ജൈവവൈവിധ്യ മേഖലകളിൽ ഉൾപ്പെടെയുള്ള  പുഴയോരങ്ങളിലെ  മരങ്ങൾ ഓരോന്നായി നശിക്കുമ്പോഴും കാഴ്ചക്കാരായി മാറുകയാണ്  അധികൃതർ. ജൈവവൈവിധ്യകേന്ദ്രങ്ങളായ ആലക്കോട് പന്ത്രണ്ടാംചാൽ, ശാന്തിസ്ഥൽ, ഈയ്യഭരണി തുരുത്ത് എന്നിവിടങ്ങളിലും രയറോം ആറാട്ടുകടവ്, കരിങ്കയം, മണിക്കൽ, തടിക്കടവ്, ഓടക്കടവ്,  ഉറൂട്ടേരി എന്നിവിടങ്ങളിലുമാണ് മരങ്ങൾ കടപുഴകിയും ഉണങ്ങിയും നശിക്കുന്നത്. മഴക്കാലത്ത് കരയിടിച്ചിലിനെ തുടർന്നാണ് മിക്ക മരങ്ങളും  കടപുഴുകുന്നത്. ഇവ പിന്നീട് ഉണങ്ങി നശിക്കുന്നു.

വർഷങ്ങൾ കൊണ്ടു ജീർണാവസ്ഥയിലുമാകുന്നു.  പതിറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങളാണ് ഇത്തരത്തിൽ നശിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് മരങ്ങൾ തിങ്ങി നിറഞ്ഞിരുന്ന മലയോരത്തെ പുഴയോരങ്ങളിൽ ഇന്ന്  മരങ്ങളുടെ എണ്ണം പരിമിതമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ജൈവവൈവിധ്യകേന്ദ്രങ്ങളിൽ മാത്രം അഞ്ഞൂറിലധികം വൻമരങ്ങൾ നശിച്ചതായി കണക്കാക്കപ്പെടുന്നു. നൂറിലധികം വർഷം പഴക്കമുള്ള മരങ്ങളും ഇതിൽപ്പെടുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പന്ത്രണ്ടാംചാൽ വർഷങ്ങൾക്കു  മുമ്പ് ജൈവവൈവിധ്യമേഖലയായി പ്രഖ്യാപിക്കപ്പെട്ടതാണ്.

വിവിധ തരത്തിലുള്ള മരങ്ങളും ജീവജാലങ്ങളും കൊണ്ട് അനുഗ്രഹീതമായതിനാലാണ്  പ്രദേശത്തെ ജൈവവൈവിധ്യമേഖലയായി പ്രഖ്യാപിച്ചത്. മംഗര ബദരിയാനഗറിലെ ശാന്തിസ്ഥലും ജൈവസമ്പത്തുക്കളാൽ സമ്പുഷ്ടമാണ്. ഇവിടെയും പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളാണ് അന്യാധീനപ്പെടുന്നത്.  മണ്ണൊലിപ്പും കരയിടിച്ചിലും മൂലം കടപുഴുകുന്ന മരങ്ങൾ ഉണങ്ങുകയും ക്രമേണ ജീർണിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെയുമുള്ളത്. വർഷങ്ങൾക്കുമുമ്പ് നിലംപൊത്തിയ  നിരവധി മരങ്ങൾ ജീർണിച്ച നിലയിൽ ഇവിടങ്ങളിൽ കാണാം. ഒട്ടേറെ മരങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. അതേസമയം ഇവ സംരക്ഷിക്കാനുള്ള നടപടികളൊന്നും തന്നെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കടപുഴുകുന്ന മരങ്ങൾ യഥാസമയം സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയോ ലേലം ചെയ്തു സർക്കാരിലേക്കു വരുമാനമുണ്ടാക്കാനോ അധികൃതർ തയാറാകുന്നില്ല.