ട്രോജൻ യുദ്ധവീരനായിരുന്നു അക്കില്ലസ്. ജനിച്ചപ്പോൾ അവന് അമരത്വം നൽകാൻ അമ്മ സ്റ്റിക്സ് നദിയിലെ മാന്ത്രിക വെള്ളത്തിൽ മുക്കിയെടുത്തു. ഒരു കാലിന്റെ ഉപ്പൂറ്റിയിൽ പിടിച്ചാണു നദിയിൽ മുക്കിയത്. അവിടെ വെള്ളം പറ്റിയില്ല. ആ ഉപ്പൂറ്റിയിൽ ആയുധം പ്രയോഗിച്ചാണ് ശത്രുക്കൾ അക്കില്ലസിനെ വീഴ്ത്തിയത്. അക്കില്ലസിന്റെ ഉപ്പൂറ്റി (അക്കില്ലസ് ഹീൽ) എന്ന പ്രയോഗവും ഇവിടെത്തുടങ്ങുന്നു. ശ്രീകൃഷ്ണന്റെ ദേഹത്തു തിളച്ച പായസം വീഴ്ത്തിയ അതേ സംഭവം തന്നെ. 

ജൈവമണ്ഡലത്തിലെ ‘അക്കില്ലസ് ഉപ്പൂറ്റി’ എന്നാണ് ഓസോണിനെ വിളിക്കുന്നത്. ഓസോണിന് തീരെ കട്ടികുറഞ്ഞ ഭാഗത്തുകൂടിയാണല്ലോ സൂര്യൻ അൾട്രാവയലറ്റ് അമ്പുകൾ നമ്മുടെ നേരെ തൊടുത്തുവിടുന്നത്. 

ഓക്സിജൻ തന്മാത്രയിൽ രണ്ട് ആറ്റങ്ങളാണുണ്ടാവുക (O2). ഇത് മൂന്നായാൽ ഓസോൺ (O3) ആയി. ഓക്സിജനെ കാണാൻ പറ്റില്ല, പക്ഷേ നീല നിറമുള്ള ഓസോണിനെ കാണാം. ഭൗമോപരിതലത്തിൽനിന്നു 15- 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിലൂടെ ഒഴുകി നടക്കുന്ന കാക്കത്തൊള്ളായിരം കോടി ഓസോൺ തന്മാത്രകളുടെ കൂട്ടത്തെയാണ് ഓസോൺ പാളി എന്നു പറയുന്നത്. ഓസോണോസ്ഫിയർ എന്നും പറയും. ഈ ഓസോൺ പാളിയുടെ കട്ടി ഒരു പരിധിക്കപ്പുറം കുറഞ്ഞാൽ ഓസോൺ സുഷിരമായി. സുഷിരം എന്നൊരു ഗമയ്ക്കു പ്രയോഗിക്കുന്നതാണ്. സത്യത്തിൽ വായുമണ്ഡലത്തിൽ മുഴുവൻ സുഷിരങ്ങളാണല്ലോ. 

സ്ട്രാറ്റോസ്ഫിയറിൽ അനുഭവപ്പെടുന്ന ഉയർന്ന സൂര്യതാപം അവിടെയുള്ള ഓക്സിജൻ തന്മാത്രകളെ (O2) വിഘടിപ്പിച്ച് ഓക്സിജൻ ആറ്റങ്ങളാക്കുന്നു (O). സ്ഥിരത കുറഞ്ഞ ഈ ഓക്സിജൻ ആറ്റങ്ങൾ തൊട്ടടുത്തുള്ള ഓക്സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ (O3) രൂപംകൊള്ളുന്നു. ഈ ഓസോൺ തന്മാത്രകളും ചഞ്ചലചിത്തരാണ്. അൾട്രാവയലറ്റ് രശ്മികൾ വന്നിടിക്കുമ്പോൾ അവ വീണ്ടും ഓക്സിജൻ തന്മാത്രയും (O2) ഓക്സിജൻ ആറ്റവുമായി (O) മാറും. പക്ഷേ ഓസോണിൽ വന്നിടിക്കുന്ന അൾട്രാവലയറ്റിന്റെയും പണി തീരും. അതായത് ഓസോൺ ഉണ്ടാകാൻ താപവും പിളരാൻ അൾട്രാവലയറ്റും. അങ്ങനെയാണ് ഓസോൺ പാളിയിൽകൂടി കടന്നെത്തുന്ന സൂര്യപ്രകാശം അപകടകാരിയല്ലാതായിത്തീരുന്നത്. ഇവിടെ ഓസോൺ തുടർച്ചയായി നിർമിക്കപ്പെടുകയും ഇല്ലാതാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഓക്സിജൻ  ഓസോൺ ചക്രത്തിന്റെ സന്തുലിതാവസ്ഥയ്ക്കു പ്രശ്നം വരുമ്പോളാണ് ഓസോൺ സുഷിരം ഉണ്ടാകുന്നത്. അതായത് ഓസോൺ ഓക്സിജനായി മാറുന്നതിന്റെ അളവ് വല്ലാതങ്ങു കൂടുമ്പോൾ. ഇതിനു ചില വില്ലൻമാർ വളം വച്ചുകൊടുക്കും. അവയിൽ പ്രധാനികളാണു ക്ലോറോ ഫ്ലൂറോ കാർബണുകൾ.

