തണുപ്പുകാലം അവസാനിച്ചതിനാൽ വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ അന്തരീക്ഷ താപനില 2ഡിഗ്രി വരെ ഉയർന്നേക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഒരാഴ്ച ചെന്നൈ നഗരത്തിലെ കൂടിയ താപനില 34 ഡിഗ്രിയും കുറഞ്ഞ താപനില 28 ഡിഗ്രിയും ആയിരിക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. നിലവിൽ നഗരത്തിലെ കൂടിയ താപനില 32 ഡിഗ്രിയാണ്. രാത്രികാലങ്ങളിലും ചൂടു കൂടും.

തമിഴ്നാട്ടിൽ സേലത്താണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്; 38.3 ഡിഗ്രി. തിരുച്ചിറപ്പള്ളി, വെല്ലൂർ, ധർമപുരി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും താപനില ഉയർന്നു തുടങ്ങി. എന്നാൽ സംസ്ഥാനത്തു ചിലയിടങ്ങളിൽ ശക്തികുറഞ്ഞ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ഇത്തവണ വേനൽ ശക്തിപ്പെട്ടാൽ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നാണു വിലയിരുത്തൽ. നഗരത്തിലെ പ്രധാന ജലസംഭരണികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ജലത്തിന്റെ അളവ് 80 ശതമാനത്തോളം കുറവാണ്.

കഴിഞ്ഞ വർഷം ഇതേ സമയം നഗരത്തിലെ റിസർവോയറുകളിൽ 5,004 ദശലക്ഷം ഘനയടി വെള്ളമുണ്ടായിരുന്നിടത്ത് ഇന്നലെ വൈകിട്ടത്തെ കണക്ക്  അനുസരിച്ച് 972 ദശലക്ഷം ഘനയടി ജലം മാത്രമാണുള്ളത്. സംസ്ഥാനാന്തര നദികളിൽ നിന്നു കൂടുതൽ വെള്ളമെത്തിച്ചും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളിലെ ഉൽപാദനം വർധിപ്പിച്ചും ജലക്ഷാമത്തെ നേരിടുമെന്നാണു മെട്രോ വാട്ടർ അതോറിറ്റിയുടെ വിശദീകരണം.