പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കൂട്ടംതെറ്റിയ കുട്ടിയാന നൊമ്പരമാകുന്നു. സുങ്കം റേഞ്ച് പരിധിയിൽ തൂണക്കടവ് അണക്കെട്ടിന്റെ പരിസരത്താണ് ഒന്നര വയസ്സു തോന്നിക്കുന്ന ആനക്കുട്ടി 20 ദിവസത്തോളമായി അലഞ്ഞു തിരിയുന്നത്. വനം വകുപ്പിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്നു സുങ്കം റേഞ്ച് ഓഫിസർ ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ചെട്ടിവാര സെക്‌ഷനിലെ ജീവനക്കാരുടെ നിരീക്ഷണത്തിലാക്കി. കുട്ടിയാന അമ്മയിൽനിന്ന് അകന്നു കൂട്ടംതെറ്റി വന്നതിനാൽ തീറ്റയെടുക്കൽ വളരെ കുറവാണ്. ക്ഷീണിച്ചു തുടങ്ങി.

മെലിഞ്ഞു എല്ലുകൾ പുറത്തു കാണുന്ന സ്ഥിതിയാണ്. ചിറ്റൂർ ഗവ.പോളി ക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ശെൽവമുരുകന്റെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ വകുപ്പ് സംഘത്തെ പറമ്പിക്കുളത്ത് എത്തിച്ചു 5 തവണ ഗ്ലൂക്കോസ് കുത്തി വച്ചിട്ടുണ്ട്. ആനക്കുട്ടിയെ അതിന്റെ അമ്മ ഉൾപ്പെടുന്ന സംഘത്തിലെത്തിക്കുക ശ്രമകരമായ ദൗത്യമാണ്. തീറ്റയെടുക്കൽ കുറഞ്ഞ കുട്ടിയാനയെ ആനക്കൊട്ടിലിലേക്കു മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വനം വകുപ്പ് പരിഗണിക്കുന്നുണ്ട്.