തുടരെ വേനൽ മഴ പെയ്യുമ്പോഴും പമ്പാനദിയിൽ നീരൊഴുക്ക് വർധിക്കുന്നില്ല. പൂവത്തുംമൂട് കടവിനു മുകളിലാണ് നീരൊഴുക്ക് തീർത്തും കുറഞ്ഞത്. പമ്പാനദിയും കക്കാട്ടാറും സംഗമിക്കുന്നത് പൂവത്തുംമൂട് കടവിലാണ്. കിഴക്കൻ മേഖലകളിലെ ജലവൈദ്യുതി പദ്ധതികളിൽ നിന്നു ഉൽപാദനത്തിനു ശേഷം പുറത്തേക്കുവിടുന്ന വെള്ളം കക്കാട്ടാറ്റിലൂടെ പൂവത്തുംമൂട് കടവിലാണെത്തുന്നത്. പൂവത്തുംമൂട് മുതൽ താഴേക്കു നീരൊഴുക്കു കൂടാനിടയാക്കുന്നത് ആ വെള്ളമാണ്.

പമ്പ ത്രിവേണി മുതൽ താഴേക്ക് പൂവത്തുംമൂട് വരെ നീരൊഴുക്കില്ലെന്നു തന്നെ പറയാം. പാറയിടക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് ചെറുതായെങ്കിലും നീരൊഴുക്ക് നിലനിർത്തുന്നത്. അതും രാവിലെ മാത്രം. ചൂട് വർധിക്കുമ്പോൾ വെള്ളത്തിന്റെ തോത് കുറയും. പിന്നീട് പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ജനം കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും.

പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി ഇടത്തിക്കാവ് നാവീണാരുവിക്കു മുകളിൽ ആറ്റിൽ തടയണ പണിതിട്ടുണ്ട്. തടയണ മുതൽ ജലവൈദ്യുതി പദ്ധതിയുടെ പമ്പുഹൗസ് വരെയുള്ള 600 മീറ്ററിൽ നീരൊഴുക്ക് തീർത്തും കുറവാണ്. വെച്ചൂച്ചിറ, കുടമുരുട്ടി എന്നീ ജലപദ്ധതികളുടെ പ്രവർത്തനത്തെയും അതു ബാധിച്ചിട്ടുണ്ട്. പാറയിടുക്കിൽ നിന്ന് പൈപ്പു വഴിയാണ് വെച്ചൂച്ചിറ ജലപദ്ധതിയുടെ കിണറ്റിൽ വെള്ളമെത്തിക്കുന്നത്. 

പാറയിടുക്കിലെ വെള്ളത്തിന്റെ അളവ് കുറയാത്തതാണ് ജലപദ്ധതിയുടെ പ്രവർത്തനം നിലനിർത്തുന്നത്. വെള്ളം കുറഞ്ഞാൽ പമ്പിങ് മുടങ്ങും.പമ്പാനദിയിലെങ്ങും മണൽ പുറ്റുകൾ വളരുകയാണ്. ഇത്തരം പുറ്റുകളിലും പാറയിടുക്കുകളിലും പുല്ല് തഴച്ചു വളരുന്നു. ചെളി അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കരയായി മാറുകയാണ്. മിക്കയിടത്തും ആറിന്റെ മധ്യത്തിൽ കര രൂപപ്പെട്ടിട്ടുണ്ട്. ഇതു തുടർന്നാൽ ആറിന്റെ സമൃദ്ധി തന്നെ അപകടത്തിലാകും.