അഭ്യാസപപ്രകടനത്തിനിടെയിൽ യുവാവിന്റെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു; പിന്നീട് സംഭവിച്ചത്?

ഉത്തര്‍പ്രദേശിലെ മൗനാഥ് ഭഞ്ചനിലാണ് നിരവധി പേര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കെ പെരുമ്പാമ്പ് യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. പതിവായി കാണികൾക്കു മുന്നിൽ പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്ന യുവാവാണ് അപകടത്തിൽ പെട്ടത്. കാണികള്‍ക്ക് യുവാവ് ശ്വാസം കിട്ടാതെ പിടയുകയാണെന്ന് തിരിച്ചറിയാന്‍ തന്നെ സമയമെടുത്തു. ശ്വാസം കിട്ടാതെ തലകറങ്ങി യുവാവ് വീഴുന്നതുള്‍പ്പടെ ഏതാനും പേര്‍ മൊബൈലിലും പകര്‍ത്തുന്നുണ്ടായിരുന്നു. ഇതെല്ലാം അഭ്യാസത്തിന്റെ ഭാഗമാണെന്നാണ് കാഴ്ചക്കാര്‍ തെറ്റിദ്ധരിച്ചത്. അപകടം തിരിച്ചറിഞ്ഞപ്പഴേക്കും വൈകിപ്പോയിരുന്നു. 

മേഖലയില്‍ സ്ഥിരമായി പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്ന ആളാണ് യുവാവ്. എഴുന്നേറ്റു നിന്ന് നാല് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ അഭ്യാസം ആരംഭിച്ചത്. പെരുമ്പാമ്പ് ചുറ്റിവരിഞ്ഞതോടെ ഇയാള്‍ മുട്ടു കുത്തി ഇരിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. പാമ്പിന്റെ പിടി മുറുകിയതോടെ ഇയാൾ പാമ്പിനെ കഴുത്തില്‍ നിന്നു വിടുവിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴേക്കും ശ്വാസം കിട്ടാതെ യുവാവ് തളര്‍ന്നു പോയി. ദയനീയമായി യുവാവ് തളര്‍ന്ന് വീഴുന്നതാണ് പിന്നെ ദൃശ്യങ്ങളിലുള്ളത്.

നിരവധി പേര്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നുവെങ്കിലും പാമ്പുമായി സ്ഥിരം വരാറുള്ള യുവാവിന്റെ അഭിനയമാണിതെന്നാണ് കാണികൾ കരുതിയത്. ബോധരഹിതനായി വീണ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും അനങ്ങാതെ വന്നതോടെയാണ് മൂന്നു പേ‍ര്‍ ചേര്‍ന്ന് പാമ്പിനെ ഇയാളില്‍ നിന്ന് എടുത്തു മാറ്റിയത്. പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച് ഇയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.