ഇതാണോ വരണ്ട കാഴ്ചകളും പൊള്ളുന്ന ചൂടുമുള്ള മരുഭൂമിയെന്ന് ആരും ചോദിക്കും ഇപ്പോള്‍ കലിഫോര്‍ണിയ മരുഭൂമി കണ്ടാല്‍? ലോകത്ത് മഞ്ഞു പെയ്യുന്നതും പൂക്കൾ നിറഞ്ഞ് പൂന്തോട്ടമായി മാറുന്നതുമായ ഒരേയൊരു ഉഷ്ണമേഖലാ മരുഭൂമിയാണ് കലിഫോര്‍ണിയയിലേത്. ഇക്കുറിയും ഇവിടെ പൂക്കാലം പതിവു തെറ്റിച്ചില്ല. മാര്‍ച്ച് മാസത്തില്‍ വസന്തകാലമെത്തിയതോടെ പൂക്കളുടെ താഴ്‌വരയായി മാറിയിരിക്കുകയാണ് കലിഫോര്‍ണിയ മരുഭൂമി. മഞ്ഞയും പര്‍പ്പിളും നിറമുള്ള കാട്ടു പൂക്കളാണ് ഇവയിലേറെയും. 

തുടക്കം ഡിസംബറില്‍

ഡിസംബര്‍ അവസാനത്തോടെ പൂക്കുന്ന മരുഭൂമിയിലെ ലില്ലിപ്പൂക്കളോടെയാണ് കലിഫോര്‍ണിയയിലെ പൂക്കാലത്തിനു തുടക്കമാകുക. പക്ഷേ കലിഫോര്‍ണിയ മരുഭൂമി പൂക്കളുടെ താഴ്‌വരയായി മാറുന്നത് കാണാന്‍ പിന്നെയും ആഴ്ചകൾ കാത്തിരിക്കാണം. ഫെബ്രുവരിയുടെ തുടക്കത്തില്‍ പിങ്ക് ബിഗേലോ മങ്കി ഫ്ലവര്‍ എന്ന പൂക്കള്‍ മരുഭൂമിയില്‍ വ്യാപകമായി പൂക്കുന്നതോടെയാണ് കാഴ്ചയുടെ വസന്തം ആരംഭിക്കുന്നത്. വൈകാതെ പാരിഷ് പോപ്പി, പര്‍പ്പിള്‍ സാന്‍ഡ് വെര്‍ബേന, ഗോസ്റ്റ് ഫ്ലവര്‍ എന്നിങ്ങനെ ഓരോന്നോരോന്നായി പൂത്തു തുടങ്ങും. ഒടുവില്‍ യെല്ലോ ഈവനിങ് പ്രൈം റോസ് പൂക്കുന്നതോടെയാണ് ഈ പൂക്കാലം അവസാനിക്കുന്നത്.

മണലുകള്‍ക്കടിയില്‍ വിത്ത് മുളയ്ക്കുന്നതെങ്ങനെ

ഒരു പാടു പോലും അവശേഷിപ്പിക്കാതെ മറഞ്ഞു പോയിട്ട് പിറ്റേ വര്‍ഷം അതേ സീസണില്‍ വീണ്ടും തല പൊക്കുന്ന പല ചെടികളെയും നമുക്കറിയാം. മണ്ണില്‍ ഒളിച്ചു കിടക്കുന്ന വിത്തുകളാണ് ഇതിനു പിന്നില്‍. എന്നാല്‍ മരുഭൂമിയില്‍ വെള്ളമോ തണലോ ഇല്ലാതെ മണല്‍പ്പരപ്പിനിടയില്‍ ഈ വിത്തുകള്‍ നശിക്കാതെ കിടക്കുന്നത് അദ്ഭുതകരം തന്നെയാണ്. ഈ ചെടികളുടെ വിത്തുകളുടെ പുറത്തുള്ള മെഴുകു കൊണ്ടുള്ള സംരക്ഷണ കവചമാണ് ഇവയെ ഇതിനു സഹായിക്കുന്നത്. കട്ടിയുള്ള ഈ മെഴുക് കവചം ഒന്നല്ല പല വര്‍‍ഷത്തേക്കു യാതൊരു കേടുപാടും കൂടാതെ വിത്ത് സംരക്ഷിക്കാന്‍ കെല്‍പ്പുള്ളവയാണ്.

കൃത്യമായ അളവിലുള്ള താപനിലയും വെള്ളവും ലഭ്യമാകുന്ന സമയത്ത് ഇവ വീണ്ടും മുളച്ചു വരും. കലിഫോര്‍ണിയ മരുഭൂമിയില്‍ മിക്കപ്പോഴും ഈ വിത്തുകള്‍ക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നത് ശൈത്യകാലത്ത് ഇവിടെ പെയ്യുന്ന മഞ്ഞാണ്. വംശനാശം സംഭവിച്ചെന്നു കരുതിയ ചെടികള്‍പോലും പെട്ടെന്നൊരു ദിവസം മുളച്ചു വരുമെന്ന് ഈ പ്രദേശം സ്ഥിരമായി നിരീക്ഷിക്കുന്ന ഗവേഷകര്‍ പറയുന്നു. 

പൂക്കളോടൊപ്പം എത്തുന്ന പൂമ്പാറ്റകളും

പൂക്കള്‍ സൃഷ്ടിക്കുന്ന മനോഹാരിതയ്ക്കൊപ്പം തന്നെ കൗതുകമേകുന്നതാണ് ഈ പൂക്കളിലെ തേൻ നുകരാൻ ഇവിടേക്കെത്തുന്ന ചിത്രശലഭങ്ങളും. ഈ ചിത്രശലഭങ്ങള്‍ പൂച്ചെടികളുടെ പ്രജനനത്തിനു സഹായിക്കും. കൂടാതെ ഇവയും ഈ കാലഘട്ടത്തിലാണ് പ്രജനനം നടത്തുന്നത്. ഇവയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ പറക്കാന്‍ പ്രായമാകും വരെ ഈ ചെടികള്‍ ഭക്ഷിച്ചാണ് ഇവിടെ ജീവിക്കുക. പുഴുക്കള്‍ പൂമ്പാറ്റകളായി പറന്നു പോകുന്നതിനു പിന്നാലെ വേനലെത്തുകയും ചെടികള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുകയും ചെയ്യും.

സാധാരണ പത്ത് വര്‍ഷത്തിലൊരിക്കലാണ് മരുഭൂമിയില്‍ ഒട്ടാകെ ഇവ കൂട്ടത്തോടെ പൂവിടുന്നത്. അതുവരെയുള്ള ഇടവേളകളില്‍ ഓരോ പ്രദേശത്തായി മാത്രമാണ് ഇവ മുളച്ചുപൊന്തുക. പക്ഷെ ഇക്കുറി 2017 ല്‍ കൂട്ടത്തോടെ പൂക്കളെത്തിയ ശേഷം രണ്ട് വര്‍ഷത്തിനിടെയാണ് 2019 ല്‍ സമാനമായ കാഴ്ച കലിഫോര്‍ണിയ മരുഭൂമിയൊരുക്കിയത്. ഇക്കുറി നേരത്തെ ശൈത്യകാലമെത്തിയതും ശൈത്യകാലത്തു പെയ്ത മഴയുമാണ് പൂച്ചെടികള്‍ വളർന്നു പൂവിടാൻ കാരണമായതെന്നാണ് കരുതുന്നത്.