നാടിനെ പിടിച്ചുകുലുക്കി കുപ്രസിദ്ധിയാർജിച്ച ഇല്ലിക്കൊമ്പനു ശേഷം മറ്റൊരു കൊമ്പൻ കൂടി കാടിറങ്ങി എത്തുന്നു. പകലും കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനയെ പേടിച്ച് ഗ്രാമീണർ. ചക്ക തേടി എത്തുന്ന കാട്ടാനയാണ് വടശേരിക്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നത്. പകലും രാത്രിയെന്നുമില്ലാതെ ആന വനാതിർത്തികളിലും ജനവാസകേന്ദ്രങ്ങളിലും വിഹരിക്കുകയാണ്. 

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ആന ബൗണ്ടറി ചിറയ്ക്കൽ ഭാഗത്തെത്തിയിരുന്നു. വാഴക്കുന്നത്ത് ജിജോ വർഗീസ്, സജി, വലിയതറയിൽ അനു എന്നിവരുടെ പുരയിടങ്ങളിലെത്തിയ ആന റബർ, പ്ലാവ്, കമുക്, തെങ്ങ് എന്നിവയെല്ലാം വൻതോതിൽ നശിപ്പിച്ചു.

പേഴുംപാറ, അരീക്കക്കാവ്, മണിയാർ, കൊടുമുടി തുടങ്ങിയ ഭാഗങ്ങളിലെല്ലാം കാട്ടാന എത്തുന്നുണ്ട്. ദിവസമെന്നോണം എത്തുന്ന ആനയ്ക്ക് പ്ലാവ് കുലുക്കി ചക്കയിടുന്നതാണ് ഹരം. 

അതു തിന്നിട്ടാണ് അടുത്ത മേച്ചിൽപ്പുറം തേടി പോകുന്നത്. വനത്തിനുള്ളിലേക്ക് ആന പോകുന്നില്ലെന്നു സമീപവാസികൾ പറയുന്നു. വീടുകളുടെ മുറ്റത്തും എരുത്തിലിനു സമീപവുമൊക്കെ ആന എത്തുന്നുണ്ട്. രാത്രിയിലും പകലും വീടുകൾക്കു പുറത്തിറങ്ങാൻ ജനങ്ങൾക്കു ഭയമാണ്. ആനയെ കാടു കയറ്റി വിടാൻ വനപാലകരും ശ്രമിക്കുന്നില്ല.