മൂർഖൻ പാമ്പിനെ കഴുത്തില ണിഞ്ഞ യുവാവിനു ദാരുണാന്ത്യം; വിഡിയോ

Representative Image

പാമ്പാട്ടി പറഞ്ഞതനുസരിച്ച് മൂർഖനെ കഴുത്തിൽചുറ്റിയ യുവാവിനു ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലാണ് ദാരുണമായ സംഭവം നടന്നത്.  ജഗദീഷ് എന്ന ഇരുപത്തിനാലുകാരനാണ് പാമ്പു കടിയേറ്റു മരിച്ചത്. പാമ്പിനെ കൂടയിൽ വച്ച് ആൾക്കൂട്ടത്തെ ആകർഷിച്ച  പാമ്പാട്ടി, ഇതിനിടയിൽ ജനക്കൂട്ടത്തിൽ നിന്നും ജഗദീഷിനെ വിളിച്ചുവരുത്തി പാമ്പിനെ കഴുത്തിൽ അണിയാൻ നിർദേശിക്കുകയായിരുന്നു

പാമ്പാട്ടിയുടെ വാക്കുകൾ കേട്ട യുവാവ് സംശയമേതുമില്ലാതെ അയാൾ പറഞ്ഞത് അനുസരിക്കുകയും ചെയ്തു. ജഗദീഷിന്റെ സുഹൃത്താണ് ജഗദീഷ് പാമ്പിനെ കഴുത്തിലണിയുന്ന ദൃശ്യങ്ങൾ പകർത്തിയത്. കഴുത്തിൽ മൂർഖനെ ചുറ്റിയ ശേഷം തിരികെ പാമ്പാട്ടിയുടെ കൈയിലേക്കു  പാമ്പിനെ നൽകുമ്പോഴാണ് ഇയാൾക്കു പാമ്പു കടിയേറ്റത്.

ഉടന്‍ തന്നെ ജഗദീഷ് ബോധരഹിതനായി വീണു. പ്രദേശത്തുണ്ടായിരുന്നവര്‍ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പാമ്പാട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.