ഹിപ്പോക്കൂട്ടത്തെ ആക്രമിച്ച സ്രാവിനു സംഭവിച്ചത്?

സ്രാവുകള്‍ കടലില്‍ ജീവിക്കുന്ന ജീവികളാണ്. ഹിപ്പോകള്‍ നദീതടങ്ങളിലും. അപ്പോള്‍ ഇവ തമ്മിലുള്ള ഏറ്റുമുട്ടലിന് വിദൂര സാധ്യതപോലും സാധാരണഗതിയില്‍ ഉണ്ടാകാറില്ല. എന്നാൽ ദക്ഷിണാഫ്രിക്കയില ക്രൂഗര്‍ ദേശീയ പാര്‍ക്കിലെത്തിയ ഏതാനും സഞ്ചാരികള്‍ക്ക് സ്രാവും ഹിപ്പോയും തമ്മിലുള്ള പോരാട്ടത്തിനു സാക്ഷ്യം വഹിക്കാനുള്ള അപൂർവ അവസരമുണ്ടായി. ലോകത്ത് ഏറ്റവും ഭയപ്പെടേണ്ട ജീവികളിലൊന്നായിട്ടും സ്രാവിനെ യാതൊരു കൂസലുമില്ലാതെയാണ് ഹിപ്പോക്കൂട്ടം നേരിട്ടത്.

ബുള്‍ ഷാര്‍ക്ക് ഇനത്തില്‍ പെട്ട സ്രാവാണ് ഹിപ്പോകളെ ആക്രമിക്കാനെത്തിയത്. കടലില്‍ ജീവിക്കുന്ന സ്രാവുകളാണെങ്കിലും ഇവയ്ക്ക് ശുദ്ധജലത്തിലും ജീവിക്കാന്‍ കഴിയും. ദക്ഷിണാഫ്രിക്കയിലെ തീരപ്രദേശങ്ങളിലുള്ള തടാകങ്ങളിലും നദികളിലുമെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്. ഇങ്ങനെയായിരിക്കാം ക്രൂഗര്‍ ദേശീയ പാര്‍ക്കിലെ നദിയിലേക്കും ഇവയെത്തിപ്പെട്ടത്. ഏതായാലും കൂറ്റന്‍ മുതലകളെ നേരിട്ടു ശീലിച്ച ഹിപ്പോകള്‍ക്ക് സ്രാവ് അത്ര വലിയ വെല്ലുവിളിയായില്ലെന്നാണ് പോരാട്ടത്തിന്റെ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.

നദിയിലിറങ്ങിയ ഹിപ്പോകൂട്ടത്തിനിടയിൽ പറ്റിയ ഇര തേടിയിറങ്ങിയതായിരുന്നു സ്രാവ്. തക്കം നോക്കി സ്രാവ് ഹിപ്പോ കൂട്ടത്തിനു ചുറ്റും ഒന്നു കറങ്ങുകയും ചെയ്തു. എന്നാല്‍ ഹിപ്പോകള്‍ ഇക്കാര്യം കരുതലോടെ തന്നെ വീക്ഷിച്ചു. സ്രാവ് അടുത്തേക്കെത്തുമ്പോഴൊക്കെ ഇവ ചാടി വീണാക്രമിക്കാന്‍ തുടങ്ങി. സ്രാവിന്റെ ചിറക് വെള്ളത്തിനു മുകളിലൂടെ വ്യക്തമായി കാണാമെന്നതിനാല്‍ ഹിപ്പോകള്‍ക്ക് സ്രാവ് അടുത്തെത്തുമ്പോഴെല്ലാം തയാറെടുക്കാനും സാധിച്ചു.

ചെറിയ വിരട്ടുകള്‍ കൊണ്ട് രക്ഷയില്ലെന്നറിഞ്ഞതോടെ ഹിപ്പോകള്‍ കൂട്ടത്തോടെ സ്രാവിനെ ആക്രമിക്കാന്‍ തുടങ്ങി. സ്രാവിനെ അവ ഒറ്റക്കെട്ടായി വിരട്ടിയോടിച്ചു. ഒന്നു രണ്ടു തവണ ഭാഗ്യം കൊണ്ടാണ് സ്രാവ് ഹിപ്പോയുടെ അപകടകരമായ കടിയില്‍ നിന്നു രക്ഷപെട്ടത്. പോരാട്ടത്തിനൊടുവില്‍ സ്രാവ് തന്നെ തോല്‍വി സമ്മതിച്ചു. 

ഹിപ്പോകള്‍ വെള്ളത്തിലിറങ്ങിയാല്‍ മലമൂത്ര വിസര്‍ജ്ജനം നടത്തും. ഇത് അനവധി മീനുകളെ ഈ ഭഗത്തേക്കാകര്‍ഷിക്കും. സ്രാവും ഹിപ്പോകള്‍ക്ക് അടുത്തേക്കെത്താന്‍ കാരണമായത് ഇതാവാം. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജീവികളായാണ് ഹിപ്പോകളെ കണക്കാക്കുന്നത്. വന്യജീവി ആക്രമണത്തില്‍ ആഫ്രിക്കയില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും മരിക്കുന്നത് ഹിപ്പോകളുടെ ആക്രമണത്തിലാണ്.