നമീബിയയില്‍ ഹിപ്പോകള്‍ ചത്തു പൊങ്ങുന്നതിനു പിന്നിൽ?

നമീബിയയിലെ ബ്വാബ്വറ്റാ ദേശീയ പാര്‍ക്കിലാണ് ഹിപ്പോകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത്. ഇതുവരെ നൂറിലേറെ ഹിപ്പോകള്‍ ഇങ്ങനെ നദികളില്‍ ചത്തു പൊങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആന്ത്രാക്സ് ബാധയാണ് ഇവയുടെ കൂട്ടമരണത്തിനു കാരണമെന്നാണ് അധികൃതരുടെ നിഗമനം. ഹിപ്പോകള്‍ ചത്തു പൊങ്ങി തടാകങ്ങളിലും നദിയിലും മറ്റും ഒഴുകി നടക്കുന്നത് വലിയ ആശങ്കയാണ് പരത്തുന്നത്.

ഇതിനു മുന്‍പും നമീബിയയില്‍ ആന്ത്രാക്സ്  ബാധ മൂലം ഹിപ്പോകളും ആനകളും ചത്തിട്ടുണ്ട്. എന്നാല്‍ അന്ന് ഇത്ര വ്യാപകമായ രീതിയില്‍ ജീവികളെ ബാധിച്ചിരുന്നില്ല. ഇതുവരെ നമീബിയയില്‍ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ ആന്ത്രാക്സ് ബാധയാണിതെന്നാണ് കണക്കാക്കുന്നത്. ഇതു മറ്റു ജീവികളിലേക്കും മനുഷ്യരിലേക്കും പകരുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

ആന്ത്രാക്സ് തന്നെയാണ് മരണകാരണം എന്നു സ്ഥിരീകരിക്കാന്‍ രാജ്യാന്തര വന്യജീവി സംഘടനകള്‍ ശ്രമം തുടരുകയാണ്. ആന്ത്രാക്സാണെങ്കില്‍ അടിയന്തിരമായി നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്കു കാര്യങ്ങൾ നയിച്ചേക്കാം. ബസിലസ് ആന്ത്രാസിസ് എന്ന വൈറസാണ് ആന്ത്രാക്സ് രോഗം പരത്തുന്നത്. എന്നാല്‍ ഈ രോഗാണു പെട്ടെന്ന് ഒരു ജീവിയില്‍ നിന്ന് മറ്റൊരു ജീവിയിലേക്ക് പകരില്ല. അതുകൊണ്ടാണ് മരണ കാരണം ആന്ത്രാക്സ് ബാധയാണോ എന്ന സംശയം അന്താരാഷ്ട്ര സംഘടനകള്‍ പങ്കുവയ്ക്കുന്നത്.