ഇന്നറിയപ്പെടുന്ന എല്ലാം സംസ്കാരങ്ങള്‍ക്കും മുന്‍പ് ഈ ഭൂമിയില്‍ പൊട്ടിമുളച്ച ഒരു മരം ഇന്നും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ട. സ്വീഡനിലെ ദലാര്‍നയിലാണ് ഈ മരമുള്ളത്. ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മരം. 9865 വര്‍ഷം പ്രായമുണ്ട് നോര്‍വേ സ്പ്രൂസ് ഗണത്തില്‍ പെട്ട ഈ മരത്തിന്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ 2004 ലാണ് ഈ മരത്തിന്‍റെ കാലപ്പഴക്കം നിര്‍ണയിച്ചത്. കഴിഞ്ഞ ഹിമയുഗത്തിന്‍റെ അവസാനത്തിലാണ് ഈ മരം മുളച്ചത്.

പതിനായിരത്തോളം വര്‍ഷം പഴക്കം പ്രായത്തിലുണ്ടെങ്കിലും 16 പിന്നിടാത്ത കുട്ടിയായെ ഈ മരത്തെ കണ്ടാൽ തോന്നു.16 അടി മാത്രമാണ് മരത്തിന്‍റെ ഉയരം. ഇതിനു കാരണം മരത്തിന്‍റെ മുകള്‍ ഭാഗത്തിന് ഇത്ര തന്നെയെ പ്രായമുള്ളൂ എന്നതിനാലാണ്. അതേസമയം വേരിനും താഴ്ഭാഗത്തെ തണ്ടിനുമാണ് പതിനായിരത്തോളം വര്‍ഷം പ്രായമുള്ളത്. മുകള്‍ഭാഗം പല തവണ നശിക്കുകയും വീണ്ടും വളരുകയും ചെയ്തെങ്കിലും മരത്തിന്‍റെ കീഴ്ഭാഗം മാറ്റമില്ലാതെ തന്നെ തുടര്‍ന്നു. ഈ അപൂര്‍വ  പ്രതിഭാസമാണ് മരത്തിന് ഇത്ര വര്‍ഷത്തോളം ആയുസ്സ് നല്‍കിയെന്നാണ് കരുതുന്നത്. വെജിറ്റേറ്റീവ് ക്ലോണിങ് എന്നാണ് ഈ പ്രക്രിയയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്

ഇതോടൊപ്പം ശൈത്യകാലത്ത് ശിഖരങ്ങള്‍ മണ്ണോളം താഴ്ന്നു വേരു പിടിക്കുന്നതും ഈ മരത്തിന്‍റെ പ്രത്യേകതയായി കണ്ടെത്തി. ഈ സവിശേഷതയും പൂര്‍ണമായും നശിക്കാതെ സംവത്സരങ്ങള്‍ പിന്നിട്ട് ഇന്നും നിലനില്‍ക്കാന്‍ ഈ മരത്തെ സഹായിച്ചിട്ടുണ്ട്.

അതേസമയം വേരുകള്‍ മാത്രമെ പഴക്കമേറിയതുള്ളൂ എന്നതിനാല്‍ ഔദ്യോഗികമായി ഈ മരത്തെ ഏറ്റവും പ്രായമുള്ള മരമെന്ന് അംഗീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച തര്‍ക്കവും ഗവേഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഭൗമ ശാസ്ത്രജ്ഞനായ ലീഫ് കുള്‍മാനാണ് ഈ മരത്തെ കണ്ടെത്തിയത്. തന്‍റെ നായയുടെ പേരായ ജിക്കോ എന്നാണ് ഇദ്ദേഹം ഈ മരത്തെ വിളിച്ചത്.

ജിക്കോയുടെ വംശത്തില്‍ പെട്ട ഇരുപതോളം മരങ്ങള്‍ ഇങ്ങനെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവക്കെല്ലാം 8000 ത്തിൽ അലധികം വര്‍ഷത്തെ പഴക്കം വരും.അതേസമയം 80000 ത്തിലധികം വര്‍ഷം പഴക്കം ചെന്ന വേരുകളും ഭൂമിയിലുണ്ട്. ഇതുപക്ഷേ ഒരു മരത്തിന്‍റെയല്ല ഒരു പറ്റം മരക്കൂട്ടത്തിന്‍റെയാകെ വേരുകളാണെന്നു  മാത്രം. അമേരിക്കയിലെ ഒട്ടാവയിലുള്ള പാണ്ടോ എന്ന മരക്കൂട്ടത്തിന്‍റെ വേരുകളാണിവ. നാട്ടില്‍  വള്ളിച്ചെത്തി പുല്ലാനി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെടിയുടെ വേരുകള്‍ പോലെയുള്ള ഘടനയാണ് ഇവയുടെയും. ചെടികള്‍ നശിക്കുമ്പോഴും തളിര്‍ക്കുമ്പോഴും വേരുകള്‍ നിലനില്‍ക്കും.