ആകാശത്തു നിന്ന് തീമഴ പെയ്യുന്ന ദിവസങ്ങളെക്കുറിച്ച് പൗരാണിക ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരം തീമഴകളും തീപ്പന്തുകളും ഇപ്പോഴും പലയിടത്തും പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ ഈ തീപ്പന്തുകള്‍ ദൈവകോപമല്ലെന്നും മറിച്ച് ഭൂമിയുടെ അന്തരീക്ഷ കവചത്തെ മറികടന്നെത്തുന്ന ബഹിരാകാശ വസ്തുക്കളാണെന്നും തിരിച്ചറിയാനുള്ള വിവേകം മനുഷ്യര്‍ക്ക് കൈവന്നുവെന്നു മാത്രം. ഇത്തരത്തില്‍ രണ്ട് ബഹിരാകാശ വസ്തുക്കളാണ്  ഓസ്ട്രേലിയയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച ദൃശ്യമായത്. രണ്ട് ദിവസത്തിന്‍റെ ഇടവേളയിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്.

ഓസ്ട്രേലിയയിലെ തീപ്പന്തുകള്‍

മെയ് 20 നാണ് ആദ്യ തീപ്പന്ത് ദൃശ്യമായത്. പുലര്‍ച്ചെ നാല് മണിയോടെ വടക്കന്‍ ഓസ്ട്രേലിയയില്‍ ദൃശ്യമായ ഒരു ഉല്‍ക്കയ്ക്ക് കത്തിജ്വലിയ്ക്കുന്ന വലിയൊരു പന്തിന്‍റെ രൂപമായിരുന്നു. വടക്കന്‍ ഓസ്ട്രേലിയയിലെ ടെനന്‍റ് ക്രീക്ക്, ആലിസ് സ്പ്രിങ് എന്നീ സ്ഥലങ്ങളിലാണ് ഈ ഉല്‍ക്ക ദൃശ്യമായത്. ഏതാണ്ട് 500 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ രണ്ട് സ്ഥലങ്ങളില്‍ ഉല്‍ക്ക ദൃശ്യമായത് ആ ഉല്‍ക്കയുടെ വലുപ്പം വ്യക്തമാക്കുന്ന തെളിവാണെന്നു ഗവേഷകര്‍ പറയുന്നു. 

രണ്ട് ദിവസത്തിനു ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ടാമത്തെ ഉല്‍ക്ക ഓസ്ട്രേലയയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഇത്തവണ തെക്കന്‍ ഓസ്ട്രേലിയയിലാണ് ഉല്‍ക്ക ദൃശ്യമായത്. തെക്കൻ ഓസ്ട്രേലിയയിലും വിക്ടോറിയയിലുമായി പ്രത്യക്ഷപ്പെട്ട ഉല്‍ക്ക ഏതാണ്ട് ഒരു മണിക്കൂറോളം ആകാശത്ത് ദൃശ്യമായിരുന്നു. ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ദിവസേനയെന്നവണ്ണം നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ തക്കവിധം ഉല്‍ക്കകള്‍ വീണെരിഞ്ഞു പോകുന്നുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഉല്‍ക്കവീഴ്ച അത്ര അപൂര്‍വ പ്രതിഭാസമല്ല. മറിച്ച് ഉല്‍ക്കകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് ഭൂമി സ്ഥിതി ചെയ്യുന്നതെന്നാണ് ഇത്തരം ഉല്‍ക്കാവീഴ്ചകള്‍ ഓര്‍മപ്പെടുത്തുന്നത്.

ദിവസേനയെത്തുന്നത് 100 ടണ്‍ ഉല്‍ക്കകള്‍

മനുഷ്യന് കാണാന്‍ കഴിയാത്ത അനവധി ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷ കവചത്തില്‍ തട്ടി എരിഞ്ഞു പോകുന്നുണ്ട്. മനുഷ്യന്‍റെ തലയ്ക്ക് മുകളില്‍ ഏതാണ്ട് 100 കിലോമീറ്ററിനപ്പുറം നടക്കുന്ന ഈ പ്രതിഭാസത്തില്‍ ദിവസേന ശരാശരി 100 ടണ്‍ ഉല്‍ക്കകള്‍ വീതമാണ് എരിഞ്ഞു പോകുന്നത്. ഇവയുടെ അവശിഷ്ടങ്ങള്‍ പോലും ഭൂമിയിലേക്കെത്തില്ല. 

ഒരു അരിമണിയുടെ വലുപ്പം മുതല്‍ മുന്തിരിയുടെയും തണ്ണിമത്തന്‍റെയും കാറിന്‍റെയും വരെ വലുപ്പമുള്ള ഉല്‍ക്കകള്‍ സാധാരണ കാണപ്പെടാറുണ്ട്. ഉല്‍ക്കകളുടെ വലുപ്പം വർധിക്കുന്നതനുസരിച്ച് ഇവയുടെ ചുറ്റുമുള്ള തീവളയത്തിന്‍റെ വലുപ്പവും വർധിക്കും. ഒപ്പം വലുപ്പം കൂടുന്തോറും ഇവയ്ക്ക് അന്തരീക്ഷ കവചം ഭേദിക്കാനുള്ള ശേഷിയും ലഭിക്കും. വലുപ്പം കൂടിയ ഉല്‍ക്കകള്‍ അന്തരീക്ഷ കവചം ഭേദിച്ചാലും ആ പ്രക്രിയയ്ക്കിടെ അവ വിഛേദിക്കപ്പെട്ട് പൊടിഞ്ഞു പല കഷണങ്ങളായി മാറുകയാണു പതിവ്. ഇങ്ങനെ ഏതോ ഉല്‍ക്ക രണ്ടായി പിളര്‍ന്നതാകാം  ഓസ്ട്രേലയയുടെ ആകാശത്തു പ്രത്യക്ഷപ്പെട്ട തീഗോളങ്ങളെന്നാണു കരുതുന്നത്.

100 വര്‍ഷത്തിനിടയിലെ ഏറ്റവും വലുത്

2013 ല്‍ ഉണ്ടായ ചെലിയാബിസിങ്ക് തീപ്പന്താണ് സമീപകാലത്ത് ഭൂമിയിലുണ്ടായ ഏറ്റവും വലിയ ഉല്‍ക്കാ വീഴ്ച. ഒരു പക്ഷേ 100 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഉല്‍ക്കാ വീഴ്ചകളില്‍ ഏറ്റവും വലുത്. 20 മീറ്റര്‍ ചുറ്റളവുണ്ടായിരുന്ന ആ ഉല്‍ക്കയ്ക്ക് ഏകദശം 10000 ടണ്‍ ആണ് ഭാരം കണക്കാക്കിയിരുന്നത്. അന്നുണ്ടായ ഉല്‍ക്കാപതനത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മെക്സിക്കോയില്‍ പതിച്ച 200 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗര്‍ത്തം സൃഷ്ടിക്കുന്നതിനു കാരണമായ ഉല്‍ക്കയാണ് ഭൂമിയില്‍ ഇതുവരെ പതിച്ചവയില്‍ ഏറ്റവും വലുത്.