ജലസ്രോതസ്സുകൾ എല്ലാം വറ്റിത്തുടങ്ങിയപ്പോഴും അദ്ഭുത പ്രതിഭാസമായി നിറഞ്ഞ് കവിയുന്ന കേണികൾ സംരക്ഷിക്കാൻ പദ്ധതി വേണമെന്ന ആവശ്യം ശക്തമാകുന്നു. വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടായിരുന്ന കേണികൾ പലതും ഭൂമാഫിയായുടെയും മറ്റും കടന്ന് കയറ്റം മൂലം നശിച്ചു കഴിഞ്ഞു. 

പ്രളയം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ കിണറുകളും, കുളങ്ങളും, പുഴകളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞപ്പോൾ കേണികളിലെ വെള്ളം ഒരു തുള്ളിപോലും കുറഞ്ഞില്ല. വേനൽ കടുത്തപ്പോഴും ഇതിന് മാറ്റമില്ല. പഴമയുടെ പ്രതീകമായുള്ള കേണികളിൽ തെളിനീര് നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നത് കടുത്ത വേനലിലെ കുളിർ കാഴ്ചയാണ്.

പഴമയുടെ കാലത്ത് ഉൾച്ചോറ് നീക്കം ചെയ്ത പനക്കുറ്റി ഉപയോഗിച്ച് പണിത കൊച്ച് കിണറാണ് ഇന്ന് കാണുന്ന കേണികൾ. പാക്കം തിരുമുഖത്തെ പനക്കുറ്റി കേണിയും പൂതാടി പഞ്ചായത്തിലെ എടലാട്ട് കോളനിക്കടുത്തുള്ള ചെറിയ റിങ് ഉപയോഗിച്ച് നിർമിച്ച കേണിയിലടക്കം വേനലിലും ഭൂമിയുടെ ഉപരിതലത്തിലേക്ക് പ്രവഹിക്കുന്ന ജലധാരയാണ് ഉള്ളത്.