തിരിച്ചേൽപിക്കാം,പക്ഷേ ഉടമ ആരെന്നത് ‘ഡെയ്‌ലി’ തീരുമാനിക്കണം

ഡെയ്‌ലിയോടൊപ്പം അഖിൽ....

പ്രളയത്തിൽ മരിച്ചു ജീവിച്ച ഡെ‌യ്‌ലിക്ക് മാത്രമേ മുജ്ജന്മത്തിലെ തന്റെ പേരെന്തായിരുന്നെന്ന് അറിയൂ. പ്രളയം കവർന്നെടുക്കാതെ ബാക്കിവച്ച അൽപം ഉയിരുമായി ആലപ്പുഴയിലെ പുനരധിവാസ കേന്ദ്രത്തിൽ രണ്ടാംജന്മം ആരംഭിച്ചപ്പോൾ അവൾക്ക് ഇവിടെ ലഭിച്ച പേര് ‘ഡെയ്‌ലി’ എന്നാണ്. പീപ്പിൾ ഫോർ അനിമൽസിലെ അഖിൽ കൃഷ്ണയും കൂട്ടുകാരും ആ പേരു നീട്ടിവിളിക്കുമ്പോൾ ജർമൻ ഷെപ്പേർഡ് ഇനത്തിൽപെട്ട ആറു വയസ്സുകാരി സ്നേഹത്തോടെ വാലാട്ടി നിൽക്കും.

ഗേറ്റിനു പുറത്തേക്കു നീളുന്ന അവളുടെ കണ്ണുകൾ പ്രതീക്ഷിക്കുന്നുണ്ടാവും – എന്നെങ്കിലും തന്നെത്തേടി യഥാർഥ യജമാനൻ എത്തുമെന്ന്. പെരിയാർ സംഹാരതാണ്ഡവമാടിത്തുടങ്ങിയ ദിവസത്തിലാണു കളമശേരി ഭാഗത്തുനിന്നു ജർമൻ ഷെപ്പേർഡിനെ അഖിൽ കൃഷ്ണ രക്ഷിക്കുന്നത്. അലറിപ്പാഞ്ഞൊഴുകിയ വെള്ളത്തിൽനിന്ന് ഒരുവിധം കരകയറിയ നായയെക്കുറിച്ചു വിവരം കിട്ടുമ്പോൾ ആലപ്പുഴയിലെ വളർത്തു മൃഗങ്ങളെ രക്ഷിക്കുന്ന തിരക്കിലായിരുന്നു അഖിൽ.

അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് അഖിൽ കളമശേരിയിൽ എത്തിയത്. വെള്ളത്തിൽ വീണ് അവശനായ നായയെ കൂട്ടിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. കഷ്ടി എഴുന്നേറ്റു നടക്കാൻ മാത്രം സാധിച്ചിരുന്ന നായ് അനുസരണയുള്ളവളായിരുന്നു.  മികച്ച പരിശീലനം ലഭിച്ച നായ് വെള്ളത്തിൽ ഒഴുകിവന്നതോ, രക്ഷപ്പെട്ടോട്ടെ എന്നു കരുതി ഉടമ അഴിച്ചു വിട്ടതോ ആയിരിക്കാം എന്ന് അഖിൽ പറയുന്നു. പതിനെട്ടു കിലോഗ്രാം ആയിരുന്നു അഖിലിനു കിട്ടുമ്പോൾ നായയുടെ തൂക്കം.

അഖിലും കൂട്ടുകാരും അവൾക്കു ‘ഡെയ്‌ലി’ എന്ന പേരിട്ടു. മികച്ച ഭക്ഷണവും പരിചരണവും ലഭിച്ചതോടെ ഇപ്പോൾ 25 കിലോഗ്രാം ആയി ഉയർന്നു. മനുഷ്യരോട് അനുസരണയുണ്ടെങ്കിലും മറ്റു നായ്ക്കളെ അടുപ്പിക്കില്ല. വേറെയും നായ്ക്കളുണ്ട് അഖിലിന്റെ വീട്ടിൽ. പൊരുത്തക്കേട് ഉറപ്പ്. അതുകൊണ്ടു തന്നെ യഥാർഥ ഉടമ എത്തിയാൽ ‘ഡെയ്‌ലി’യെ തിരിച്ചേൽപിക്കുമെന്ന് അഖിൽ പറയുന്നു. പക്ഷേ, ഒറ്റക്കണ്ടീഷൻ– ഉടമ ആരെന്നത് ‘ഡെയ്‌ലി’ തന്നെ തീരുമാനിക്കണം.