പതിറ്റാണ്ടുകളായി സ്കോട്‌ലൻഡിലെ ഒരു തടാകത്തിൽ നിന്നു നിഗൂഢതയുടെ തല നീട്ടി മനുഷ്യമനസ്സുകളിലൂടെ ചുറ്റിക്കറങ്ങുകയാണ് ആ ഭീമൻ. ‘നെസി’ എന്ന ഓമനപ്പേരിട്ടിരിക്കുന്ന അവയെ ശാസ്ത്രലോകം ‘ലോക് നെസ് മോൺസ്റ്റർ’ എന്നാണു വിളിക്കുന്നത്. ജുറാസിക് കാലത്തു ജീവിച്ചിരുന്ന ഒരുതരം കഴുത്തു നീണ്ട ജലജീവികളുടെ പുതുതലമുറയാണ് നെസിയെന്നും അവയുടെ പുതുതലമുറ ഇന്നും ‘ലോക് നെസ്’ എന്ന തടാകത്തിൽ ജീവിച്ചിരിപ്പുണ്ടെന്നുമാണു വിശ്വാസം. പലപ്പോഴായി തടാകത്തിൽ നെസിയുടെ തല പ്രത്യക്ഷപ്പെടാറുണ്ട്. ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിന് പ്രധാന കാരണവും നെസിയാണ്. എഡി 565ൽ ഒരു ഐറിഷ് സന്യാസിയാണ് ആദ്യമായി നെസിയെ കണ്ടതായി പറയപ്പെടുന്നത്. പിന്നീട് ആയിരക്കണക്കിനു പേർ ഈ നീളൻ കഴുത്തുള്ള ജീവിയെ തടാകത്തിൽ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എല്ലാ വർഷവും ഇടയ്ക്കിടെ ലോക് തടാകത്തിൽ നെസിയുടെ തല പ്രത്യക്ഷപ്പെടാറുണ്ട്. 2016 ഓഗസ്റ്റ് 21ന് ഇത്തരത്തിലുള്ള രണ്ടു ജീവികളെ തടാകതീരത്തു കണ്ടിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് നീണ്ട ഒരിടവേള; അവസാനത്തെ നെസിയും ഇല്ലാതായെന്നു വിശ്വസിച്ചിരിക്കുമ്പോഴായിരുന്നു 2017 മേയിൽ വീണ്ടും ഒരു വിഡിയോ ലഭിക്കുന്നത്. അങ്ങനെ ഒളിഞ്ഞു തെളിഞ്ഞും ലോകത്തിനു മുന്നിലേക്കു തലനീട്ടുന്ന നെസിയെ ഒടുവിൽ ‘വലയിൽ’ കുരുക്കാൻ തന്നെ ഗവേഷകരുടെ തീരുമാനിച്ചു.

ന്യൂസീലൻഡിൽ നിന്നുള്ള പ്രഫ. നീൽ ഗെമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെസിയെ തേടിയിറങ്ങിയത്. ഡിഎൻഎ സാംപിളിങ് സാങ്കേതികതയാണ് ഇക്കാര്യത്തിൽ ഗവേഷകർക്കു സഹായകരം. തടാകത്തിലെ ജലത്തിൽ നിന്ന് ലോക് നെസിന്റെ ഡിഎൻഎ ശേഖരിച്ചെടുക്കാനാകുമെന്നാണു ഗവേഷകരുടെ വിശ്വാസം. രണ്ടാഴ്ച കൊണ്ട് തടാകത്തിലെ ജലത്തിന്റെ സാംപിളുകൾ പലയിടത്തു നിന്നായി ശേഖരിച്ചാണ് അന്വേഷണം ആരംഭിക്കുക. അവിടെ നിന്നു ശേഖരിക്കുന്ന സാംപിളുകൾ ന്യൂസീലൻഡ്, ഓസ്ട്രേലിയ, ഡെന്മാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയയ്ക്കും. അവിടെയുള്ള ജനിതക ഡേറ്റയുമായി ഒത്തുനോക്കിയായിരിക്കും നെസിയ്ക്കു പിന്നിലുള്ള രഹസ്യം ഗവേഷകർ തിരിച്ചറിയുക. ഏതെല്ലാം ജീവികളാണു തടാകം വാസസ്ഥാനമാക്കിയിട്ടുള്ളതെന്നു ജനിതക പരിശോധനയിലൂടെ വ്യക്തമാകുമെന്നാണു പ്രഫ. നീൽ പറയുന്നത്. 

അതേസമയം, നെസി എന്ന ജീവി തടാകത്തിൽ ഇല്ല എന്നു തന്നെയാണു തന്റെ വിശ്വാസമെന്നും പ്രഫസർ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ ചില ‘രസികൻ’ കണ്ടെത്തലുകൾ നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. ഇനിയും ബാഹ്യലോകത്തിനു മനസ്സിലാക്കാനാകാത്ത പല കാര്യങ്ങളും തടാകത്തിൽ ഒളിച്ചിരിപ്പുണ്ട്. അവയെപ്പറ്റിയുള്ള വിവരങ്ങൾ തിരിച്ചറിയുക രസകരമായിരിക്കുമെന്നാണു നീലിന്റെ പക്ഷം. ഇതിനു മുൻപ് നെസിയെ കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്.

