കലിഫോര്‍ണിയയിലെ പസിഫിക് സമുദ്രമേഖല ലോകത്തെ തന്നെ ഏറ്റവും ജൈവവൈവിധ്യമുള്ള സമുദ്രമേഖലയാണ്. പക്ഷെ അടുത്തിടെയായി ഈ പ്രദേശത്തടിയുന്ന ജീവികള്‍ സമുദ്ര നിരീക്ഷകരെ പോലും അദ്ഭുതപ്പെടുത്തുന്നവയാണ്. ഭൂമധ്യരേഖാപ്രദേശത്തോടു ചേര്‍ന്നു കാണപ്പെടുന്ന ആഴക്കടല്‍ ജീവികളാണ് ഏതാനും നാളുകളായി വടക്കുമാറി കലിഫോര്‍ണിയ തീരത്തേക്കെത്തുന്നത്. വയലറ്റ് നിറമുള്ള കൈവിരല്‍ വലുപ്പുള്ള കക്കകള്‍ മുതല്‍ ഉഷ്ണമേഖലാ ജെല്ലിഫിഷുകളുടെ വിഭാഗത്തില്‍ പെടുന്നവയെന്നു കരുതപ്പെടുന്ന അനേകം കൈകളുള്ള ജീവികള്‍ വരെ ഇങ്ങനെ കലിഫോര്‍ണിയ തീരത്തെത്തുന്ന ജീവികളില്‍ ഉള്‍പ്പെടുന്നു. ഇവ മാത്രമല്ല മെക്സികോ തീരത്തു മാത്രം കണ്ടു വന്നിരുന്ന സ്റ്റാര്‍ബേഴ്സ്റ്റ് അനിമോണ്‍സ് എന്ന ജീവിയും ഇപ്പോള്‍ കലിഫോര്‍ണിയ തീരത്തേക്കെന്നതു വർധിച്ചിട്ടുണ്ട്.

ഈ കുടിയേറ്റം പ്രാദേശിയ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചെറുതല്ല. പലപ്പോഴും തെക്കു നിന്നുള്ള സന്ദര്‍ശകര്‍ വടക്കന്‍ ആതിഥേയരുടെ നിലനില്‍പിനു തന്നെ ഭീഷഷിയാകുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഉദാഹരണത്തിന് മെക്സികോ തീരത്തു നിന്നുള്ള സ്റ്റാര്‍ബേഴ്സ്റ്റ് അനിമോണ്‍സ് കലിഫോര്‍ണിയയിലെ പ്രാദേശിക ജീവിവര്‍ഗമായ ജയന്‍റ് ഗ്രീനിന് വലി ഭീഷണിയാണുയര്‍ത്തുന്നത്. സ്റ്റാര്‍ബെസ്റ്റ് ആനിമോണ്‍സിന്‍റെ വിഷം അടങ്ങിയ നീരാളിയുടേതു പോലുള്ള കൈകളാണ് ജയന്‍റ് ഗ്രീനിന്‍റെ ജീവനെടുക്കുന്നത്.

എന്താണ് ഈ ജീവിവര്‍ഗ്ഗങ്ങള്‍ വടക്കന്‍
മേഖലയിലേക്കെത്തുന്നതിനു കാരണമാകുന്നത്. വർധിക്കുന്ന സമുദ്രതാപനില തന്നെയാണ് ജീവികളുടെ  വടക്കോട്ടുള്ള ഈ അധിനിവേശത്തിനു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉഷ്ണമേഖലാ പ്രദേശത്തെ വർധിക്കുന്ന താപനില മൂലം മിക്ക ജീവികള്‍ക്കും ഇവിടെ വേനല്‍ക്കാലത്ത് അതിജീവനം സാധ്യമാകുന്നില്ല. ഇതോടെ താപനില കുറഞ്ഞ പ്രദേശങ്ങള്‍  തേടി ഈ ജീവികള്‍ വടക്കന്‍ മേഖലയിലേക്കു സഞ്ചരിക്കുന്നു എന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

തിമിംഗലങ്ങളും കുടിയേറുന്നു

ചെറുജീവികള്‍ മാത്രമല്ല കൂറ്റന്‍ തിമിംഗലങ്ങള്‍ പോലും ഇത്തരത്തില്‍ ചൂടു താങ്ങാനാവിതെ ഭൂമധ്യരേഖാ പ്രദേശത്തു നിന്ന് വടക്കന്‍ മേഖലയിലേക്കു കുടിയേറുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോ മേഖലയില്‍ ഈ വേനല്‍ക്കാലത്ത് പതിവിലും അഞ്ചിരട്ടി തിമിംഗലങ്ങളെ കണ്ടതായാണ് ഗവേഷകര്‍ പറയുന്നത്. സാധാരണയിലും ഒരു മാസം വരെ കൂടുതല്‍ തിമിംഗലങ്ങള്‍ ഈ പ്രദേശത്തു തങ്ങിയിരുന്നു എന്നും ഗവേഷകര്‍ വ്യക്തമാക്കി. ഇതിനര്‍ത്ഥം ഒരു മാസം നേരത്തെ തിമിംഗലങ്ങള്‍ സാന്‍ഫ്രാന്‍സിസ്കോ, കലിഫോര്‍ണിയ തീരങ്ങളിലേക്കെത്തുന്നു എന്നതാണ്.

