പേര് ചാവുകടൽ എന്നാണെങ്കിലും അതൊരു തടാകമാണ്, ലോകത്തിലെ ഏറ്റവും ഉപ്പുരസമേറിയ ജലമുള്ള തടാകം. അതായത് സമുദ്ര ജലത്തേക്കാൾ പത്തിരട്ടി ഉപ്പുരസമുണ്ട് ചാവുകടലിലെ വെള്ളത്തിന്. മെഡിറ്ററേനിയൻ കടലിൽ നിന്നു വിട്ടു മാറിയുള്ള ഈ തടാകത്തിലെ ഉപ്പുരസം ഓരോ ദിവസം കഴിയുന്തോറും വർധിച്ചു വരികയാണ്. മാത്രവുമല്ല തടാകത്തിലെ ആഴമുള്ള ഭാഗങ്ങളിൽ വൻതോതിൽ ഉപ്പു ക്രിസ്റ്റലുകൾ നിറയുകയും ചെയ്യുന്നു. 1979 മുതൽ ഈ അജ്ഞാത ക്രിസ്റ്റലുകൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.  എന്നാൽ ഇന്നേവരെ, ഇത്തരത്തിൽ ക്രിസ്റ്റലുകൾ രൂപപ്പെടുന്നതിന്റെ കാരണം മാത്രം പിടികിട്ടിയിരുന്നില്ല. ഇപ്പോൾ അതിനും ഒരു കൂട്ടം ഗവേഷകർ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

ചാവുകടലിലെ ഉപ്പിന്റെ അംശം വർധിക്കാനുള്ള പ്രധാന കാരണം മനുഷ്യരാണ്. ഈ തടാകത്തിലേക്ക് ജോർദാൻ നദിയിൽ നിന്നു ശുദ്ധജലം എത്താനുള്ള കൈവഴികളുണ്ടായിരുന്നു. ആ വെള്ളം എത്തുന്നതിനനുസരിച്ച് ഉപ്പുരസത്തിൽ കൃത്യമായ ‘ബാലൻസ്’ പുലർത്താനും ചാവുകടലിനു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ജോർദാൻ നദിയിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞു. കൃഷിക്കും ഖനനത്തിനും കുടിക്കാനുമെല്ലാമായി നദിയിലെ െവള്ളം ഉപയോഗപ്പെടുത്തിയതാണു പ്രശ്നമായത്. അതോടെ ചാവുകടലിലെ അവശേഷിക്കുന്ന ജലവും ബാഷ്പീകരിച്ചു പോകാൻ തുടങ്ങി. 

അതിന്റെ ഫലമായി, ആഴം കുറഞ്ഞ മിക്ക ഭാഗങ്ങളിലും വികൃതമായ ആകൃതികളിൽ ഉപ്പുക്രിസ്റ്റൽ ‘സ്തൂപങ്ങൾ’ ഉയർന്നു. എന്നാൽ ആഴം കൂടിയ ഭാഗങ്ങളിൽ മറ്റൊന്നാണു സംഭവിച്ചത്. അവിടെ ജലോപരിതലത്തിൽ ഉപ്പുക്രിസ്റ്റലുകൾ കെട്ടിക്കിടക്കാൻ തുടങ്ങി. വെള്ളത്തിലെ ചെറിയൊരു ചലനം മതി ഈ ക്രിസ്റ്റലുകൾ താഴേക്ക് ഊറിയിറങ്ങും. തടാകത്തിന്റെ അടിയിൽ ഒരു ഡ്രോൺ ഉപയോഗിച്ചു വിഡിയോ പകർത്തിയപ്പോൾ മഞ്ഞുവീഴുന്നതു പോലെയായിരുന്നു ഉപ്പുക്രിസ്റ്റലുകളുടെ പതനം. ഇത്തരത്തിൽ ഉപ്പ് തടാകത്തിന്റെ അടിത്തട്ടിൽ ഊറിയിറങ്ങിക്കിടക്കുന്നതിനെ ‘സോൾട്ട് ഫിംഗറിങ്’ എന്നാണു വിളിക്കുക. 

എന്നാൽ ഉപ്പുരസമേറിയ തടാകങ്ങളിൽ ഇതെങ്ങനെയാണു സംഭവിക്കുന്നതെന്നു മാത്രം ഗവേഷകർക്ക് അറിയില്ലായിരുന്നു. ചെറിയ അളവിലുള്ള ഉപ്പു ക്രിസ്റ്റലുകൾ വളരെ ചെറിയ സമയം കൊണ്ടാണ് കൂടിച്ചേർന്നു വലുപ്പം വയ്ക്കുന്നക്. ഇതിനെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാന്റാ ബാർബറയിലെ ഗവേഷകർ പഠിച്ചു. എങ്ങനെയാണ് ഈ ‘ഉപ്പുമഞ്ഞ്’ പൊഴിയുന്നതെന്നും കണ്ടെത്തി. 

ചാവുകടലിനു മേൽ സൂര്യപ്രകാശം വീഴുമ്പോൾ ജലത്തിന്റെ ഉപരിതലം ചൂടാകും. താഴെയുള്ള വെള്ളത്തിനാകട്ടെ തണുപ്പുമാണ്. മുകളിൽ നിന്ന് ജലം അൽപാൽപമായി ബാഷ്പീകരിക്കാൻ തുടങ്ങും. അതോടെ ജലോപരിതലത്തിൽ ഉപ്പുരസവും കൂടും. ഉപ്പുക്രിസ്റ്റലുകൾ രൂപപ്പെടും. സാധാരണ ഗതിയിൽ  ഉപ്പുരസം കൂടിയ തടാകങ്ങളിൽ ചൂടേറിയ ജലവും തണുത്ത ജലവും കൂടിച്ചേരാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ചാവുകടലിനു മുകളിൽ ഇടയ്ക്കിടെ കാറ്റിൽ ഓളങ്ങളുണ്ടാകും, അല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നു ജലത്തിന് അനക്കം തട്ടും. ചൂടുവെള്ളവും തണുത്തവെള്ളവും കൂടിച്ചേരും. അതോടെ ചൂടുവെള്ളത്തിന്റെ തണുപ്പങ്ങു പോകും. അതിനോടു ചേർന്നിരുന്ന ഉപ്പുക്രിസ്റ്റലുകൾ താഴേക്ക് ഊർന്നിറങ്ങാൻ തുടങ്ങും. 

ദിനംപ്രതി ഇത്തരത്തിൽ ചെറിയ ഉപ്പുക്രിസ്റ്റലുകൾ തടാകത്തിന്റെ അടിത്തട്ടിൽ നിറഞ്ഞു. ഇപ്പോൾ കിലോമീറ്റർ കനത്തിലാണ് തടാകത്തിൽ ഉപ്പുള്ളത്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയിൽ പലയിടത്തും ഇത്തരത്തിൽ ഉപ്പിന്റെ കട്ടിപ്പുതപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. അവയെങ്ങനെയാണു രൂപപ്പെട്ടതെന്ന വർഷങ്ങളായുള്ള ഗവേഷകരുടെ അന്വേഷണത്തിലേക്കാണ് ചാവുകടലിലെ ഉപ്പുക്രിസ്റ്റലുകൾ വെളിച്ചം വീശിയിരിക്കുന്നത്. പഠനത്തിന്റെ വിശദവിവരം വാട്ടർ റിസോഴ്സസ് റിസർച് ജേണലിലുണ്ട്.