പലരും അതിന്റെ ഫോട്ടോയെടുത്തതായും അവകാശപ്പെടുന്നു. എന്നാൽ വ്യക്തമായ ഒരു രൂപം ആർക്കും പകർത്താനായിട്ടില്ല. ദിനോസറുകളുടെ കാലത്തു ജീവിച്ചിരുന്ന ഒരു തരം കടൽഭീമനാണ് നെസിയെന്നാണ് പലരും വിശ്വസിക്കുന്നത്. ഇവ തടാകത്തിന്റെ അടിത്തട്ടിലെവിടെയോ ആണ് ജീവിക്കുന്നതെന്ന സംശയം കാരണം സർക്കാർ തന്നെ ഇടപെട്ട് ഒട്ടേറെ തിരച്ചിലുകൾ നടത്തിയിരുന്നു. പക്ഷേ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആകെക്കിട്ടിയ തെളിവാകട്ടെ വെള്ളത്തിനു മുകളിൽ നീണ്ടു നിൽക്കുന്ന തലയുമായുള്ള ഏതോ ഒരു ജീവിയുടെ ചിത്രവും. അതും അത്ര വ്യക്തമല്ലാത്തത്. 

എന്തായാലും വിഷയത്തിൽ വ്യക്തത വരുത്താനുള്ള ചില ‘ബയോളജിക്കൽ’ തെളിവുകൾ ഇത്തവണ ലഭിക്കുമെന്നാണു ഗവേഷകർ കരുതുന്നത്. നെസിക്കു പകരം ഏതു ജീവിയെയാണു തടാകത്തിൽ കണ്ടിരുന്നുവെന്നതു സംബന്ധിച്ചും വിശദീകരണം നൽകാൻ ഒരുപക്ഷേ ഗവേഷകർക്ക് ഡിഎൻഎ വിശകലനത്തിലൂടെ അവസരം ലഭിക്കും. വെള്ളത്തിലൂടെ നീന്തുമ്പോൾ അവശേഷിപ്പിക്കുന്ന ശരീരാവശിഷ്ടങ്ങളിൽ നിന്നായിരിക്കും ലോക് തടാകത്തിലെ ജലജീവികളുടെ ഡിഎന്‍എ വേർതിരിച്ചെടുക്കുക. ജീവികളുടെ ചർമം, ശൽക്കങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ലഭിക്കാം. പരിശോധനകൾക്കൊടുവിൽ ലോക് നെസ് തടാകത്തിന്നടിയിൽ നിന്ന് ആ രഹസ്യം മുകളിലേക്കു തലനീട്ടുമെന്നു തന്നെയാണു ഗവേഷകർ വിശ്വസിക്കുന്നത്.

തടാകത്തില്‍ ഇത്തരം ഒരു വലിയ ജീവിയോ, ജീവികളോ ഉണ്ടെങ്കില്‍ അത് ഡിന്‍എ പരിശോധനയില്‍ തീര്‍ച്ചയായും വ്യക്തമാകുമെന്നും  പ്രഫ. നീൽ പറയുന്നു. പരിശോധനയില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്താനായില്ലെങ്കില്‍ നെസി എന്നത് ഒരു മിത്താണെന്ന കാര്യം ഉറപ്പിക്കാമെന്നും നീല്‍ വ്യക്തമാക്കി.

നെസി ഇല്ല എന്നതിനു തെളിവ് സ്മാര്‍ട്ട് ഫോണുകള്‍

ഡിഎന്‍എ പരിശോധനയുമായി ബന്ധമില്ലെങ്കില്‍ പോലും നെസി ഉള്‍പ്പെയുള്ള അജ്ഞാത ജീവികളുടെ മിത്തുകളെക്കുറിച്ച് ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം കൂടി ഇതേ സമയമുണ്ടായി. ഫോസില്‍ പഠന വിദഗ്ധനായ ഡോ ഡാരന്‍ നിഷാണ് ഈ നിരീക്ഷണം മുന്നോട്ടു വച്ചത്. നെസിയും സമാനമായ മിത്തുകളായ ഹിമാലയന്‍ യതി, അമേരിക്കയിലെ ബിഗ് ഫൂട്ട് തുടങ്ങിയവയും ഇല്ലെന്നു തീര്‍ത്തു പറയാന്‍ ഈ ഗവേഷകന്‍ ആശ്രയിക്കുന്നത് സ്മാര്‍ട്ട് ഫോണുകളുടെ സാന്നിധ്യത്തെയാണ്. ഈ ജീവികളിലേതെങ്കിലും ഒന്ന് സത്യമാണെങ്കില്‍ അവയുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതിനകം പുറത്തു വന്നേനെയെന്നാണ് ഇദ്ദേഹം പറയുന്നത്.

ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുകള്‍ സര്‍വ സാധാരണമായിട്ട് ഇതിനകം ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. പക്ഷേ ഇതുവരെ അജ്ഞാത ജീവികളെന്നു പറയപ്പെടുന്ന ഒന്നിന്‍റെയും ചിത്രങ്ങള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. നെസി ഉണ്ടെന്നു പറയപ്പെടുന്ന സ്കോട്‌ലന്‍ഡ് തടാകക്കരയിലും, യതിയേയും , ബിഗ്ഫൂട്ടിനെയും മറ്റും കണ്ടു എന്നവകാശവാദമുന്നയിക്കുന്ന കാടുകളിലും അനേകം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെ നിരീക്ഷിക്കാന്‍ വച്ചിരിക്കുന്ന ഈ ക്യാമറകളില്‍ എല്ലാ ജീവികളും പലയിടത്തായി പതിയുന്നുമുണ്ട്. എന്നിട്ടും അജ്ഞാത ജീവികളില്‍ ഒന്നിന്‍റെ പോലും ചിത്രം പുറത്തുവരാത്തത് അവ ഇല്ല എന്നതിന്‍റെ തെളിവാണെന്ന് ഡാരന്‍ നിഷ് വിശദീകരിക്കുന്നു.