വഞ്ചിതുഴയുന്ന ആളെ വേട്ടയാടാന്‍ ശ്രമിച്ച കരടിക്ക് സംഭവിച്ചത്

കാനഡയിലെ ഇലാഹോ നദിയില്‍ വഞ്ചി തുഴയാന്‍ ഇറങ്ങിയ ആള്‍ക്കാണ് കരടിയുമായി ജീവന്‍മരണ പോരാട്ടം നടത്തേണ്ടി വന്നത്.ന്യൂസീലാൻഡുകാരനായ ജോനാതന്‍ സ്മിത്താണ് കരടിക്ക് മുന്നില്‍ അകപ്പെട്ടത്. ന്യൂസീലാൻഡിലെ കയാക്കിങ് ഗൈഡായ ജോനാതന്‍ തന്റെ പരിശീലനത്തിന്റെ ഭാഗമായാണ് കാനഡയിലെത്തിയത്. കരടി ആക്രമിക്കുമ്പോള്‍ ഒരു ചെറുതോണിയില്‍ ഒറ്റക്ക് വെള്ളച്ചാട്ടത്തിനരികിലേക്ക് തുഴയുകയായിരുന്നു ജോനാതന്‍.

കരടി നദിക്കരയില്‍ നില്‍ക്കുന്നത് കണ്ട പിന്നാലെ എത്തിയ റിവര്‍ റാഫ്റ്റിങ് സംഘമാണ് ജോനാതന് അപകട മുന്നറിയിപ്പ് നല്‍കിയത്. കരടി കരയില്‍ നില്‍ക്കുന്നത് കണ്ട് ആദ്യം ആ കാഴ്ച ആസ്വദിക്കുകയാണ് റിവര്‍ റാഫ്റ്റിങ് സംഘം ചെയ്തത്. എന്നാല്‍ കരടി നദിയിലേക്കിറങ്ങുന്നത് കണ്ടതോടെയാണ് അവര്‍ക്ക് അപകടം മനസ്സിലായത്. ജോനാതനെ ഉറക്കെ വിളിച്ച് വിവിരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്കില്‍ ജോനാതന്‍ ശബ്ദം കേട്ടില്ല.

ഇതിനിടെ കരടി വെള്ളത്തിലേക്കിറങ്ങി നീന്തി തുടങ്ങിയിരുന്നു. കരടി തൊട്ടടുത്ത് എത്താറയപ്പോഴായണ് ജോനാതന്‍ റാഫ്റ്റിങ് ടീമിന്റെ തുടര്‍ച്ചയായുള്ള അലര്‍ച്ച കേട്ടു തിരിഞ്ഞു നോക്കിയത്. റാഫ്റ്റിങ് ടീമിലെ ആരെങ്കിലും വെള്ളത്തില്‍ വീണിരിക്കാം എന്നാണ് താന്‍ കരുതിയതെന്ന് ജോനാതന്‍ പിന്നീടു പറഞ്ഞു. എന്നാല്‍ തിരിഞ്ഞു നോക്കിയപ്പോഴാണ് കരടി തൊട്ടു പുറകില്‍ നീന്തി വരുന്നത് കണ്ടത്. കരടിയുടെ കണ്ണുകളില്‍ തന്നെ തിന്നാനുറച്ചുള്ള ഭാവമാണ് കണ്ടതെന്ന് ജോനാതന്‍ പിന്നീട് പ്രതികരിച്ചു. ശക്തമായി തുഴഞ്ഞെങ്കിലും ഒഴുക്കിനൊപ്പം നീന്തി വേഗത്തില്‍ ജോനാതനടുത്തേക്ക് കരടി എത്തിക്കൊണ്ടിരുന്നു.

എന്നാല്‍ ഇതിനിടയില്‍ വള്ളം ഒരു ഇടുക്കിലേക്ക് പ്രവേശിച്ചത് ജോനാതന് തുണയായി. ഇവിടെ ശക്തമായ ഒഴുക്കുണ്ടെന്ന് മനസ്സിലാക്കിയ കരടി സ്വന്തം ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ മറുകരയിലേക്ക് തുഴഞ്ഞു കയറി. ഒരു പക്ഷെ ആ ഇടുക്ക് അവിടെ ഇല്ലായിരുന്നെങ്കില്‍ കരടി തന്നെ ആക്രമിച്ചേനെയെന്ന് തന്നെയാണ് ജോനാതന്റെ വിശ്വാസം. പിന്നാലെ എത്തിയ റാഫ്റ്റിങ് ടീം ഈ കാഴ്ചകള്‍ മുഴുവന്‍ ക്യാമറയിലാക്കിയിരുന്നു. പിന്നീട് ജോനാതന്‍ തന്നെയാണ് ഇവ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.