വളപട്ടണം പുഴയോരത്തും, പാപ്പിനിശ്ശേരി തുരുത്തിയിലുമായി നൂറുകണക്കിന് ഏക്കർ കണ്ടൽവനം വ്യാപകമായി നശിപ്പിച്ച നിലയിൽ. തുരുത്തിയിൽ വിവിധയിടങ്ങളിലായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കണ്ടൽച്ചെടികളാണു വെട്ടി നശിപ്പിച്ച നിലയിൽ കാണുന്നത്. മിക്കയിടത്തും കണ്ടൽച്ചെടികളുടെ ശാഖകൾ വെട്ടി മാറ്റി ഉണക്കിയ നിലയിലാണുള്ളത്. 

രണ്ടു വർഷം മുൻപേ പാപ്പിനിശ്ശേരി ചുങ്കത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കണ്ടൽവനപ്രദേശം വ്യാപകമായി വെട്ടി നശിപ്പിച്ചതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം കുറഞ്ഞപ്പോൾ പിന്നീട് രാത്രികാലങ്ങളിൽ സ്വകാര്യമായി എത്തുന്ന സംഘം കണ്ടൽവനങ്ങളുടെ ഉൾപ്രദേശങ്ങളിലെത്തി ആരുടെയും ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ മരങ്ങൾ വെട്ടി നശിപ്പിക്കാറുണ്ടെന്നു പ്രദേശവാസികൾ അറിയിച്ചു.

വനംവകുപ്പ് അടക്കമുള്ള അധികൃതർക്ക് ഒട്ടേറെ തവണ കണ്ടൽ നശീകരണം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഫലപ്രദമായ നടപടിയൊന്നും എടുക്കുന്നില്ലെന്നും പ്രദേശത്ത് കണ്ടൽവന നശീകരണം തുടരുകയാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.