കേരളത്തിലെ കടുത്തചൂട് ഏതാനും ദിവസംകൂടി തുടരുമെന്നു കാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചർ കോളജിന്റെ കാലാവസ്ഥാ ശാസ്ത്രപഠന വിഭാഗം.തൃശൂർ ജില്ലയിൽ 23 വർഷത്തിനിടയിലെ ഏറ്റവും കടുത്തചൂട് 40.4 ഡിഗ്രി  തിങ്കളാഴ്ചയാണു വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയത്. വടക്കു കിഴക്കേ ദിശയിൽ നിന്നുള്ള വരണ്ട കാറ്റാണ് അന്തരീക്ഷത്തെ പൊള്ളിക്കുന്നത്. 10 ദിവസത്തിനുള്ളിൽ ലഭിക്കേണ്ട മഴ 2 ദിവസം കൊണ്ടു പെയ്തൊഴിയുകയും ജലസംഭരണം കാര്യമായി നടക്കാതെ പോവുകയും ചെയ്ത പ്രതിഭാസമാണ് ഇത്തവണത്തെ ചൂടിനു പിന്നിൽ.

ചൂട് അളക്കാനുപയോഗിക്കുന്ന സ്റ്റീവൻസസ് സ്ക്രീൻ

മാർച്ചിനുശേഷം ചൂട് കുറയും. ഈ സമയത്ത് പടിഞ്ഞാറൻകാറ്റ് വീശും. ചൂടു കുറഞ്ഞാലും കൂടുതൽ പുഴുക്കം അനുഭവപ്പെടും. ഏപ്രിൽ, മേയ് മാസങ്ങളിൽ ആകാശം കൂടുതൽ മേഘാവൃതമാവുകയും വേനൽമഴയ്ക്കു സാധ്യത കൂടുകയും ചെയ്യും.

അലഹാബാദ് ചൂടളക്കും

കാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചറൽ കോളജിന്റെ  കീഴിലുള്ള കാലാവസ്ഥാ ശാസ്ത്ര പഠനവിഭാഗമായ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെ  കേന്ദ്ര മെറ്റീരിയോളജി വകുപ്പ് ‘എക്‌സലന്റ് കാറ്റഗറി’യിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ഉത്തർപ്രദേശിലെ അലഹാബാദാണ് കാലാവസ്ഥയുടെ ശരാശരി അളക്കുന്നതിനുള്ള പ്രദേശമായി കണക്കാക്കുന്നത്. 

അലഹാബാദിൽ  രാവിലെ 7 മണി കണക്കാക്കിയാണ്  ഇന്ത്യയിലെല്ലായിടത്തും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ അതാതു ദിവസങ്ങളിലെ അളവ് എടുക്കുന്നത്. ഇന്ത്യൻ സ്റ്റാന്റേഡ് ടൈം എല്ലായിടത്തും ഒരുപോലെയാണെങ്കിലും അലഹാബാദിലെ 7 മണി പ്രാദേശിക മീൻ ടൈം പ്രകാരം വെള്ളാനിക്കരയിലെ 7.25 ആണ്. 7.25, 8.30, 2.25, 5.30 എന്നീ സമയങ്ങളിലാണ് വെള്ളാനിക്കരയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ പരിശോധന നടത്തുന്നത്.

നേരിട്ടടിക്കുന്ന  ചൂടല്ല; ചൂട്

വെയിലടിക്കുന്ന സ്ഥലത്ത് വെറുതെ സ്ഥാപിച്ച തെർമോമീറ്ററിൽ രേഖപ്പെടുത്തുന്ന ചൂടിന്റെ അളവ് താരതമ്യേന കൂടുതലായിരിക്കും. ചൂട് നേരിട്ടു പതിക്കുമ്പോൾ തെർമോമീറ്ററിൽ ഉയർന്ന താപനില കാണിക്കും. ഇതു ശാസ്ത്രീയമായ രീതിയല്ല. സൂര്യപ്രകാശം ഭൂമിയിൽ പതിച്ചു തിരിച്ച് അന്തരീക്ഷത്തിലേക്കു പ്രതിഫലിക്കുന്ന ചൂടാണ് യഥാർഥ താപനിലയായി രേഖപ്പെടുത്തുന്നത്. 

ഇതിനായി മരംകൊണ്ടു നിർമിച്ചതും കാറ്റുകടക്കുന്നതുമായ സ്റ്റീവൻസസ് സ്‌ക്രീൻ സ്ഥാപിച്ച് അതിൽ 4 തെർമോമീറ്ററുകൾ വിന്യസിച്ചാണു താപനില കണക്കാക്കുന്നത്. ഡ്രൈ ബൾബ് തെർമോ മീറ്റർ, വെറ്റ് ബൾബ് തെർമോമീറ്റർ, മാക്‌സിമം തെർമോമീറ്റർ, മിനിമം തെർമോമീറ്റർ എന്നീ നാലു തെർമോമീറ്ററുകളാണു സ്ഥാപിക്കുന്നത്.

മെർക്കുറി, ആൽക്കഹോൾ,  പരുത്തിത്തുണി

സ്റ്റീവൻസസ്‌ സ്ക്രീനിൽ തിരശ്ചീനമായാണ് മാക്‌സിമം തെർമോമീറ്റർ സ്ഥാപിക്കുന്നത്. മൈനസ് 35 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ അടയാളപ്പെടുത്തിയ തെർമോമീറ്ററിൽ താപനില ഏറ്റവും കൂടിയ സമയത്തു മെർക്കുറി ഉയർന്ന താപനില അളവ് കാണിക്കും.   സ്റ്റീവൻസസ് സ്‌ക്രീനിൽ തിരശ്ചീനമായി തന്നെ മിനിമം തെർമോമീറ്റർ സ്ഥാപിക്കുന്നു. 

ആൽക്കഹോളാണ് ഇതിൽ  അളവിനായി നിറച്ചിട്ടുള്ളത്. മൈനസ് 40 മുതൽ 50 ഡിഗ്രി സെന്റിഗ്രേഡുവരെ രേഖപ്പെടുത്തിയിട്ടുള്ള ഗ്ലാസ് ട്യൂബിനുള്ളിൽ ചൂടു കൂടുകയും കുറയുകയും ചെയ്യുമ്പോൾ  ആൽക്കഹോൾ ഒഴുകി താപനില  രേഖപ്പെടുത്തും.  വെറ്റ് ബൾബ്  തെർമോമീറ്ററും ഡ്രൈ ബൾബ് തെർമോ മീറ്ററും അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്നതിനാണ് ഉപയോഗിക്കുക.