പ്രകൃതിസൗന്ദര്യം ചിത്രീകരിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം  വിവരിച്ചും കൂത്താട്ടുകുളം കിഴകൊമ്പ് മേക്കര ടിറ്റി തോമസ് എന്ന ആന്റോ തയാറാക്കിയ 'പ്രകൃതിയുടെ പ്രണയം' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ വനമേഖലയുടെ സൗന്ദര്യം  ഒപ്പിയെടുത്ത ചിത്രത്തിന്റെ ദൈർഘ്യം 16 മിനിറ്റാണ്. 

കയ്യേറ്റങ്ങൾ, പ്രകൃതിയെയും കാടുകളെയും നശിപ്പിക്കൽ എന്നിവയ്ക്കെതിരെ   മുന്നറിയിപ്പു നൽകുന്ന ചിത്രം പ്രകൃതിസ്നേഹ സന്ദേശം പകരുന്നു.  സ്ക്രിപ്റ്റും  വിവരണവും ഗാനരചനയും നിർവഹിച്ചത് ടിറ്റി തന്നെ. ചുരുങ്ങിയ സമയം കൊണ്ടു വനസംരക്ഷണത്തിന്റെ പ്രാധാന്യം പ്രേക്ഷകർക്കു പകർന്നു  നൽകുന്ന ചിത്രം എന്ന നിലയിൽ വനംവകുപ്പിന്റെ പ്രശംസയും സിറ്റിസൺ കൺസർവേറ്റർ എന്ന പദവിയും ടിറ്റിക്കു ലഭിച്ചു.

ചിത്രത്തിലെ ഗാനം യുട്യൂബിൽ ഏറെപ്പേരെ ആകർഷിക്കുന്നുണ്ട്. 'നേച്ചർ ഹോ നേച്ചർ' എന്നാരംഭിക്കുന്ന ഇതിന്റെ ഇംഗ്ലിഷ് പതിപ്പിനാണു കാഴ്ചക്കാരേറെ. ഗൂഗിളിൽ നേച്ചർ ലവ് എന്ന് ഇംഗ്ലിഷിൽ ടൈപ്പ് ചെയ്താൽ 190 രാജ്യങ്ങളിൽ ഒന്നാമതായി വരുന്ന വിഡിയോ ഈ ഗാനത്തിന്റേതാണെന്നു ടിറ്റി പറഞ്ഞു. യുട്യൂബിൽ നേച്ചർ ലവ് ബൈ ആന്റോ തോമസ് എന്ന് സേർച്ച് ചെയ്താൽ ഹ്രസ്വചിത്രത്തിന്റെ ഇംഗ്ലിഷ്, മലയാളം പതിപ്പുകൾ കാണാം.