ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാലത്ത് ദശലക്ഷക്കണക്കിനു കുരുവികളാണ് ചൂടുള്ള കാലാവസ്ഥ തേടി കുടിയേറ്റം നടത്തുക. യൂറോപ്പിന്‍റെ വടക്കന്‍ രാജ്യങ്ങളില്‍ നിന്ന് മെഡിറ്ററേനിയന്‍റെ തെക്കു ഭാഗത്തേക്ക് ഇവ കൂട്ടത്തോടെ പറന്നെത്തും. എന്നാൽ ഈയിടയായി ഇവിടേക്കെത്തുന്ന കുരുവികളില്‍ ഒരു പങ്കു മടങ്ങിപ്പോകാറില്ല. ഇതിനു കാരണം മെഡിറ്ററേനിയന്‍, ചാവുകടല്‍ തീരങ്ങളിലുള്ള യൂറോപ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഒലിവ് വിളവെടുപ്പാണ്.

വിളവെടുക്കുന്ന യന്ത്രം ജീവനെടുക്കുമ്പോള്‍

Image showing five carcasses of protected species on the nighttime collection.Image Credit: Council of Environment, Spain

ചൂടേല്‍ക്കാനെത്തുന്ന കുരുന്നു കുരുവികളുടെ പ്രധാന വിശ്രമസ്ഥലമാണ് ഒലിവ് മരങ്ങള്‍. പക്ഷേ ഇതേ ഒലിവ് മരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഈ കുരുവികള്‍ക്ക് മരണക്കെണിയായി മാറിയിരിക്കുന്നതും. ഒരു ശിഖിരം ഒട്ടാകെ പൈപ്പിനുള്ളിലാക്കിയ ശേഷം അറ്റത്തു ഘടിപ്പിച്ചിരിക്കുന്ന വാക്വം ക്ലീനറിനു സമാനമായ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് വിളവെടുപ്പ്. ഇതിലൂടെ ശിഖിരങ്ങളില്‍ നിന്നുള്ള ഒലിവ് കായ്ക്കള്‍ പൈപ്പില്‍ കുടുങ്ങും.

എന്നാൽ ഒലിവ് കായ്കള്‍ മാത്രമല്ല മിക്കപ്പോഴും ശിഖരങ്ങളിലിരിക്കുന്ന കുരുവികളും ഈ പൈപ്പിനുള്ളില്‍ പെട്ടുപോകുന്നു എന്നതാണ് ദാരുണമായ കാര്യം. വായു വലിച്ചെടുക്കുന്ന യന്ത്രത്തിന്‍റെ ശക്തിയില്‍നിന്ന് ചെറു പക്ഷികളായ കുരുവികള്‍ക്ക് പലപ്പോഴും രക്ഷപ്പെടാന്‍ കഴിയാറില്ല. രാത്രിയില്‍ നടത്തുന്ന വിളവെടുപ്പിലാണ് ഇത് സ്ഥിരമായി സംഭവിക്കുക. ഉറക്കത്തിലായിരിക്കുന്ന പക്ഷികള്‍ യന്ത്രത്തെയോ ഇരുട്ടില്‍ വിളവെടുക്കുന്നവര്‍ പക്ഷികളെയോ ശ്രദ്ധിക്കില്ല. വിളവെടുത്ത ഒലിവ് കൂടയിലേക്ക് മാറ്റുമ്പോളാകും യന്ത്രത്തില്‍ കുടുങ്ങിയ പക്ഷികളെ ഇവര്‍ കണ്ടെത്തുക. അപ്പോഴേക്കും മിക്ക പക്ഷികള്‍ക്കും ജീവൻ നഷ്ടപ്പെടുകയോ, മൃതപ്രായരാവുകയോ ചെയ്തിട്ടുണ്ടാകും.

കൂടുതലും യൂറോപ്പില്‍

യന്ത്രവൽകൃത വിളവെടുപ്പ് കൂടുതലും സ്പെയിന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലാണ് നടക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവുമധികം കുരുവികള്‍ കൊല്ലപ്പെടുന്നതും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. സ്പെയ്നിലെ ആന്‍ഡാലൂഷ്യന്‍ പ്രവിശ്യയില്‍ മാത്രം ഒരു വര്‍ഷം 26 ലക്ഷം കുരുവികള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതേതുടര്‍ന്ന് ഈ പ്രവിശ്യയില്‍ യന്ത്രവൽകൃത ഒലീവ് വിളവെടുപ്പിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒലീവ് കൃഷിയുള്ള സ്പെയ്നിന്‍റെ മറ്റ് പ്രവിശ്യകളിലും പോര്‍ച്ചുഗലിലും മറ്റ് രാജ്യങ്ങളിലും യന്ത്രവൽകൃത വിളവെടുപ്പിനു വിലക്കില്ല എന്നത് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു.

പോര്‍ച്ചുഗലില്‍ രാത്രിയിലെ ഒലിവ് വിളവെടുപ്പു മൂലം വര്‍ഷം തോറും ഏതാണ്ട് ഒരു ലക്ഷത്തോളം കുരുവികള്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചര്‍ കണ്‍സര്‍വേഷന്‍ നടത്തിയ പരിശോധനയില്‍ 25 ലോറികളില്‍ നിന്നു കണ്ടെത്തിയത് ആയിരത്തോളം കുരുവികളുടെ ജഢങ്ങളാണ്. ഒരു ഹെക്ടറിന് 6.4 കുരുവികള്‍ വീതം ദിവസേന കൊല്ലപ്പെടുന്നുവെന്നാണ് ഇവരുടെ ഏകദേശ നിഗമനം. പോര്‍ച്ചുഗലില്‍ ഏതാണ് 37000 ഏക്കര്‍ ഭൂമിയില്‍ ഒലിവ് കൃഷി ചെയ്യുന്നുണ്ടെന്നാണു കണക്കാക്കുന്നത്.

പോര്‍ച്ചുഗലിലും രാത്രികാല വിളവെടുപ്പ് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. പോര്‍ച്ചുഗീസ് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ബേഡ്സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെയും കോടതിയേയും സമീപിച്ചിട്ടുണ്ട്. രാത്രികാല വിളവെടുപ്പ് നിര്‍ത്തുന്നതു കൊണ്ട് യാതൊരു വിധത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.