ടു കാണാനുള്ള ഭാഗ്യമുണ്ടായി. വീടിനകം വൃത്തിയാക്കുന്നതിനിടയിലാണ് ഇരട്ട തലയുള്ള പാമ്പിനെ കണ്ടെത്തിയത് . അണലി വർഗത്തില്‍ പെട്ട പാമ്പിന് ഏതാണ്ട് അഞ്ചടി നീളം ഉണ്ടായിരുന്നു.

പാമ്പിന്‍റെ ശീല്‍ക്കാരം പോലുള്ള ശബ്ദം കേട്ടാണ് റോഡ്നി കെല്‍സോ വീടിനകം പരിശോധിക്കാന്‍ തീരുമാനിച്ചത്. കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങള്‍ക്കിടയില്‍ പാമ്പിനെ തിരയുമ്പോള്‍ മുന്നില്‍ വരുന്നത് ഇരട്ട തലയുള്ള വിഷ പാമ്പായിരിക്കും എന്നു പ്രതീക്ഷിച്ചില്ല. ഏതായാലും പാമ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയ കെല്‍സോ അല്‍പ്പം പണിപ്പെട്ടാണെങ്കിലും പാമ്പിനു പരിക്കൊന്നും ഏൽപ്പിക്കാതെ അതിനെ സുരക്ഷിതമായി കാര്‍ഡ് ബോര്‍ഡ് പെട്ടിക്കകത്താക്കുന്നതില്‍ വിജയിച്ചു. വൈകാതെ തന്നെ പാമ്പിനെ ജോൺസ്ബറോയിലുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു. 

കഴുത്തില്‍ നിന്നാണ് പാമ്പിന്റെ രണ്ട് തലകളും രൂപപ്പെട്ടിരിക്കുന്നത്. രണ്ട് തലകള്‍ക്കും കണ്ണും വായും വിഷപ്പല്ലുമെല്ലാം ഉണ്ട്. ഇത്തരം പാമ്പുകള്‍ക്ക് അതിജീവനം ഏറെ പ്രയാസകരമാണ്. ഇഴയുന്നതില്‍ ഇവയ്ക്കുണ്ടാകുന്ന വേഗക്കുറവ് ഇര പിടിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇവിടെ കണ്ടെത്തിയ പാമ്പിന് ഏതാണ്ട് 5 വയസ്സു വരുമെന്നാണ് കണക്കാക്കുന്നത്. ഇത്ര കാലം ഈ പാമ്പ് ജീവനോടെ ഇരുന്നത് തന്നെ അത്ഭുതമെന്നാണ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ പ്രതികരിച്ചത്. അപൂർവ പാമ്പിനെ അവിടെത്തന്നെ സംരക്ഷിക്കാനാണ് തീരുമാനം.