വരണ്ടുണങ്ങിയ തൂതപ്പുഴയ്ക്കു തെളിനീരായി കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളമെത്തി. നാവുണങ്ങിയ പുഴയോര ഗ്രാമവാസികൾക്കിതു പ്രതീക്ഷയുടെ കുടിനീർ. കടുത്ത വേനലിൽ വറ്റിവരണ്ട പുഴയുടെ പടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണു കാഞ്ഞിരപ്പുഴ ഡാമിൽനിന്നു വെള്ളമെത്തിയത്. കഴിഞ്ഞ മാസം തുറന്ന ഡാമിലെ വെള്ളം ചുട്ടു പൊള്ളുന്ന മണ്ണും മണലും താണ്ടിയെത്താൻ താമസം നേരിട്ടതാണു വൈകാൻ കാരണം.

പുഴനിറവു കാണാനും പലയിടത്തും ഇരുകരയും മുട്ടിയൊഴുകുന്ന പുഴയാറ്റിൽ നീരാടാനും ദൂരദിക്കുകളിൽ നിന്നു പോലും ആളുകളുമെത്തുന്നുണ്ട്. പ്രളയാനന്തര തൂതപ്പുഴയുടെ കത്തുന്ന വേനൽ കാഴ്ചകൾ പഴമക്കാരും ആശങ്കയോടെയാണ് കണ്ടിരുന്നത്. പുഴയെത്ര വറ്റിയാലും നാടിനു ദാഹജലമേകിയിരുന്ന കയങ്ങൾ മണലെടുപ്പു മൂലം നശിച്ചതോടെ നാടിന്റെ നാവൊട്ടി.  ശക്തമായ ചൂടിൽ മപ്പാട്ടുകര, ഇട്ടക്കടവ് സ്ഥിരം തടയണകളിലും പുലാമന്തോൾ തോണിക്കടവ്, കുപ്പൂത്ത് കാരാംകടവ് താൽക്കാലിക തടയണകളിലും വെള്ളം വറ്റിയതോടെ ശക്തമായ വരൾച്ചയിലേക്കാണു നാടു നീങ്ങിയത്.

ജല അതോറിറ്റിയുടെ മപ്പാട്ടുകര, വിളയൂർ തോണിക്കടവ്, തിരുവേഗപ്പുറ പദ്ധതികളുടെ കിണറുകൾ വറ്റി. പലയിടത്തും മോട്ടറുകൾ കേടായി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോറിയിലെത്തിച്ചാണു  ശുദ്ധജല വിതരണം നടത്തുന്നത്. ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇപ്പോഴും ഇതു തുടരുന്നുണ്ട്. ഡാം തുറന്നു വിട്ട വെള്ളം പുഴയോര പഞ്ചായത്തുകൾക്ക് ആശ്വാസമാണെങ്കിലും തടയണകൾക്കു സംഭരണ ശേഷിയില്ല.