ആകാശത്തേക്കു കുത്തിനിർത്തിയിരിക്കുന്ന കുറേ ‘മഞ്ഞുകഠാരകൾ’. ലോകത്തിലെ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന  പേനിടെന്റ്സ് എന്ന പ്രകൃതിശിൽപങ്ങളെ ഒരു കൂട്ടം ഗവേഷകർ വിശേഷിപ്പിച്ചത് അങ്ങനെയാണ്. അദ്ഭുതമെന്ന വിശേഷണവുമായി ഈ മഞ്ഞുരൂപങ്ങളെ ബന്ധിപ്പിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. സാധാരണഗതിയിൽ മഞ്ഞുകട്ടകൾ കാണപ്പെടുന്ന മേഖലയിലല്ല ഇവയെ കാണാനാവുക, മറിച്ച് വരണ്ട മരുഭൂമിയിലാണ്. ചിലെയിലെ അറ്റാക്കാമ മരുഭൂമിയിലെ പേനിടെന്റ്സുകളെക്കുറിച്ചു വിശദമായി പഠിച്ച ഗവേഷകർ അടുത്തിടെ കണ്ടെത്തിയതാകട്ടെ ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ചില കാര്യങ്ങളും. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ, തണുത്തു വരണ്ടു കിടക്കുന്ന അറ്റാക്കാമ പോലൊരു പ്രദേശത്ത് ഒരിക്കലുമുണ്ടാകില്ലെന്നു കരുതിയ ജീവസാന്നിധ്യമാണ് പേനിടെന്റ്സിൽ കണ്ടെത്തിയിരിക്കുന്നത്. അതു വെളിച്ചം വീശുന്നതാകട്ടെ സൗരയൂഥത്തിൽ ജീവന്റെ സാന്നിധ്യം ഭൂമിയിലല്ലാതെ വേറെ എവിടെയൊക്കെയുണ്ടെന്ന അന്വേഷണത്തിലേക്കും!

അറ്റാക്കാമയിലെ പേനിടെന്റ്സിൽ ചില സൂക്ഷ്മജീവികള്‍ വസിക്കുന്നുണ്ടെന്നായിരുന്നു യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിലെ ഗവേഷകർ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപർവതമാണ് ചിലെയിലെ ലുല്ലൈലാക്കോ. ഇതിന്റെ മുകളിലേക്കാണ് അതിസാഹസികമായി ഗവേഷകരെത്തിയത്. ഉയരങ്ങളിൽ അവരെ കാത്ത് കൂർത്ത പേനിടെന്റ്സുകളുമുണ്ടായിരുന്നു. അവയിലാകട്ടെ ആൽഗെ രൂപത്തിലുള്ള സൂക്ഷ്മജീവികളും. Chlamydomonas, Chloromonas വിഭാഗത്തിൽപ്പെട്ട ഈ ജീവികള്‍ ഭൂമിയിലെ ക്രയോസ്ഫിയറിലാണു സാധാരണ കാണാറുള്ളത്. അതായത് തണുത്തുറച്ച മേഖലകളിലും മഞ്ഞുമലകളിലുമെല്ലാം. തികച്ചും വരണ്ട കാലാവസ്ഥയിലാണ് ഇപ്പോഴിവയെ കണ്ടെത്തിയിരിക്കുന്നത്. അതും ഏറെ ഉയരത്തിൽ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,000 അടി ഉയരെയായിരുന്നു പേനിടെന്റ്സിനെ ഗവേഷകർ കണ്ടെത്തിയത്. 

ഇവയിലെ ആൽഗെകൾക്കാകട്ടെ ധ്രുവപ്രദേശങ്ങളിലും ആൽപ്സ് മഞ്ഞുമലനിരകളിലും കണ്ടെത്തിയ സൂക്ഷ്മജീവികളുമായി അസാധാരണമായ സാമ്യവും. നേർത്ത ചുവപ്പുനിറത്തിലായിരുന്നു മഞ്ഞുശിൽപങ്ങളിൽ ഇവ വളർന്നിരുന്നത്. ശരീരത്തിലെ ജൈവികപ്രവർത്തനങ്ങളുടെ ബാക്കിപത്രമായി ചുവപ്പുനിറത്തിലുള്ള പിഗ്മെന്റ് ഉൽപാദിപ്പിക്കുന്നവയാണ് ഈ സൂക്ഷ്മജീവികൾ എന്നാണു നിഗമനം. ലോകത്തിലാദ്യമായാണ് പേനിടെന്റ്സിൽ ഇത്തരമൊരു സൂക്ഷ്മജീവിലോകം കണ്ടെത്തുന്നതും. ലാബിലെത്തിച്ച് ഈ ജീവികളെ വിശദമായ പഠനത്തിനു വിധേയമാക്കിയാണ് ഗവേഷകർ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്. 

