ലോകത്തിലെ ഭൗമപ്രതിഭാസങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ എപ്പോഴും വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ടിബറ്റന്‍ പ്ലാറ്റോ അഥവാ ടിബറ്റന്‍ പീഠഭൂമി. നമ്മുടെ കേരളത്തില്‍ പെയ്യുന്ന ഇടവപ്പാതി ഉള്‍പ്പടെ ഏഷ്യയിലാകെയുള്ള കാലാവസ്ഥാ മാറ്റങ്ങളെ നിയന്ത്രിക്കുന്നത് ഏറെക്കുറെ ടിബറ്റന്‍ പീഠഭൂമിയാണ്. ഇന്ത്യയെന്ന പേരിനു തന്നെ കാരണമായ സിന്ധു നദിയും ഇന്ത്യയിലെ ജലത്തിന്‍റെ അളവെടുത്താല്‍ ഏറ്റവും വലിയ നദിയായ ബ്രഹ്മപുത്രയും ഉദ്ഭവിക്കുന്നതും ഈ ടിറ്റന്‍ പീഠഭൂമിയില്‍ നിന്നാണ്. ഇന്ത്യ മാത്രമല്ല വലിയൊരളവില്‍ ചൈനയിലേക്കും പല തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും വെള്ളമെത്തുന്നതും ടിബറ്റില്‍ നിന്ന് ഉദ്ഭവിക്കുന്ന നദികളിൽ നിന്നാണ്.

വളരുന്ന പീഠഭൂമി

രാഷ്ട്രീയമായും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഇത്തരത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള പ്രദേശമാണ് ടിബറ്റന്‍ പീഠഭൂമി. വര്‍ഷം തോറും നിശ്ചിത അളവില്‍ ഉയരം വയ്ക്കുന്നു എന്നതാണ് ടിബറ്റന്‍ പീഠഭൂമിയുടെ മറ്റൊരു പ്രത്യേകത. വര്‍ഷത്തില്‍ ഏതാണ്ട് 5 മില്ലി മീറ്റര്‍ എന്ന തോതിലാണ് ഉയരം വർധിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഇന്തോ- ഓസ്ട്രേലിയന്‍ ഭൗമപാളി യൂറേഷ്യന്‍ പാളിയിലേക്കിടിച്ചു കയറുന്നതിന്‍റെ ഭാഗമായാണ് ഹിമാലയവും ടിബറ്റന്‍പീഠഭൂമിയും രൂപപ്പെട്ടതും ഇപ്പോള്‍ ഉയരം വച്ചുകൊണ്ടിരിക്കുന്നതും.

ടിബറ്റന്‍ പീഠഭൂമിയുടെ പ്രായം

ചൈനീസ് ഭൗമശാസ്ത്രജ്ഞനായ സു താവോ ആണ് ടിബറ്റന്‍ പീഠഭൂമി മുന്‍പ് കണക്കാക്കിയിരുന്നതിലും വൈകിയാണ് രൂപം കൊണ്ടതെന്ന വാദം ഇപ്പോള്‍ ഉയര്‍ത്തുന്നത്. ടിബറ്റില്‍ നിന്നു ലഭിച്ച 2.5 കോടി വര്‍ഷം പഴക്കമുള്ള പനമരങ്ങളുടെ ഫോസിലുകളാണ് ഈ നിഗമനത്തിനു പിന്നില്‍. പീഠഭൂമിയിലെ ലുന്‍പോല താഴ്‌വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്. കടല്‍നിരപ്പില്‍ നിന്ന് 2 കിലോമീറ്റര്‍ ഉയരത്തില്‍ വരെ മാത്രമാണ് പനമരങ്ങള്‍ വളരുക. ഫോസിലുകള്‍ കണ്ടെത്തിയ പ്രദേശം ഇപ്പോള്‍ ഏതാണ്ട് 4.5 കിലോമീറ്റര്‍ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ലുന്‍പോവാലി ഏകദേശം 3 കിലോമീറ്ററെങ്കിലും താഴ്ന്നു സ്ഥിതി ചെയ്ത കാലഘട്ടത്തിലെ ആയിരിക്കാം ഈ ഫോസിലുകളെന്നു സു താവോ കണക്കുകൂട്ടുന്നു. ഇതിലൂടെ 2.5 കോടി വര്‍ഷങ്ങള്‍ മുന്‍പ് പീഠഭൂമി ഇത്ര തന്നെ താഴ്ചയിലായിരുന്നു സ്ഥിതി ചെയ്തിരുന്നതെന്നും സു താവോ വാദിക്കുന്നു. സു താവോ മുന്നോട്ടു വച്ചിരിക്കുന്ന ഈ കണക്കുകള്‍ നിലവിലെ പീഠഭൂമിയുടെ ഉദ്ഭവസമയമായി ശാസ്ത്രം കണക്കാക്കിയിരിക്കുന്ന കാലഘട്ടവുമായി പൊരുത്തപ്പെടുന്നവയല്ല. 