ഓസോൺ പാളിയെ അറിയാം

അന്തരീക്ഷത്തിലെ പാളികളിലൊന്നായ സ്‌ട്രാറ്റോസ്ഫിയറിലാണ് ഓസോൺ വാതകത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. അതായത് ഭൂമിയിൽനിന്ന് പത്തുമുതൽ 40 വരെ കിലോമീറ്റർ ഉയരത്തിൽ. ഭൂമിയുടെ മൊത്തം അന്തരീക്ഷമെടുത്താൽ സ്‌ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവ് ഏറെക്കുറേ സ്ഥിരമാണെങ്കിലും ഓരോ വർഷവും ഓരോ പ്രദേശത്ത് ഇതിന്റെ അളവ് വ്യത്യാസപ്പെടാം. അന്തരീക്ഷത്തിന്റെ പാളികളെ തുളച്ച് ഭൂമിയിലേക്ക് പതിക്കാൻ കുതിക്കുന്ന അൾട്രാവയലറ്റ് രശ്‌മികളെ ഈ ഓസോൺ പാളികൾ തടഞ്ഞുനിർത്തുന്നു. ത്വക്കിലെ കാൻസർ പോലുള്ള മാരകരോഗങ്ങളിൽനിന്നാണ് ഇതുവഴി ഓസോൺ നമ്മളെ രക്ഷിക്കുന്നത്. ഏകദേശം 300 കോടി മെട്രിക് ടൺ ഓസോൺ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട ്. ആകെയുള്ള അന്തരീക്ഷവാതകങ്ങളുടെ ഏതാണ്ട ് 0.00006 ശതമാനം മാത്രം. മൂന്ന് മില്ലീമീറ്റർ കനം മാത്രമുള്ള ഈ വാതകപാളി പക്ഷേ ഭൂമിയിലെ ജീവജാലങ്ങൾക്ക് ചെയ്യുന്ന സഹായം വളരെ വലുതാണ്.

ഓസോൺ പാളിയിലെ ദ്വാരം

ഒരു പ്രദേശത്ത് ഓസോൺ പാളിക്കുണ്ടാകുന്ന കനക്കുറവിനെയാണ് ഓസോൺ പാളിയിലെ ദ്വാരം എന്നതുകൊണ്ട ് അർഥമാക്കുന്നത്. ഓസോൺ പാളിയുടെ കനം ഒരു പരിധിയിൽ കൂടുതൽ താഴെ പോയി ഓസോൺ ആവരണം ദുർബലമാകുമ്പോഴാണ് ഓസോൺ പാളിയിൽ ദ്വാരം വീണു എന്ന് പറയുക. വ്യവസായ വിപ്ലവത്തിന്റെ ഫലമായുണ്ടായ പലതരം രാസവസ്തുക്കളാണ് ഓസോൺ പാളി നശിക്കാൻ കാരണമായത്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതിനെക്കുറിച്ച് സൂചന കിട്ടിയിരുന്നെങ്കിലും 1970–കളിൽ നടന്ന ഗവേഷണങ്ങൾ ഈ പ്രശ്‌നത്തിന്റെ വ്യാപ്‌തിയെക്കുറിച്ച് ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്തി. വിവിധ ഗവേഷക സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ഓസോൺ പാളി നാശത്തിന്റെ പാതയിലാണെന്ന് കണ്ടെത്തി.

ഓസോണിന്റെ അന്തകർ

ഓസോൺ പാളിയുടെ തകർച്ചയ്‌ക്ക് കാരണമാകുന്ന വില്ലൻ വാതകങ്ങളാണ് ക്ലോറോഫ്‌ളൂറോ കാർബണുകൾ. റഫ്രിജറന്റുകൾ അടക്കമുളള പല ഉപകരണങ്ങളിലും ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയിൽ പലതും നിരോധിക്കുകയോ ഉപയോഗത്തിൽ കുറവുവരുത്തുകയോ ചെയ്‌തു. ഈ വാതകങ്ങളിൽനിന്ന് അന്തരീക്ഷത്തിലെത്തുന്ന ക്ലോറിൻ തൻമാത്രകൾക്ക് ഓസോണിനെ വിഘടിപ്പിക്കാൻ ശേഷിയുണ്ട്. ഓരോ ക്ലോറിൻ ആറ്റവും അന്തരീക്ഷത്തിൽ തങ്ങിനിന്ന് ആയിരക്കണക്കിന് ഓസോൺ തൻമാത്രകളെ വിഘടിപ്പിക്കുമത്രേ. ഓസോണിനെ നശിപ്പിക്കുന്ന ഇവയുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കുറയ്‌ക്കാതെ മുന്നോട്ടുപോയാൽ മാനവരാശിയുടെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് ഇവയെ പ്രതിരോധിക്കാനും ഇവയ്‌ക്കെതിരേ ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്താനും ലോകരാഷ്‌ട്രങ്ങൾ തീരുമാനമെടുക്കുന്നത്. ക്ലോറോഫ്‌ളൂറോകാർബണുകളെ കൂടാതെ ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺ ടെട്രാ ക്ലോറൈഡ്, ഹൈഡ്രോക്ലോറോഫ്‌ളൂറോകാർബണുകൾ, ഹൈഡ്രോബ്രോമോഫ്‌ളൂറോകാർബണുകൾ എന്നിവയും ഓസോൺ അന്തകരാണ്.