വിജനമായ പുല്‍മേടുകള്‍ നിറഞ്ഞ ദ്വീപ്. ഈ ദ്വീപിന് നടുവിലായി തലയുയർത്തി നിൽക്കുന്ന ഒരേയൊരു മരം. കഥകളിലെയും സിനിമകളിലെയും കാല്‍പനികതകളില്‍ മാത്രമല്ല യഥാർഥ ജീവിതത്തിലും ഇത്തരമൊരു മരം കാണാന്‍ കഴിയും. ന്യൂസീലന്‍ഡിലെ ദ്വീപായ ക്യാംപ്ബെല്ലിലാണ് ഈ മരമുള്ളത്. ന്യൂസീലന്‍ഡിന്റെ ഏറ്റവും തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലെ കാലാവസ്ഥ തന്നെയാണ് ഈ മരത്തെ ഇവിടെ ഒറ്റപ്പെടുത്താന്‍ കാരണവും. 

ഫ്യൂരിയസ് ഫിഫ്റ്റീസ് എന്നറിയപ്പെടുന്ന കനത്ത പശ്ചിമമവാതം വീശുന്ന മേഖലയാണിത്. അതിനാല്‍ തന്നെ ഏതാനും അടി മുകളിലേക്കു വളരുന്ന ഒരു ചെടിയും ഈ പ്രദേശത്തുണ്ടാകാറില്ല. ഈ സ്വഭാവം കൊണ്ടു തന്നെ ദ്വീപ് മുഴുവനുമുള്ളത് പുല്‍മേടുകള്‍ മാത്രമാണ്. ഈ പ്രദേശത്താണ് സിറ്റ്കാ സ്പ്രൂസ് ഇനത്തില്‍പ്പെട്ട ഒറ്റപ്പെട്ട ഒരു മരം സ്ഥിതി ചെയ്യുന്നത്. ഈ ചെടിയുടെ വിത്ത് ഇവിടേക്കെങ്ങനെ എത്തിയെന്നോ കടുത്ത കാറ്റിനെയും തണുപ്പിനെയും അതിജീവിച്ച് ഈ പ്രതികൂല സാഹചര്യത്തില്‍ ഈ മരം മാത്രം എങ്ങനെ വളര്‍ന്നുവെന്നോ വ്യക്തമല്ല.

വര്‍ഷത്തില്‍ നാല്‍പത് ദിവസം മാത്രമാണ് ഈ ദ്വീപില്‍ മഴ പെയ്യുക. സിറ്റ്കാ മരങ്ങള്‍ക്ക് ഈ മഴയുടെ ലഭ്യത തന്നെ ധാരാളമാണ്. അതേസമയം തന്നെ സിറ്റ്കാ മരങ്ങള്‍ക്ക് ആവശ്യമുള്ള സൂര്യപ്രകാശം ഇവിടെ ലഭ്യമല്ലതാനും. വര്‍ഷത്തില്‍ കഷ്ടിച്ച് 600 മണിക്കൂറുകള്‍ മാത്രമാണ് ഈ മേഖലയില്‍ സൂര്യപ്രകാശം ലഭിക്കുക. അതായത് ദിവസക്കണക്കെടുത്താല്‍ വെറും രണ്ട് മണിക്കൂറില്‍ താഴെ മാത്രം. എന്നാല്‍ ഈ പ്രതികൂല സാഹചര്യവും ദ്വീപിലെ ഒറ്റപ്പെട്ട മരത്തിന്റെ വളര്‍ച്ചയെ ബാധിച്ചിട്ടില്ല. സിറ്റ്കാ മരത്തിന്റെ വലിയ ഇലകളാണ് സൂര്യപ്രകാശത്തിന്റെ പരിമിതിയെ മറികടക്കാന്‍ സഹായിച്ചതെന്നാണു സൂചന. 

ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം സിറ്റ്കാ മരം ഈ പ്രദേശത്തോ ന്യൂസീലന്‍ഡിലോ മാത്രമല്ല ദക്ഷിണ ധ്രുവത്തില്‍ പോലുമില്ല എന്നതാണ്. ദേശാടന പക്ഷികളായിരിക്കും ഈ മരത്തിന്റെ വിത്ത് ക്യാംപ്ബെൽ ദ്വീപിലേക്കെത്തിച്ചതെന്നതില്‍ സംശയമില്ല. എന്നാല്‍ അനുകൂലമായ മണ്ണോ കാലാവസ്ഥയോ ഇല്ലാതെ ഈ മരം പ്രദേശത്തു വേരു പിടിച്ചതും ഇത്രയധികം വളര്‍ന്നതുമാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്നത്.