കണ്ണൂർ ജില്ലയിൽ കാലവർഷക്കെടുതിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത് അതീവ അപകടമേഖലയെന്നു വിദഗ്ധ സംഘം നേരത്തെ ചൂണ്ടിക്കാട്ടിയ മേഖലകളിൽ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും 2 വർഷം മുൻപു ചൂണ്ടിക്കാട്ടിയ മേഖലകളിൽ അനധികൃത ഖനനവും അനിയന്ത്രിത ഖനനവും നിയന്ത്രിക്കാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപം ഉയരുന്നു. 

കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവര ശേഖരമുപയോഗിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻ‍ഡ് എൻവയൺമെന്റ് സെന്റർ (കെഎസ്ആർഇസി) തയാറാക്കിയ റിപ്പോർട്ട് പ്രകാരം ജില്ലയിൽ 6 സ്ഥലങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായതായി പറയുന്നത്. എന്നാൽ പതിനഞ്ചിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്ന മേഖലകളോടു ചേർന്ന പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുള്ളത്. 

ചിലയിടങ്ങളിൽ ക്വാറികളോടു ചേർന്നു വൻ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ താമസിക്കാൻ ജനങ്ങൾ ഭയപ്പെടുകയാണ്. 2016–2017 ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ ക്വാറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നടപടിയെടുക്കുന്നതിൽ അധികൃതർക്കു വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഈ മേഖലകളിൽ ഉരുൾപൊട്ടലുണ്ടാകുമെന്നു ജനങ്ങൾക്ക് ഒരുതരത്തിലുമുള്ള മുന്നറിയിപ്പും അധികൃതർ നനൽകിയിരുന്നില്ലെന്നും പറയുന്നു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പഠന റിപ്പോർട്ടിൽ തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രധാന സ്ഥലങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു മാത്രമല്ല ഈ പ്രദേശങ്ങളിൽ തൊട്ടുമുൻപ് എത്ര തീവ്രതയിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നും അവ എത്ര കിലോമീറ്റർ ചുറ്റവളവിൽ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. 

സമാന സ്ഥലങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിലും രേഖപ്പെടുത്തി ജില്ല ഭരണകൂടത്തിനു കൈമാറിയതാണ്. എന്നാൽ, ഈ മേഖലകളിലെ ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തതാണു തുടർച്ചയായ രണ്ടാം വർഷവും മലയോര ദുരിതത്തിനു കാരണമായതെന്നും പരാതിയുണ്ട്.