ആശുപത്രിയിൽ ആറടി നീളമുള്ള മൂർഖൻ; പിടികൂടാൻ ശ്രമിച്ച ഡോക്ടർക്ക് സംഭവിച്ചത്?

ആശുപത്രിയിലേക്കു കയറാൻ ശ്രമിച്ച മൂർഖനെ പിടികൂടി ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർക്കു പാമ്പുകടിയേറ്റു.പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷൽറ്റി ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ പി.രമേശിനെയാണ് പാമ്പു കടിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡേ‍ാ. ആർ. പ്രഭുദാസ് അറിയിച്ചു.

പരിസരത്തെ പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ നിന്നാണു വെയിൽ ശക്തമായതേ‍ാടെ മൂർഖൻ ഇഴഞ്ഞ് ആശുപത്രിക്കു മുന്നിലെത്തിയത്. തണൽ കണ്ട് ആശുപത്രിയുടെ അകത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതിനിടെ ജീവനക്കാരും രോഗികളും ബഹളം വച്ചു. പലരും നാലുപാടും ഭയന്നോ‍ടുകയും ചെയ്തു.

ഡേ‍ാക്ടർ രമേശ് മൂർഖൻ പാമ്പിനെ പിടികൂടിയപ്പേ‍ാൾ...

സ്ഥലത്തെത്തിയ ഡോ.രമേശ് ചില ജീവനക്കാരുടെ സഹായത്തേ‍ാടെ പാമ്പിനെ പിടികൂടുകയായിരുന്നു. മുൻപും പാമ്പിനെ പിടിച്ച പരിചയം ഡോക്ടർക്കുണ്ട്. ആറടി നീളമുള്ള മൂർഖനെ ചാക്കിലേക്കു മാറ്റുന്നതിനിടെയാണ് ഇടതുകൈയ്ക്കു കടിയേറ്റത്.