ആമസോണില്‍ നിന്ന് അദ്ഭുതകരമായ മറ്റൊരു കണ്ടെത്തലിന്‍റെ വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ഇക്കുറി ഗവേഷകര്‍ കണ്ടെത്തിയത് പുതിയൊരു ജീവിവര്‍ഗത്തെ മാത്രമല്ല, അവയുടെ അസാധാരണ കഴിവ് കൂടിയാണ്. യീലുകള്‍ വൈദ്യുതി പുറപ്പെടുവിക്കാന്‍ കഴിയുന്ന മത്സ്യങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. കൂറ്റന്‍ മുതലകളെ പോലും ഷോക്കടിപ്പിച്ച് തളര്‍ത്താനോ ചിലപ്പോള്‍ കൊല്ലാനോ വരെ കഴിയും ഈലിന്റെ ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന വൈദ്യുത തരംഗങ്ങള്‍ക്ക്. ആമസോണിലെ ഒരു വിഭാഗം യീലുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന വൈദ്യുതിയുടെ അളവാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

860 വോള്‍ട്ട് വൈദ്യുതിയാണ് ഈ വിഭാഗം ഈലുകള്‍ക്ക് ഒരു തവണ പുറപ്പെടുവിക്കാന്‍ കഴിയുക. ഒരു മനുഷ്യനെ പൂര്‍ണമായും തളര്‍ത്താന്‍ ഈ ഷോക്ക് ധാരാളമാണ്. 860 വോള്‍ട്ട് എന്നത് ഒരു ജല ജീവിക്ക് പുറപ്പെടുവിക്കാന്‍ സാധിക്കുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള വൈദ്യുതിയാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ശരീരത്തിലെ മൂന്ന് അവയവങ്ങളില്‍ നിന്നായാണ് ഈ ഈലുകള്‍ വൈദ്യുതി പുറന്തള്ളുന്നത്. മൂന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് ഈ ജീവികള്‍ വൈദ്യുതി ഉപയോഗിക്കുക.

ഇലക്ട്രോഫോറസ് വോള്‍ട്ടായ്

അസാധാരണമായ അളവില്‍ വൈദ്യുതി പ്രവഹിപ്പിക്കാന്‍ കഴിയും എന്നു കണ്ടെത്തിയതോടെ ഇലക്ട്രോഫോറസ് വോള്‍ട്ടായ് എന്നാണ് ഈ ഈല്‍ മത്സ്യത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ബാറ്ററി കണ്ടെത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ അലക്സാൺഡ്രോ വോള്‍ട്ടയുടെ പേരില്‍ നിന്നാണ് മത്സ്യത്തിന് ഈ പേര് നല്‍കിയത്. നാഷണല്‍ ജ്യോഗ്രാഫിക് സൊസൈറ്റിയും, സ്മിതിസോണിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യട്ടും ചേര്‍ന്ന് രൂപീകരിച്ച സാവോ പോളോ ഫൗണ്ടേഷനില്‍ നിന്നുള്ള ഗവേഷകരാണ് ഈ അതിശയമത്സ്യത്തെ ഇപ്പോള്‍ കണ്ടെത്തിയത്.

ആമസോണിൽ മനുഷ്യന്‍റെ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് ഏതാണ്ട് അന്‍പത് വര്‍ഷത്തിലേറെ പിന്നിട്ടുണ്ട്. വ്യാപകമായ തോതില്‍ വനം കയ്യേറ്റവും നദീമലിനീകരണവും നടക്കുമ്പോഴും പുതിയ കണ്ടെത്തലുകളുമായി ആമസോണ്‍ ഇപ്പോഴും മനുഷ്യരെ അതിശയിപ്പിക്കുകയാണ്. സാവോ പോളോ ഫൗണ്ടേഷന്‍റെ ഈ പര്യടനത്തില്‍ തന്നെ രണ്ടിനം ഈലുകളെയാണ ഗവേഷകര്‍ കണ്ടെത്തിയത്. ഇവയിലൊന്നാണ് 860 വോള്‍ട്ട് പുറപ്പെടുവിക്കാന്‍ കഴിയുന്ന ജീവിവര്‍ഗം.

ഏതാണ്ട് രണ്ടര മീറ്റര്‍ വരെ നീളം വയ്ക്കുന്ന കൂറ്റന്‍ ജീവികളാണ്  ഈലുകള്‍. പലപ്പോഴും ഒളിച്ചു ജീവിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് ഈ ഈലുകളെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് സന്‍റാന പറയുന്നു. ആമസോണിലെ ഷോക്ക് നല്‍കുന്ന മത്സ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ വഴിത്തിരിവാണ് ഈ ഈലുകള്‍ എന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അതേസമയം ഒരു മനുഷ്യനെ അബോധാവസ്ഥയിലേക്ക് അല്‍പ സമയമെത്തിച്ചേക്കാമെങ്കിലും കൊല്ലാനുള്ള ശക്തി ഈലിന്‍റെ വൈദ്യുതിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. പ്രധാനമായും ഇര പിടിക്കാനും ശത്രുക്കളെ ഓടിക്കാനുമാണ് ശരീരത്തിലെ വൈദ്യുതി പ്രവഹിപ്പിക്കുന്നത്.