കുടിവെള്ളത്തിനായി കിണർ റീചാർജ് ചെയ്തും ജലഉപഭോഗം കുറച്ചും നാടു കരുതലോടെ നീങ്ങുമ്പോൾ 

കാസർഗോഡ് രാജപുരം റാണിപുരം മലമുകളിൽ പ്രകൃതി ഒരുക്കിയ വറ്റാത്ത തെളിനീരുറവ കുടിവെള്ളത്തിന്റെ അക്ഷയപാത്രമാകുന്നു. സമുദ്രനിരപ്പിൽനിന്ന് 1,049 മീറ്റർ ഉയരമുള്ള റാണിപുരം മലയിലാണു നീരുറവയുള്ളത്. വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽനിന്നു രണ്ടര കിലോമീറ്റർ നടന്നുവേണം റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിന്റെ നെറുകയിലെത്താൻ. ഇതിന്റെ തൊട്ടടുത്തായാണു പുൽമേട്ടിൽ വനത്തോടു ചേർന്നു നീരുറവയുള്ളത്.

ഒരിക്കലും ഇതു വറ്റിയതായി കണ്ടിട്ടില്ലെന്നു റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റും ടൂറിസ്റ്റ് ഗൈഡുമായ എസ്.മധുസൂദനൻ പറയുന്നു. റാണിപുരം പുൽമേട്ടിലെത്തുന്ന സഞ്ചാരികൾക്കു കുടിവെള്ളത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. സൂചനാ ബോർഡ് ഇല്ലാത്തതിനാൽ പുൽമേട്ടിലെ യാത്രയിൽ ഈ ജലസ്രോതസ്സ് ശ്രദ്ധയിൽപ്പെടാറില്ല. പരീക്ഷാ കാലം കഴിഞ്ഞാൽ റാണിപുരത്തേക്കു സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ജലസ്രോതസ്സ് നവീകരിച്ചു സൂചനാ ബോർഡ് വച്ചാൽ വിനോദ‌സഞ്ചാരികൾക്കു കുടിവെള്ളം ശേഖരിക്കാനാകും.