കിഴക്കൻ വെള്ളത്തോടൊപ്പം ആറ്റുകൊഞ്ച് വേമ്പനാട്ടു കായലിലെത്തി. വരാൻ പോകുന്നതു പെട്ടക്കാലൻ കൊഞ്ചിന്റെ കാലം. ഇനി കൊഞ്ചുപിടിത്തക്കാർക്കു പ്രതീക്ഷയുടെ തിരയിളക്കമാണ്. തൊഴിലാളികൾ രാത്രിയിലും പകലും  കൊഞ്ച് പിടിത്തത്തിനു  പോകും. 

കൊഞ്ചു പിടിത്തം

കായലിൽ പല സ്ഥലങ്ങളിലായി അടയാളം നാട്ടി  സമീപത്തു തീറ്റയിട്ടു കൊഞ്ചിനെ വരുത്തിയ ശേഷം വല കൊണ്ടു വീശിയാണ് ഇവയെ പിടിക്കുന്നത്. പൊങ്ങിൽ തീറ്റ കെട്ടിയിട്ട് ഇതിൽ  കൊഞ്ച് കടിക്കുമ്പോൾ വല വീശി പിടിക്കുന്നവരുമുണ്ട്.  വെസ്റ്റ് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ തൊഴിലാളികളിൽ 2 കിലോ മുതൽ 4 കിലോ വരെ കൊഞ്ച് പിടിക്കുന്നവരുണ്ട്.

200 ഗ്രാമിനു മേൽ തൂക്കമുള്ള കൊഞ്ചിന് കിലോയ്ക്ക് 610 രൂപയും 100 ഗ്രാമിനു മേൽ തൂക്കമുള്ളവയ്ക്കു 550 രൂപയും 50 ഗ്രാമിനു മേൽ തൂക്കമുള്ളവയ്ക്കു 410 രൂപയും 50ഗ്രാമിനു താഴെയുള്ളവയ്ക്കു 340 രൂപയുമാണ്  സംഘം  തൊഴിലാളികൾക്കു  നൽകുന്നത്.കമ്പനികൾ കൊഞ്ച് ശേഖരിച്ചു വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുമുണ്ട്.

കുമരകത്ത് ശുദ്ധജല മൽസ്യമായ ആറ്റുകൊഞ്ച് ഇനങ്ങളിൽ കാഴ്ചക്കരുടെ താരമാകുന്നത് പെട്ടക്കാലൻ (നീലക്കാലൻ) കൊഞ്ചുകളാണ്. കൊഞ്ചിന് അഴക് നൽകുന്നത് ഈ രണ്ട് കാലുകളാണെങ്കിലും ഇതു പാകം ചെയ്യാൻ ഉപയോഗിക്കാറില്ല. എങ്കിലും കാലുകൾ ഒടിഞ്ഞു പോകാതെ പിടിത്തക്കാരും ഇവയെ വാങ്ങുന്നവരും ശ്രദ്ധയോടെ സംരക്ഷിക്കും. നീലക്കാലൻ കൊഞ്ച് രണ്ട് വർഷം കൊണ്ടു 800 ഗ്രാം വരെ തൂക്കം വയ്ക്കുന്നവയാണ്. സാധാരണ 400 ഗ്രാം തൂക്കമുള്ളവയാണ് തൊഴിലാളികൾക്കു കിട്ടുന്നത്.

രണ്ട് വർഷത്തിനു മുൻപു തന്നെ ഇവയെ പിടികൂടുമെന്നതിനാലാണ് പൂർണ വളർച്ചയെത്താത്തത്. ആൺ ഇനത്തിൽപ്പെട്ടവയാണ് നീലക്കാലൻ. തലയുടെ താഴെയുള്ള ഭാഗത്തു നിന്നു തുടങ്ങുന്ന കാലുകൾക്ക് ശരീരത്തിന്റെ മൂന്നിരട്ടി നീളമുണ്ട്. ഇതോടൊപ്പം ചെറു കാലുകളുമുണ്ട്. വലിയ കാലുകൾ ഉപയോഗിച്ചാണു തീറ്റയെടുക്കുന്നത്.

തലയ്ക്കു മുൻഭാഗത്തായി കൊമ്പും ഇരുവശത്തും കണ്ണുകളും ഇതിനോട് ചേർന്നു ഇളം ചുവപ്പോടു കൂടിയ മീശയുമുണ്ട്. ശരീരത്തെ മാസം പുറംതോടു കൊണ്ടു പൊതിഞ്ഞിരിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കു കൊഞ്ച് കയറ്റി വിടുന്ന കമ്പനികൾ മാത്രമാണ് ഇവയുടെ തലയൊടിച്ചും കാലുകൾ കളഞ്ഞും കയറ്റി അയയ്ക്കുന്നത്. പണ്ടുള്ളവർ കാലുകൾ ചുട്ട് എടുത്ത് തോട് പൊട്ടിച്ച് അതിനുള്ളിലെ മാംസം ഭക്ഷിക്കുമായിരുന്നു.