വാസന്തിയും ലക്ഷ്മിയും പിന്നെ സുനിൽകുമാറും!

വാസന്തിയോടാണോ ലക്ഷ്മിയോടാണോ കൂടുതൽ ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാൽ സുനിൽകുമാറിൽ നിന്ന് ഒരു മന്ദഹാസം മാത്രമേ പ്രതീക്ഷിക്കാവൂ. കോന്നി അട്ടച്ചാക്കൽ കല്ലുവാരത്തിങ്കൽ സുനിൽകുമാർ എന്ന പാപ്പാന് തന്റെ ‘വാസന്തി’ എന്ന പിടിയാനയോടും മകൾ ലക്ഷ്മിയോടും സ്നേഹം ഒരുപോലെയാണ്. വാസന്തിക്ക് ലക്ഷ്മിയോടാണ് ഏറെ പ്രിയം. 

ചിറ്റൂർ കുടുംബത്തിലെ ഇളമണ്ണൂർ സ്വദേശി ബാലകൃഷ്ണപിള്ള കോന്നി ആനത്താവളത്തിൽ നിന്ന് ഈ പിടിയാനയെ ലേലത്തിൽ വാങ്ങുന്നത് അതിന്റെ നാലാം വയസ്സിലാണ്. 1971 കാലഘട്ടത്തിൽ മണ്ണാറപ്പാറ വനത്തിലെ വാരിക്കുഴിയിൽ നിന്നു ലഭിച്ച ആനക്കുട്ടിയാണിത്. വനംവകുപ്പിൽ‍ നിന്ന് ലേലത്തിൽ ആനയെ ലഭിക്കുമ്പോൾ സുനിൽകുമാറിന്റെ അച്ഛൻ ചെല്ലപ്പൻനായരായിരുന്നു പാപ്പാൻ. 

ഏഴാം ക്ലാസിൽ പഠനം നിർത്തിയ സുനിൽകുമാർ തന്റെ 13–ാം വയസ്സിൽ വാസന്തിയെ പരിചരിക്കാനായി ഒപ്പം കൂടി. ഇന്നിപ്പോൾ 36 വർഷം പിന്നിടുമ്പോഴും സുനിൽകുമാറിനൊപ്പമാണു വാസന്തിയും. ഉടമ മറ്റൊരാളാണെങ്കിലും ആനയെ പരിചരിക്കുന്നതും എഴുന്നള്ളത്തിനു കൊണ്ടുപോകുന്നതും തടിപിടിപ്പിക്കുന്നതും അടക്കം എല്ലാം സുനിൽകുമാറാണ്. 

സ്വന്തം വീട്ടുപറമ്പിലാണ് ആനയെ താമസിപ്പിക്കുന്നത്. രാവിലെ വീടിന്റെ അടുക്കള വാതിലിലെത്തി സുനിലിന്റെ ഭാര്യയിൽ നിന്ന് ചോറുരുള വാങ്ങിക്കഴിച്ചിട്ടാകും വാസന്തിയുടെ ദിവസം ആരംഭിക്കുക. ഇവിടെ നിന്നു മാത്രമല്ല, വഴിയരികിലെ മിക്ക വീട്ടുകാരും സ്നേഹത്തോടെ പഴവും മറ്റുമായി കാത്തുനിൽക്കും. വൈകിട്ടു ജോലി കഴിഞ്ഞു തിരിച്ചുള്ള വരവിലും ഇങ്ങനെയായിരിക്കും.

 53 വയസ്സുള്ള വാസന്തിയെ അനുസരിപ്പിക്കാൻ സുനിൽകുമാറിന് തോട്ടിയുടെയും വടിയുടെയും ആവശ്യമില്ല. തന്റെ ശബ്ദം മാത്രം മതി. കാലിൽ ചങ്ങലയോ ഇടച്ചങ്ങലയോ വാസന്തിക്ക് ആവശ്യമില്ല. ഒരിക്കൽ ഉണ്ടായ ദുരനുഭവം മാത്രമാണ് ഇത്രനാളിനിടയിലും വേദനയായി നിലനിൽക്കുന്നത്. ഒരിക്കൽ ആഞ്ഞിലികുന്നിൽ റോഡ് വശത്ത് നിന്ന വാസന്തി യാത്രക്കാരിയായ സ്ത്രീയെ രക്ഷപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. 

ബസ് കയറാനായി ഓടിവന്ന സ്ത്രീ കാൽതട്ടി റോഡിലേക്കു വീണു. ഇതുകണ്ട ആന വാഹനം കടന്നുവരാതിരിക്കാനായി റോഡിൽ കയറി നിന്നാണ് യാത്രക്കാരിയെ രക്ഷപ്പെടുത്തിയത്. അൽപം ലഹരിയുടെ പിടിയിലായ സുനിൽകുമാർ ആനയുടെ ഇടയിൽ കയറിക്കിടന്നു രക്ഷപ്പെട്ട കഥയും ഉണ്ട്.