കടുത്ത വരൾച്ചയും പൊള്ളുന്ന ചൂടും കാട്ടുതീയും കാരണം തീറ്റയില്ലാതെ മസിനഗുഡിയിലെ കന്നുകാലികൾ ചത്തൊടുങ്ങുന്നു. ഗൂഡല്ലൂരും മസിനഗുഡിയും പരിസര പ്രദേശങ്ങളെല്ലാം കടുത്ത വരൾച്ചയിലാണ്. ഒരാഴ്ചയായി നീണ്ട് നിന്ന കാട്ടുതീയിൽ പച്ചപ്പ് പൂർണമായും ഇല്ലാതായി. പച്ചപ്പ് ഇല്ലാതായതോടെ വന്യമൃഗങ്ങൾ മറ്റ് വനങ്ങളിലേക്ക് പലായനം ചെയ്തു. ഗ്രാമ പ്രദേശങ്ങളിൽ നിരവധി കന്നുകാലികൾ ചത്തൊടുങ്ങിയിട്ടുണ്ട്. മായാട് മേഖലയിൽ 2 കന്നുകാലികളെ ചത്തനിലയിൽ കണ്ടെത്തി. പാലുൽപാദനം ഗണ്യമായി കുറഞ്ഞു. പാൽ കുറഞ്ഞതോടെ കർണാടകയിൽ നിന്ന് പാൽ കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്. 

മസിനഗുഡിക്കാരുടെ കുലത്തൊഴിൽ കൂടിയാണ് കാലിവളർത്തൽ. 2 വർഷം മുമ്പ് വരൾച്ചയിൽ ഒട്ടേറെ കന്നുകാലികൾ ചത്തൊടുങ്ങിയിരുന്നു. തുടർന്ന് സന്നദ്ധ സംഘടനകളും ക്ഷീരവകുപ്പും പച്ചപുല്ലും വൈക്കോലും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്താണ് നാൽക്കാലികളെ സംരക്ഷിച്ചത്. കന്നുകാലികളെ സംരക്ഷിക്കാൻ ക്ഷീര വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വീട്ടിൽനിന്ന് ഉടമസ്ഥർ അഴിച്ചുവിട്ട അലഞ്ഞുതിരിഞ്ഞു മേയുന്ന കാലികളാണ് ചത്തത്. പൊള്ളുന്ന ചൂടിൽ കുഴഞ്ഞുവീഴുന്ന കന്നുകാലികളുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണു മരണകാരണമെന്നാണു സംശയം.