മുന്‍പുള്ള പഠനങ്ങള്‍

സു താവോയുടെ കണ്ടെത്തല്‍ മാറ്റി നിര്‍ത്തിയാല്‍ ഇതുവരെയുള്ള ഭൂരിഭാഗം പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പീഠഭൂമിക്ക് 4 മുതല്‍ 10 കോടി വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്. അതായത് സമുദ്രനിരപ്പില്‍ നിന്ന് ഇന്നു കാണുന്ന ഉയരത്തിലേക്കെത്താന്‍ പീഠഭൂമിക്കു വേണ്ടി വന്നിട്ടുണ്ടാകുക ഏതാണ്ട് 3 കോടി വര്‍ഷമാണ്. ഈ കാലയളവു കൂടി കണക്കിലെടുത്താണ് 4 മുതല്‍ 10 കോടി വരെയുള്ള വര്‍ഷത്തെ കാലപ്പഴക്കം ടിബറ്റന്‍ പീഠഭൂമിക്കുണ്ടെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. പാലിയോള്‍ട്ടിമെട്രി എന്ന ഐസോടോപ്പ് ഉപയോഗിച്ചു നടത്തിയ പഠനത്തിലൂടെയാണ് ഈ കാലപ്പഴക്കം നിര്‍ണയിച്ചത്. പ്രദേശത്തെ ഓക്സിജന്‍റെ അളവും മഴയുടെ അളവും ഉള്‍പ്പടെ കണക്കാക്കി പഠനം നടത്തുന്ന രീതിയാണിത്. ഇതു പ്രകാരം പീഠഭൂമി ഉയര്‍ന്നു തുടങ്ങിയത് ഏതാണ്ട് 10 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് പല ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നു.

പീഠഭൂമി എന്നുയരാന്‍ തുടങ്ങി എന്നതിനേക്കാള്‍ പീഠഭൂമി ഇന്നു കാണുന്ന ഉയരത്തോടു സമാനമായ അവസ്ഥയിലെത്തി എന്നതിനെക്കുറിച്ചാണ് ഗവേഷകര്‍ക്കിടയില്‍ അഭിപ്രായ ഐക്യം കൂടുതലുള്ളത്. 4 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നു കാണുന്നതിനു സമാനമായ ഉയരത്തിലേക്കു പീഠഭൂമി എത്തിയെന്നും ഇതിനു ശേഷം വേഗത്തില്‍ വലിയ അളവില്‍ കുറവു വന്നെന്നും മിക്ക ഗവേഷകരും വിശ്വസിക്കുന്നു. എന്നാല്‍ ഈ കണ്ടെത്തലുകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതാണ് സു താവോയുടെ ഫോസിലിനെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍.

4000 മീറ്ററാണ് ഇന്ന് ടിബറ്റന്‍ പീഠഭൂമിയുടെ ശരാശരി ഉയരം. ഇന്ന് ഓസ്ട്രേലിയയിലെ ഏതൊരു പര്‍വതനിരയേക്കാളും ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുഎസിലെ 90 ശതമാനം പര്‍വത ശിഖരങ്ങളുടെയും ഉയരം ടിബറ്റന്‍ പീഠഭൂമിയേക്കാള്‍ കുറവാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ലോകത്തിന്‍റെ മേല്‍ക്കൂര എന്ന് ടിബറ്റന്‍ പീഠഭൂമി അറിയപ്പെടുന്നതും.