നായയെ ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്; ഒടുവിൽ സംഭവിച്ചത്?

ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും നായയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ കൗതുകമാകുന്നു. തായ്‌ലൻഡിലാണ് ഒരുകൂട്ടം ചെറുപ്പക്കാർ മരണത്തിന്റെ വക്കിൽ നിന്നും ഒരു നായയെ രക്ഷപെടുത്തിയത്. കൂറ്റൻ പെരുമ്പാമ്പാണ് നായയെ ചുറ്റിവരിഞ്ഞത്.

നായയെ ചുറ്റിവരിഞ്ഞ് വലിയ പന്ത്പോലെ ഉരുണ്ടുകിടക്കുന്ന പാമ്പിനെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. നായയുടെ വാലും പിൻകാലകളും മാത്രമാണ് അവിടെ കൂടിയിരുന്നവർ കണ്ടത്. വലിയ കമ്പുകളും  ചൂലുമുപയോഗിച്ച് പാമ്പിന്റെ പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. പാമ്പ് വീണ്ടും ശക്തിയായി നായയുടെ മേലുള്ള പിടിമുറുക്കിയ ഒരു ഘട്ടത്തിൽ നായയുടെ ജീവൻ നഷ്ടപ്പെട്ടു എന്നുവരെ അവിടെയുണ്ടായിരുന്നവർ ശങ്കിച്ചു. എങ്കിലും അവർ പിന്‍മാറാൻ തയാറായിരുന്നില്ല.സമീപത്തു നിന്ന് മറ്റൊരു നായയും കുരച്ചും കടിച്ചും പാമ്പിന്റെ പിടിയിൽ നിന്ന് കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു

ഒടുവിൽ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പാമ്പിന്റെ വാലിൽ പിടിച്ചു വലിച്ചതോടെ പാമ്പിന്റെ പിടി ഒന്നയഞ്ഞു. വാലിൽ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചതോടെ നായയുടെ മേലുള്ള പിടിവിടാൻ കൂറ്റൻ പാമ്പ് നിർബന്ധിതനായി. ജീവനുംകൊണ്ടോടി രക്ഷപെട്ട നായയുടെ കാലിൽ പിടിക്കാൻ വീണ്ടും പാമ്പ് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും.

തായ്‌ലൻഡിലെ ചിയാങ് മയ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിനു സമീപമുള്ള ഒരു കമ്പനിയിലെ ജീവനക്കാരാണ് കൂറ്റൻ പെരുമ്പാമ്പിന്റെ പിടിയിലകപ്പെട്ട നായയെ സാഹസികമായി രക്ഷപെടുത്തിയത്. അകേ ശ്രീസുവാൻ എന്നയാളാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.