അറ്റാക്കാമയിലെ സാഹചര്യം പരിശോധിക്കുമ്പോൾ  മരുഭൂമിയിലെ മരുപ്പച്ചയോടാണ് ഈ മഞ്ഞുരൂപങ്ങളെ ഗവേഷകർ ഉപമിക്കുന്നത്. ഇവ ആൽഗെകൾക്കു ജീവിക്കാനുള്ള വഴിയൊരുക്കുന്നതു തന്നെ അതിന്റെ പ്രധാന കാരണം. അതോടൊപ്പം തന്നെ മരുഭൂമിയിലെ വരണ്ട അവസ്ഥയിൽ ജലസ്രോതസ്സ് കൂടിയാവുകയാണ് പേനിടെന്റ്സ്. ഈ മഞ്ഞുരൂപങ്ങൾക്ക് അങ്ങുദൂരെ ബഹിരാകാശത്ത് മറ്റൊരു ‘ബന്ധു’ കൂടിയുണ്ട്. പ്ലൂട്ടോയിലും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലുമാണ് അറ്റാക്കാമയിലേതിനു സമാനമായ മഞ്ഞുമുനകളുള്ളത്. ചിലെയിലെ ഈ വരണ്ട പ്രദേശത്ത് ജീവന്റെ സാന്നിധ്യത്തിനു കരുത്തു പകരുന്ന ഘടകമായിരിക്കുകയാണ് ഈ മഞ്ഞുകട്ടകളിപ്പോൾ. സമാനമായി സൗരയൂഥത്തിലെ മറ്റിടങ്ങളിലും സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് പേനിടെന്റ്സുകൾ വിളനിലമൊരുക്കുമെന്നാണു ഗവേഷകരുടെ നിഗമനം. 

ഉയരങ്ങളിലേക്കു പോകും തോറും അവിടങ്ങളിലെ ജീവജാലങ്ങളുടെ എണ്ണവും കുറഞ്ഞുവരുന്നതാണ് രീതി. ചൂടും മർദവ്യതിയാനങ്ങളുമെല്ലാം കാരണം ജീവന്റെ നിലനിൽപിനു തന്നെ ഏറെ വെല്ലുവിളിയുണ്ടാകുന്നതാണു കാരണം. ബഹിരാകാശത്തും ഇതേ പ്രശ്നമുണ്ട്. എന്നാൽ സമുദ്രനിരപ്പിൽ  നിന്ന് 16,000 അടി ഉയരത്തിലെ വരണ്ട പ്രദേശത്തും സൂക്ഷ്മജീവികളെ കണ്ടെത്തുമ്പോൾ ഗവേഷകർക്കു പ്രതീക്ഷിക്കാൻ ഏറെയാണ്. അതിനു മുൻപ് ഇനിയും പഠനമേറെ നടത്താനുമുണ്ട്. എങ്ങനെയാണ് ഈ സൂക്ഷ്മ ആൽഗെകൾ പേനിടെന്റ്സിലേക്ക് എത്തിയതെന്നാണ് ആദ്യ ചോദ്യം. ഇവയുടെ സഹായത്താലാണോ മരുഭൂമിയിൽ ഈ മഞ്ഞുകഠാരകൾ രൂപം കൊള്ളുന്നത്? അതോ ജീവികൾ മറ്റെവിടെ നിന്നെങ്കിലും ഇതിലേക്കു വരുന്നതാണോ? ഇങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനുണ്ട്. കുത്തനെയുള്ള പർവതഭാഗങ്ങളിലെത്തി തുടർച്ചയായ ഗവേഷണവും ബുദ്ധിമുട്ടേറിയതാണ്. എന്നാലും ഗവേഷകർക്കു വിട്ടുകളയാനാകില്ലല്ലോ. ഉയരങ്ങളിൽ പ്രതീക്ഷയുടെ മഞ്ഞിൻതണുപ്പാണല്ലോ ഇപ്പോൾ നിറയെ...!