വേനൽ കനക്കുന്നതിനിടെ മണിമലയാർ ഇടമുറിഞ്ഞു. നദിയെ ആശ്രയിച്ചുള്ള അരഡസനിലേറെ ജലപദ്ധതികളുടെ പ്രവർത്തനം നിറുത്തി വയ്ക്കേണ്ടി വരുമെന്ന് ആശങ്ക. അഴുതയാറിനു പിന്നാലെ മണിമലയാറും വറ്റിയത് എരുമേലി മേഖലയിലെ കിണറുകളിലെ ജലനിരപ്പും താഴാൻ ഇടയാക്കുന്നു. ഇന്നലെയാണു മണിമലയാറ്റിൽ നീരൊഴുക്കു പൂർണമായി നിലച്ച്  നദി ഇടമുറിഞ്ഞത്. ഇതോടെ കയങ്ങളിൽ മാത്രമായി വെള്ളം  അവശേഷിച്ചിരിക്കുകയാണ്. ആറ്റിലെ വിവിധ കയങ്ങളിലാണു ജലവിതരണപദ്ധതികളുടെ പമ്പ് ഹൗസുകൾ സ്ഥിതി ചെയ്യുന്നത്.  ഇത്തരം കയങ്ങളിൽ നിന്നുള്ള  വെള്ളം ഏതാനും ദിവസം കൂടി മാത്രമേ ഉപയോഗിക്കാനാവൂ.

പമ്പ് ഹൗസുകളിലേക്കു വെള്ളം എടുക്കുന്ന പൈപ്പുകൾക്കു താഴേക്കു ജലനിരപ്പു താഴ്ന്നു കഴിഞ്ഞാൽ മോട്ടോർ ഉപയോഗിച്ചു വെള്ളം അടിച്ചുകയറ്റാനാവില്ല. നീരൊഴുക്കു കുറഞ്ഞതോടെ  മണിമലയാറ്റിലെ കയങ്ങളിൽ ചെളി നിറഞ്ഞു വെള്ളം മാലിന്യ പൂരിതമായിരിക്കുകയാണ്. തുണി നനയ്ക്കാനും മറ്റുമല്ലാതെ വെള്ളം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നില്ല. കഴിഞ്ഞ അഴ്ചയിൽ രണ്ടു തവണ മലയോര മേഖലകളിൽ മഴ പെയ്തിരുന്നു.  എന്നാൽ ഈ മഴകൾ ഉറവ ഉണ്ടാകാൻ പര്യാപ്തമായില്ല. മാത്രമല്ല ഉഷ്ണം വർധിക്കാനും ഇടയാക്കി. ഇതോടെ ജലസ്രോതസുകളിലെ വെള്ളം ഇല്ലാതാവുകയും ചെയ്തു