അടിമാലി ആനവിരട്ടി കട്ടക്കയം പാപ്പച്ചന്റെ വീട്ടിൽ സന്ദർശകനായെത്തുന്ന ആൺ മയിൽ കൗതുകമാകുന്നു. കഴിഞ്ഞ 6 വർഷത്തോളമായി വീട്ടു മുറ്റത്തെ സന്ദർശകനാണു മയിൽ. വീട്ടിലെ കോഴികളും കുഞ്ഞുങ്ങളും ആയുള്ള ചങ്ങാത്തമാണ് മയിലിനെ വീട്ടിലേക്ക് ആകർഷിച്ചതിനു പിന്നിലെന്നാണ് വീട്ടുകാരുടെ പക്ഷം.

രാവിലെ കോഴികളെ കൂട്ടിൽ നിന്ന് തുറന്നു വിടുന്നതോടെ മിക്കവാറും ദിവസങ്ങളിൽ മയിൽ പറന്നെത്തും. ഇതോടെ ഭക്ഷണം തേടലും വിശ്രമവും എല്ലാം ഒന്നിച്ചു തന്നെ. മിക്കവാറും ദിവസങ്ങളിൽ ഉച്ചവരെ മയിൽ വീട്ടു മുറ്റത്തും പരിസര പ്രദേശങ്ങളിലുമായി ഉണ്ടാകും. എന്നാൽ വർഷങ്ങൾ പലത് പിന്നിടുമ്പോഴും കുടുംബാംഗങ്ങളുമായി മയിൽ ഇണങ്ങിയിട്ടല്ലെന്നും പാപ്പച്ചൻ പറഞ്ഞു.