മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളം, ആനമുടി ഷോല, പാമ്പാടും ഷോല, മതികെട്ടാൻ ഷോല ദേശീയോദ്യാനങ്ങളിലും ചിന്നാർ വന്യജീവി സങ്കേതത്തിലും ഏപ്രിൽ മാസം നടത്തിയ കണക്കെടുപ്പിൽ 20 ഇനം വവ്വാലുകളെ കണ്ടെത്തി. ഇതിൽ 7 ഇനം കേരളത്തിൽ ആദ്യമായാണ് കണ്ടെത്തുന്നത്. 20 ഇനങ്ങളിൽ 17 എണ്ണം കീടങ്ങളെ ഭക്ഷിക്കുന്നതും 3 എണ്ണം പഴം തീനികളുമാണ്.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. വവ്വാലുകളുടെ ശബ്ദം റെക്കോർഡ് ചെയ്തതിനു ശേഷം അതിസൂക്ഷ്മമായി വിശകലനം ചെയ്താണ് ഓരോ ഇനങ്ങളെയും തിരിച്ചറിഞ്ഞത്. കാലാവസ്ഥാ വ്യതിയാനം വവ്വാലുകളെ എങ്ങനെ ബാധിക്കും എന്ന് കണ്ടെത്താൻ ദീർഘകാല പഠനം അനിവാര്യമാണെന്നു സർവേ വിലയിരുത്തി.

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി, ഷോല നാഷനൽ പാർക്ക് അസി. വൈൽഡ് ലൈഫ് വാർഡൻ എം.കെ. സമീർ, ഇരവികുളം നാഷനൽ പാർക്ക് അസി. വൈൽഡ് ലൈഫ് വാർഡൻ എസ്. സന്ദീപ്, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭു എന്നിവർ പഠന സംഘത്തിന് നേതൃത്വം നൽകി. ശ്രീഹരി രാമൻ, മൂന്നാർ വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേനാച്ചേരി, രാജൻ പിലാകി, രാജീവ് ബാലകൃഷ്ണൻ, ശ്വേത, ബവദാസ് എന്നിവർ പങ്കെടുത്തു.