മാറ്റര്‍ഹോണ്‍ എന്നത് ആല്‍പ്സിന്‍റെ മുഖമായ പര്‍വത ശിഖരമാണ്. സ്വിറ്റ്സര്‍ലന്‍ഡിലും ഇറ്റലിയിലുമായി സ്ഥിതി ചെയ്യുന്ന ഈ മേഖല ആല്‍പ്സിനെക്കുറിച്ചുള്ള രാജ്യാന്തര റിപ്പോര്‍ട്ടുകളിലും പരസ്യങ്ങളിലും സിനിമകളിലുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒന്നാണ്. പ്രശസ്ത ചോക്കലെറ്റ് ബ്രാന്‍ഡായ ടോബ്ലറോണിന്‍റെ ലോഗോ പോലും ഈ പര്‍വത ശിഖരമാണ്. ഇങ്ങനെ പ്രശസ്തി കൊണ്ടും സാംസ്കാരികമായും ശ്രദ്ധിക്കപ്പെട്ട ഈ പര്‍വത ശിഖരം ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ശാസ്ത്രലോകം.

അപകട ഭീഷണിയായി വിള്ളല്‍

യൂറോപ്പിനെ ആകെ വലച്ച താപക്കാറ്റിന്‍റെ പിന്നാലെ ആൽപ്സില്‍ വ്യാപകമായ തോതില്‍ മഞ്ഞുരുകല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ശേഷമാണ് മാറ്റര്‍ഹോണില്‍ വിള്ളലുകള്‍ കണ്ടെത്തിയത്. പര്‍വത ശിഖരമുഖത്താണ് ഈ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. മഞ്ഞുരുകല്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ മാറ്റര്‍ഹോണ്‍ ഈ മാറ്റത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനായി അന്‍പത് സെന്‍സറുകള്‍ ഗവേഷകര്‍ സ്ഥാപിച്ചിരുന്നു. ഈ സെന്‍സറുകളാണ് വിള്ളല്‍ കണ്ടെത്താന്‍ സഹായിച്ചത്.

അതേസമയം ഇപ്പോള്‍ രൂപപ്പെട്ട വിള്ളലുകള്‍ പര്‍വത ശിഖരത്തിന്‍റെ നിലനില്‍പിന് ഭീഷണിയല്ലെന്നു ഗവേഷകര്‍ പറയുന്നു. പക്ഷേ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതോടെ ഈ വിള്ളലുകളും വലുതായാല്‍ ഒരുപക്ഷേ പര്‍വത ശിഖിരം തകരുന്നതിന് ഈ വിള്ളലുകള്‍ കാരണമായേക്കാം. നിലവിലെ സാഹചര്യത്തില്‍ പര്‍വതാരോഹകര്‍ക്കും മറ്റും പ്രതിസന്ധി സൃഷ്ടിക്കാന്‍ ഈ വിള്ളലുകള്‍ക്ക് കഴിഞ്ഞേക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്ത്കൊണ്ട് വിള്ളലുകള്‍?

പെര്‍മാഫ്രോസ്റ്റ് മേഖലയിലും ഉയര്‍ന്ന പര്‍വത മേഖലകളിലും മണ്ണിനിടയിലും പാറക്കെട്ടുകള്‍ക്കിടയിലും മഞ്ഞ് ഒരു നിത്യ സാന്നിധ്യമാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ മഞ്ഞുപാളികള്‍ ഒരു സിമന്‍റ് മിശ്രിതം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ മഞ്ഞുരുക്കും വർധിച്ചതോടെ പാറക്കെട്ടുകള്‍ക്കിടയിലും മണ്ണിനിടയിലുമുള്ള മഞ്ഞും ഉരുകുകയാണ്. ഇതാണ് പെര്‍മാഫ്രോസ്റ്റിലും ഉയര്‍ന്ന പര്‍വത മേഖലകളിലും അസ്ഥിരതയും വിള്ളലുമുണ്ടാക്കുന്നത്.

മാറ്റര്‍ഹോണിലെ ഈ വിള്ളലുകള്‍ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി അടുത്ത മഞ്ഞുകാലത്ത് താല്‍ക്കാലികമായി പരിഹരിക്കപ്പെടുന്നതാകുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ പിന്നീടുള്ള വേനല്‍ക്കാലത്തും ഇതേ അളവില്‍ താപനില അനുഭവപ്പെടുന്നതു തുടര്‍ന്നാല്‍ അത് ശുഭകരമായ സൂചനയായിരിക്കില്ല. ഇത് പര്‍വത ശിഖരത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിന് കാരണമായേക്കാമെന്നാണ് ശാസ്ത്രലോകം കണക്കു കൂട്ടുന്നത്. 

മാറ്റര്‍ഹോണ്‍

സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 4478 മീറ്റര്‍ ഉയരമാണ് മാറ്റര്‍ഹോണിനുള്ളത്. ആല്‍പ്സിലെ 4000 മീറ്ററിന് മുകളില്‍ ഉയരമുള്ള 82 പര്‍വത ശിഖരങ്ങളില്‍ ഒന്നാണ് മാറ്റര്‍ഹോണ്‍. കഴിഞ്ഞ 120 വര്‍ഷത്തിനിടെ 2 ഡിഗ്രി സെല്‍ഷ്യസ് വർധനവാണ് ഈ പര്‍വത ശിഖിരങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ആഗോള താപനില വർധനവിന്‍റെ ശരാശരിയുടെ ഇരട്ടിയോളം വരും ഈ വർധനവ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ വർധനവ് വീണ്ടും ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മാറ്റര്‍ഹോണ്‍ ഉള്‍പ്പെടെയുള്ള പല പര്‍വത ശിഖരങ്ങളുടെയും ഭാവി സുരക്ഷിതമായിരിക്കില്ലെന്നാണ് ഗവേഷകരുടെ നിഗമനം.