കടുത്ത വേനൽച്ചൂടിൽ അങ്ങാടിക്കുരുവികൾ ചത്തുവീഴുന്നു. വയനാട്ടിൽ പ്രളയശേഷം ഒരാഴ്ചയ്ക്കിടയിൽ ഉണ്ടായ വരൾച്ചയിൽ മണ്ണിരകളും ഇരുതലമൂരികളും വൻതോതിൽ കൃഷിയിടങ്ങളിലും മറ്റും ചത്തതിനു പിന്നാലെയാണ് ചെറുകുരുവികൾ ചത്തുവീഴുന്നത്. 3 ദിവസമായി നടവയലിലും പനമരത്തും മറ്റും ഒന്നും രണ്ടുമായി അങ്ങാടിക്കുരുവികൾ ചത്തു. ചൂട് അസാധാരണമായ വിധം കടുത്തതും കുടിവെള്ളം കിട്ടാത്തതുമാകാം കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.

വർഷം തോറും മാർച്ച് 20ന് ആചരിക്കാറുള്ള അങ്ങാടിക്കുരുവി ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്സസിന്റെ, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ഡേറ്റാ ബുക്കിലാണ് അങ്ങാടിക്കുരുവികളുടെ സ്ഥാനം. കീടനാശിനികളും മൊബൈൽ ടവറുകളിലെ വികിരണവുമാണ് ഇവ അപ്രത്യക്ഷമാകാൻ കാരണമെന്നും ആരോപണമുണ്ട്.