തിമിംഗലങ്ങള്‍ ഉള്‍പ്പടെയുള്ള പല ജീവികളും വേനല്‍ക്കാലത്ത് തണുപ്പു തേടി താപനില കുറഞ്ഞ വടക്കന്‍ മേഖലകളിലേക്ക് കുടിയേറാറുണ്ട്. എന്നാല്‍ ഇത് ആരംഭിക്കുന്നത് മാര്‍ച്ച് മാസത്തിന്‍റെ അവസാനത്തോടെയാണ്. എന്നാല്‍ പതിവിനു വിപരീതമായി ഇക്കുറി ഫെബ്രുവരിയില്‍ തന്നെ തിമിംഗലങ്ങള്‍ കുടിയേറ്റം ആരംഭിച്ചു എന്ന് ഗവേഷകര്‍ പറയുന്നു. ഈ കുടിയേറ്റത്തിന്‍റെ ഭാഗമായാണ് ഇവ ഭൂമധ്യരേഖാ പ്രദേശവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന താപനില കുറഞ്ഞ കലിഫോര്‍ണിയ പ്രദേശത്ത് കൂടുതല്‍ സമയം തങ്ങുന്നതും. കൂടുതല്‍ വടക്കോട്ടു പോകുന്നതിന് മുന്‍പായി വേട്ടയാടി കൂടുതല്‍ കൊഴുപ്പ് ശരീരത്തിലുണ്ടാക്കാനാകും ഇവ ഈ സമയം ചെലവഴിക്കുന്നതെന്നാണു കരുതുന്നത്.

തുടക്കം അഞ്ച് വര്‍ഷം മുന്‍പ്

മധ്യമേഖലാ ജീവികള്‍ക്ക് കലിഫോര്‍ണിയ തീരത്ത് അനുകൂല സാഹചര്യ രൂപപ്പെട്ടത് അഞ്ച് വര്‍ഷം മുന്‍പുണ്ടായ ഒരു പ്രതിഭാസത്തോടെയാണ്. അക്കാലത്ത് അലാസ്ക ഉള്‍ക്കടല്‍ മേഖലയില്‍ അസാധാരണമാം വിധം ചൂട് രരേഖപ്പെടുത്തി. ഇത് ആര്‍ട്ടികിലെ മഞ്ഞുരുക്കം അതിവേഗത്തിലാക്കുകയും ഇതുവഴി കലിഫോര്‍ണിയ മേഖലയിലേക്ക് കൂടുതല്‍ തണുപ്പെത്തുകയും ചെയ്തു. തൊട്ടു പിന്നാലെ എല്‍നിനോ കൂടി എത്തിയതോടെ തണുപ്പും ചൂടും കലര്‍ന്ന് ഭൂമധ്യരേഖ മേഖലയിലെ ജീവികള്‍ക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യം കലിഫോര്‍ണിയ തീരത്ത് രൂപപ്പെട്ടു.  ഇതോടെ അതുവരെ നിലനിന്ന ആവാസവ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങളും വന്നു. അതുവരെ തെക്കന്‍ മേഖലയിലെ ചെറുജീവികളെ വടക്കന്‍ മേഖലയിലേക്കു കടക്കുന്നത് തടയുന്ന രീതിയില്‍ നിലനിന്നിരുന്ന കലിഫോര്‍ണിയയിലെ കാലാവസ്ഥ ഇപ്പോള്‍ അതേ ജീവികള്‍ക്കുള്ള പ്രവേശന കവാടയമായി മാറി. 

ഇത്തരത്തില്‍ വടക്കന്‍ മേഖലയിലേക്കുള്ള തെക്കന്‍ ജീവികളുടെ പ്രവേശനം ആവാസവവ്യവസ്ഥയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. ഇതേക്കുറിച്ച് ഗവേഷണം നടത്തിയ സാന്‍ഫോര്‍ഡ് എന്ന ഗവേഷകന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് പലേജിക് റെഡ് ക്രാബ് എന്ന ഞണ്ടിന്‍റെ അധിനിവിേശമാണ്. പ്രദേശത്തെ പല ചെറുജീവികളുടെയും ആഹാരക്രമത്തെ തകിടം മറിച്ചിരിക്കുകയാണ് റെഡ് ക്രാബ് എന്ന് സാന്‍ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. റെഡ് ക്രാബ് കാണപ്പെടുന്ന സമയങ്ങളില്‍ പ്രദേശത്തെ പല ഷെല്‍ഫിഷുകളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നത് ഇതിനുദാഹരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

റെഡ് ക്രാബ് മാത്രമല്ല, യെല്ലോബെല്ലീഡ് സീ സ്നേക്ക്, ഒലീവ് റിഡ്‌ലി ടര്‍ട്ടില്‍, ഹുഡ്‌വിങ്കര്‍ സണ്‍ ഫിഷ്  തുടങ്ങിയ പല ജീവികളും ഇപ്പോള്‍ കാലിഫോര്‍ണിയ തീരത്തും സമീപപ്രദേശങ്ങളിലുമായി കാണപ്പെടുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത്തരം ജീവികളുടെ കടന്നുവരവ് വർധിക്കുന്നതോടെ കലിഫോര്‍ണിയ മേഖലയിലെ സമുദ്ര ആവാസവ്യവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ തന്നെ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കാലാവസ്ഥയിലുണ്ടാകുന്ന രൂക്ഷമായ മാറ്റങ്ങള്‍ പ്രകൃതിയിലും രൂക്ഷമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതിനുദാഹരണമാണ് സമുദ്രമേഖലയിലെ ഈ കുടിയേറ്റമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.