പകൽവെട്ടത്തിലും റോഡിലിറങ്ങിയ കാട്ടുപോത്ത് യാത്രികരെ ഭീതിലാഴ്ത്തി. മറയൂർ കാന്തല്ലൂർ പാതയിൽ  കീഴാന്തൂർ ഗ്രാമത്തിന് സമീപം ശിവൻപന്തിയിലാണ് ഇന്നലെ  രാവിലെ പത്തരയോടെ കാട്ടുപോത്ത് ഇറങ്ങിയത്.  ഗ്രാമത്തിന് സമീപമുള്ള വീടുകൾക്കിടയിലൂടെ മേഞ്ഞ് നടന്ന കാട്ടുപോത്തിനെ തുരത്താൻ നിവാസികൾ  ശ്രമിച്ചിട്ടും പോകാൻ കൂട്ടാക്കാതെ തിരിച്ച് ഓടിക്കുകയായിരുന്നു. 

വെട്ടുകാട് ചന്ദന റിസർവിൽ നിന്നും കീഴാന്തൂർ ഗ്രാമത്തിലേക്ക് കടക്കുന്ന കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങൾ ഗ്രാമീണർ വിളവിറക്കിയിരുന്ന കൃഷിവിളകൾ പൂർണമായും നശിപ്പിച്ചിരുന്നു. വന്യമൃഗശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി കൃഷികൾ ഉപേക്ഷിച്ച് കാപ്പി,ഏലം തുടങ്ങിയ വിളകളാണ് കർഷകർ ഉപജീവനത്തിനായി കൃഷി ചെയ്തുവരുന്നത്. 

എന്നാൽ പകൽ സമയത്തും തോട്ടങ്ങളിൽ വന്യമൃഗങ്ങൾ എത്തുന്നതിനാൽ പണിചെയ്യുവാൻ പോലും  കഴിയാത്ത അവസ്ഥയാണ്  കർഷകർക്ക്. മറയൂർ ,കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്ത് കാട്ടാനകൂട്ടം യാത്രികരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും സ്ഥിരം സംഭവമാണ്. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്.

ജീവന് ഭീഷണിയായി കാട്ടാന

വാഹന യാത്രക്കാർക്കും വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും ജീവന് ഭീഷണിയായി കാട്ടാന. മൂന്നാർ – മറയൂർ റോഡിൽ പെരിയവരൈ, കന്നിമല പ്രദേശങ്ങളിലാണ് ഒരാഴ്ചയായി ഒറ്റയാൻ സ്ഥിരമായി റോഡിൽ ഇറങ്ങുന്നത്. സന്ധ്യയാകുന്നതോടെ കാടിറങ്ങുന്ന കൊമ്പൻ റോഡിൽ നിലയുറപ്പിക്കുകയും തൊഴിലാളി ലയങ്ങൾക്കു സമീപം എത്തുകയും ചെയ്യും. 

തിങ്കൾ വൈകിട്ട് 7ന് ഡിവൈഎസ്പി ഓഫിസിനു മുൻഭാഗത്ത് റോഡിൽ നിലയുറപ്പിച്ച കാട്ടാന വാഹന ഗതാഗതം തടസ്സപ്പെടുത്തി. രാത്രി 9ഓടെ ഇവിടെ നിന്നും പെരിയവരൈ ടോപ് ഡിവിഷനിൽ തൊഴിലാളി കോളനികളിലും എത്തി. മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തിരിച്ചു വീടുകളിലേക്കു മടങ്ങുന്ന സമയത്താണ് ഇവർക്കു ഭീഷണിയായി കാട്ടാനയുടെ ഊരുചുറ്റൽ. 

കഴിഞ്ഞ ഒരാഴ്ചയായി ദിവസേന ഈ ആന ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നു. വഴിവാണിഭക്കാർ പാതയോരത്ത് ഉപേക്ഷിക്കുന്ന കരിക്കിന്റെയും മറ്റും അവശിഷ്ടങ്ങൾ അകത്താക്കാനാണു കാട്ടാനകൾ എത്തുന്നത്. പൊതുവേ ഉപദ്രവകാരികൾ അല്ലെങ്കിലും ആരെങ്കിലും അബദ്ധത്തിൽ മുന്നിൽ പെട്ടാൽ ആക്രമണം ഉറപ്പ്. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന സമയത്ത് അവയെ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനും വനംവകുപ്പ് വാച്ചർമാരെ നിയോഗിച്ചാൽ അപകട ഭീഷണി കുറയും.