ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറയെന്നറിയപ്പെടുന്ന ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളെ വിദേശീയ കളകളിൽ നിന്ന് വിമുക്തമാക്കുന്നു. അക്കേഷ്യ സീസ്യ (ഇഞ്ചമുള്ള്), യുപ്പറ്റോറിയം (കമ്യൂണിസ്റ്റ് പച്ച), ലന്റാനാ കമർ ( കൊങ്ങിണി) എന്നീ വിദേശീയ കളകളാണ് സങ്കേതങ്ങളിൽ നീക്കം ചെയ്യുന്നത്. ഇവ നാട്ടു സസ്യങ്ങൾക്ക് ഭീഷണിയാവുകയും കാടിന്റെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും ചെയ്യുന്നതാണ് കാരണം.

അക്കേഷ്യ സീസ്യ ( ഇഞ്ചമുള്ള് )

80.3 ചതുരശ്ര കീലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന വന്യ ജീവി സങ്കേതത്തിൽ 1387.3 ഏക്കർ സ്ഥലം വിദേശീയ കളകൾ കയ്യടക്കി കഴിഞ്ഞു. മാസങ്ങളെടുത്ത് വനപാലകർ നടത്തിയ സർവേയിലാണ് കണക്കെടുപ്പ് പൂർത്തീകരിച്ചത്. വിദേശീയ കളകളുടെ സാന്നിധ്യം കൂടുതൽ കുറവ് സ്ഥലമുള്ള കൊട്ടിയൂരിലാണ്. 

യുപ്പറ്റോറിയം (കമ്യൂണിസ്റ്റ് പച്ച)

30.3 ചതുരശ്ര കിലോമീറ്ററുള്ള കൊട്ടിയൂരിൽ 1227.3 ഏക്കർ സ്ഥലത്ത് ഈ കളകളുണ്ട്. 55 ചതുരശ്ര കിലോമീറ്ററുള്ള ആറളത്ത് 160 ഏക്കർ സ്ഥലം മാത്രമെ വിദേശീയ കളകൾ കയ്യടക്കിട്ടുള്ളൂ.

മാനുകളുടെ തീറ്റ കേന്ദ്രം ആകേണ്ട പുൽമേട് മൈതാനങ്ങൾ അതേ പടി കൊങ്ങിണി പാടങ്ങളായി മാറിയിട്ടുണ്ട്. മാനുകൾ കാട്ടിൽ നിന്ന് ഫാമിലും മറ്റ് ജനവാസ കേന്ദ്രങ്ങളിലും എത്താൻ ഇത് കാരണമാണ്.2 മാസമായി എല്ലാ ഞായറാഴ്ചകളിലും വനപാലകർ വിദേശ കള നശീകരണം നടത്തുന്നുണ്ട്. തീരുന്നതു വരെ തുടരും.