ചെവികളില്ലാതെ ശബ്ദം കേള്‍ക്കാനാകുമോ ? കഴിയുമെന്നാണ് സസ്യങ്ങളില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യരുടേതിനോ മറ്റു പല മൃഗങ്ങളുടേതിനോ സമാനമായിട്ടല്ലെങ്കിലും ശബ്ദങ്ങള്‍ തിരിച്ചറിയാനും അതിനോടു പ്രതികരിക്കാനും സസ്യങ്ങള്‍ക്കും സാധിക്കുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നു. ഈവനിങ് പ്രിംറോസസ് എന്ന സസ്യങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍. 

കേരളത്തിലെ നാല് മണി പൂക്കള്‍ക്കു സമാനമായ ചെടികളാണ് ഒയ്നതോറ ഡ്രുമണ്ടില്‍ എന്ന ശാസ്ത്രീയ നാമമുള്ള ഈവനിങ് പ്രിംറോസസ് എന്ന ചെടികള്‍. ഈ ചെടികള്‍ പൂക്കള്‍ വിരിയുന്ന സമയത്ത് സമീപത്തു കൂടി പോകുന്ന വണ്ടുകളുടെയും തേനീച്ചകളുടെയും ശബ്ദങ്ങളോടു പ്രതികരിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ ശബ്ദം തിരിച്ചറിയുന്ന ചെടികള്‍ പൂക്കളിലൂടെ ഈ ജീവികളെ ആകര്‍ഷിക്കാനുള്ള മണങ്ങള്‍ കൂടുതല്‍ പുറപ്പെടുവിക്കുന്നുവെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഈ സമയത്ത് പൂക്കളിലെ ഷുഗറിന്‍റെ അളവ് 20 ശതമാനം വരെ വർധിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

കൂടാതെ ഇത്തരം സമയങ്ങളില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ശബ്ദം മാത്രം തിരഞ്ഞെടുക്കാനുള്ള കഴിവും പൂക്കള്‍ക്കുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. വണ്ടുകളുടെയും തേനീച്ചകളുടെയും ശബ്ദങ്ങള്‍ ഒഴികെയുള്ള ശല്യമായേക്കാവുന്ന മറ്റു ശബ്ദങ്ങളെ സ്വീകരിക്കാതിരിക്കാനും ചെടികള്‍ക്കു കഴിയുന്നുണ്ട്. ഉദാഹരണത്തിന് കാറ്റ് വീശുന്ന ശബ്ദം പോലും ഏതാനും സമയത്തേക്ക് ഇവ സ്വീകരിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. സ്വന്തം പരാഗണ സാധ്യത വർധിപ്പിക്കുന്നതിനായി ചില ചെടികള്‍ പരിണാമത്തിലൂടെ ഈ കഴിവ് ആര്‍ജ്ജിച്ചെടുത്തതാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. വണ്ടുകളും മറ്റും പരാഗണം നടത്തുന്ന മിക്ക ചെടികളുടേയും പൂക്കള്‍ "ബൗള്‍ " ആകൃതിയില്‍ കാണപ്പെടുന്നതിനു കാരണം ശബ്ദം വേഗത്തില്‍ ലഭിക്കാനാണെന്നും ഗവേഷകര്‍ പറയുന്നു. 

ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. പരീക്ഷണ ശാലയിലെ ചെടികളില്‍  വണ്ടുകളുടേതിനു സമാനമായ ശബ്ദം കൃത്രിമമായി കേള്‍പ്പിച്ചു. തുടര്‍ന്ന് ഇങ്ങനെ ശബ്ദം കേള്‍ക്കുന്ന സമയത്തും മറ്റുള്ള സമയങ്ങളിലും ചെടികളിലെ പൂക്കളിലുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തി. കൂടാതെ ശബ്ദം പല അളവിലും പല ഫ്രീക്വന്‍സിയിലും കേള്‍പ്പിച്ചു. ഇതോടെയാണ് ഓരോ സമയത്തും പൂക്കളില്‍ വ്യത്യസ്തമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. 

വണ്ടുകളുടെ ശബ്ദം ഉയര്‍ന്ന് അളവില്‍ കേള്‍പ്പിച്ചപ്പോള്‍ മൂന്ന് മിനിട്ടിനുള്ളില്‍ പൂക്കളുടെ പരാഗണ സ്ഥലത്ത് മാറ്റങ്ങള്‍ ഉണ്ടാവുകയും അവിടെ മധുരം നിറയുകയും ചെയ്തു. ഇതേ ശബ്ദം അല്‍പ്പം കൂടി കുറഞ്ഞ അളവില്‍ കേള്‍പ്പിച്ചപ്പോള്‍ പൂക്കളില്‍ മാറ്റം ഉണ്ടാകുന്നതിന് ഏഴു മിനിട്ടോളം സമയമെടുത്തു. അതേസമയം തീരെ കുറഞ്ഞ അളവിലുള്ള ശബ്ദത്തോടും നിശബ്ദതയോടും ഇവ പ്രതികരിച്ചില്ല. വണ്ടുകള്‍ ഉള്‍പ്പടെ പരാഗണത്തിനു സഹായിക്കുന്ന ജീവികളുടേതല്ലാത്ത മറ്റൊരു ശബ്ദത്തോടും ചെടികള്‍ പ്രതികരിച്ചില്ല. എന്നാല്‍ മറ്റു ശബ്ദങ്ങള്‍ക്കൊപ്പം തന്നെ വണ്ടുകളുടെ ശബ്ദം കേള്‍പ്പിച്ചപ്പോള്‍ ചെടികളില്‍ നിന്ന് പ്രതികരണമുണ്ടാവുകയും ചെയ്തു. ഇതില്‍ നിന്നാണ് വേണ്ട ശബ്ദങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ചെടികൾക്കു കഴിയുമെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.