സോയിൽ പൈപ്പിങ് കണ്ടെത്തിയ കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻമലയിൽ ജിയോളജി വകുപ്പ് അധികൃതർ പരിശോധനയ്ക്ക് എത്തുന്നു.

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ സോയിൽ പൈപ്പിങ് കണ്ടെത്തിയതോടെ നാട്ടുകാർ ഭീതിയിൽ. ജിയോളജി, ചെറുകിട ജലസേചന വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.   മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വിശദ പഠനം ആവശ്യമാണെന്നും മഴ ശക്തമായി തുടർന്നാൽ മാത്രമേ ആശങ്കയ്ക്ക് ഇടയുള്ളൂവെന്നും അധികൃതർ പറഞ്ഞു.

മണ്ണിനടിയിൽ നിന്നു ചീടിയും മണലും മറ്റും പൊങ്ങി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണു സ്ഥലം ഉടമ കൊല്ലേലത്തിൽ ബാലകൃഷ്ണൻ അധികൃതരെ വിവരം അറിയിച്ചത്. ഒട്ടേറെ ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയിലെ പ്രതിഭാസത്തിൽ നാട്ടുകാർ ആശങ്കയിലാണ്. പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിലും മേഖലയിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം നേരിട്ടിരുന്നു.

ജിയോളജിസ്റ്റ് ഇബ്രാഹിംകു‍ഞ്ഞ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ്  ടി.സി.രശ്മി എന്നിവരും റവന്യു അധികൃതരും പരിശോധന നടത്തി. സ്ഥലത്തെ മണ്ണും വെള്ളവും പരിശോധനയ്ക്ക് എടുത്തു. മൈനർ ഇറിഗേഷൻ എൻജിനീയർ ഫൈസലും സ്ഥലം സന്ദർശിച്ചു.