വേനൽ മഴയിൽ ഉണ്ടായ കുറവ് മൂലം കൈവഴികളായ അരുവികൾ വറ്റിയതോടെ കിഴക്കോട്ട് ഒഴുകുന്ന പാമ്പാർ വരളുന്നു. പശ്ചിമഘട്ട മലനിരകളിലെ ആനമുടിയാണ് കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന 3 നദികളിൽ ഒന്നായ പാമ്പാറിന്റെ ഉത്ഭവ സ്ഥാനം. തമിഴ്നാട്ടിലെ 2 ജില്ലകളിലെ കാർഷിക സമൃദ്ധിക്ക് പ്രധാന കാരണം മൂന്നാറിൽ നിന്നുള്ള പാമ്പാർ ആണ്.

മൂന്നാർ–മറയൂർ റൂട്ടിലെ തലയാറിൽ നിന്നാണ് ഉത്ഭവം  എങ്കിലും 4 കിലോമീറ്റർ പിന്നിട്ട് ലക്കത്ത് ആനമുടിയിൽ നിന്ന് ഒഴുകി എത്തുന്ന അരുവി ആണ് പാമ്പാറിനെ പുഴയായി രൂപപ്പെടുത്തുന്നത്. ഈ അരുവിയും അതിലെ പ്രശസ്തമായ ലക്കം വെള്ളച്ചാട്ടവും വറ്റിയതാണ് പാമ്പാറിലെ നീരൊഴുക്ക് നിലയ്ക്കാൻ കാരണം. കേരളത്തിലൂടെ കിഴക്ക് ദിശയിൽ 19 കിലോമീറ്റർ മാത്രം ഒഴുകുന്ന പാമ്പാർ തമിഴ്നാട്ടിലെ അമരാവതി നദിയിൽ ആണ് സംഗമിക്കുന്നത്.

മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ കാർഷിക ജലസേചനത്തിന് പാമ്പാറിലെ വെള്ളം ആണ് ആശ്രയം. തമിഴ്നാട്ടിലെ 54000 ഹെക്ടർ കൃഷിയിടങ്ങൾക്ക് ഈ നദിയിൽ നിന്നുള്ള വെള്ളം പ്രയോജനപ്പെടുന്നു. പാമ്പാർ ശോഷിച്ചതോടെ 90 അടി സംഭരണ ശേഷിയുള്ള അമരാവതി അണക്കെട്ടിലും ജലനിരപ്പ് താഴ്ന്ന് തന്നെ. മൂന്നാർ മേഖലയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ലക്കം വെള്ളച്ചാട്ടം. വെള്ളം കുറഞ്ഞതോടെ ഇപ്പോൾ ഇവിടെ സഞ്ചാരികളുടെ എണ്ണവും കുറവാണ്.