നാട്ടിൽ ഇറങ്ങിയ മുള്ളൻ പന്നിയെ പരുക്കുകളോടെ റോഡരികിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ ഏറ്റെടുത്ത മുള്ളൻ പന്നിക്കു ആയൂർ മ‍ൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു. കാരംകോട് ശ്രീനികേതൻ സെൻട്രൽ സ്കൂളിനു സമീപം ബുധൻ രാവിലെയാണ് മുള്ളൻ പന്നിയെ അവശനിലയിൽ കണ്ടെത്തിയത്. കാലുകളിൽ പരുക്കേറ്റതിനാൽ സഞ്ചരിക്കാൻ‌ കഴിയാത്ത അവസ്ഥയായിരുന്നു.

ആളുകൾ അടുത്താൽ സ്വരക്ഷയ്ക്കു കൂർത്ത മുള്ളുകൾ നിവർ‌ത്തി ഇഴഞ്ഞു നീങ്ങാൻ ശ്രമിക്കും. നാട്ടിൽ മുള്ളൻ‌ പന്നി ഇറങ്ങിയത് അറിഞ്ഞു പൊലീസ് എത്തി. അഞ്ചൽ റേഞ്ച് ഓഫിസർ ബി.ആർ.ജയന്റെ നിർദേശ പ്രകാരം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ നൗഷാദ്, സുരേഷ്, ബ്രിജേഷ് എന്നിവർ എത്തി മുള്ളൻ പന്നിയെ ഏറ്റെടുത്തു. തുടർന്ന്, ഇരുമ്പ് കൂടിനുള്ളിലാക്കി ആയൂർ മൃഗാശുപത്രിയിൽ എത്തിച്ചു. മൂന്നു വയസ്സുള്ള ആൺ മുള്ളൻ പന്നിയാണെന്ന് അധികൃതർ പറഞ്ഞു. മുള്ളുവേലിയിൽ‌ നിന്നു മുറിവേറ്റതാണെന്നു കരുതുന്നു. 

കാലിനു ചതവും മുതുകിൽ മുറിവും ഏറ്റ മുള്ളൻപന്നി അപകടനില തരണം ചെയ്തെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും വനപാലകർ അറിയിച്ചു. അപകടനില തരണം ചെയ്ത മുള്ളൻ പന്നിയെ അഞ്ചലിലെ ഫോറസ്റ്റ് ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കു പൂർണമായും ഭേദമാകുമ്പോൾ തെന്മല കട്ടിളപ്പാറ ഉൾവനത്തിൽ തുറന്നു വിടുമെന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ നൗഷാദ് പറഞ്ഞു.വനവുമായി വിദൂര സാമീപ്യം ഇല്ലെങ്കിലും മുള്ളൻ പന്നിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം സ്പിന്നിങ് മില്ലിന്റെ ഏക്കർ കണക്കിനു വസ്തു കാടു പിടിച്ചു കിടക്കുകയാണ്. ഇവിടെ നിന്ന് ഇറങ്ങിയതാകുമെന്ന് സംശയിക്കുന്നു.