ആകാശത്തു നിന്ന് അസ്ത്രം പോലെ പുഴയുടെയും പൊക്കാളിപ്പാടങ്ങളുടെയും അടിത്തട്ടിലേക്കു ചൂഴ്ന്നിറങ്ങി കൂർത്ത കൊക്കിൽ കൊത്തിയ കരിമീനുമായി പൊങ്ങുന്ന ഓസ്പ്രേ, വടക്കെ അമേരിക്കയിൽ നിന്നുള്ള കുഞ്ഞനെങ്കിലും കരുത്തനായ കല്ലുരുട്ടിക്കാട, കൊത്തുകോഴിയോളം വലുപ്പമുള്ള വിമ്പ്രല്ലയെന്ന തെറ്റിക്കൊക്ക്, ടെറക്... 

താലിപ്പരുന്ത്. (കൂനമ്മാവ് അന്തിക്കാട് നവിൻ ആന്റണി പകർത്തിയ ചിത്രങ്ങൾ)

കടമക്കുടിയിലേക്ക് എത്തുന്ന പക്ഷിപ്രേമികളെ കാത്ത് ഇക്കുറി അപൂർവ ഇനങ്ങളിലുള്ള ഒട്ടേറെ പക്ഷികളാണ് അതിഥികളായി എത്തുന്നത്. ആഴമുള്ള പുഴയുടെയും പാടങ്ങളുടെയും അടിത്തട്ടിലേക്കു ശരവേഗത്തിൽ മുങ്ങിത്താണു കരിമീൻ പിടിക്കുന്ന ഓസ്പ്രേ (താലിപ്പരുന്ത്) ഏറെനാളുകൾക്കു ശേഷമാണു കടമക്കുടിയിൽ എത്തിയത്. കടമക്കുടിയിൽ എത്തിയാൽ കരിമീനാണ് ഇഷ്ട വിഭവം. 

കടമക്കുടിയിലെ പൊക്കാളിപ്പാടങ്ങളിൽ വിരുന്നെത്തിയ റൂഡി ടേൺസ്റ്റോൺ (കല്ലുരുട്ടിക്കാട)

നോവ സ്കോട്ടിയ, കാനഡ എന്നിവടങ്ങളിൽ കാണപ്പെടുന്ന ഇവ ആവശ്യമുള്ള വെള്ളം കിട്ടുന്ന സ്ഥലങ്ങളിലാണു കൂടൊരുക്കുന്നത്. കുഞ്ഞനെങ്കിലും കരുത്തനായ റുഡി ടേൺസ്റ്റോൺ (കല്ലുരുട്ടികാട) 4 വർഷങ്ങൾക്കു ശേഷമാണ് ഇക്കുറി കടമക്കുടിയിലേക്ക് എത്തിയതെന്നു പക്ഷി നിരീക്ഷകനും ഫൊട്ടോഗ്രഫറുമായ നവിൻ ആന്റണി പറഞ്ഞു. സാധരണയായി വടക്കെ അമേരിക്ക, യൂറോപ്പ് പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്. 

കൊത്തുകോഴിയോളം വലുപ്പമുള്ള വിമ്പ്രല്ല (തെറ്റിക്കൊക്ക്) ചതുപ്പുകളിലാണു കൂടുതലായി കാണുന്നത്. ചെറുകൂട്ടങ്ങളായാണ് ഇവയുടെ യാത്ര. ലക്ഷദ്വീപ്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണുന്നത്. ഇതിനുപുറമേ, പത്തിലേറെ ഇനങ്ങളിലുള്ള പക്ഷികൾ ഇക്കുറി കടമക്കുടിയിലെ പൊക്കാളിപ്പാടങ്ങളിലെത്തിയിട്ടുണ്ട്. പുലർച്ചെയാണു ദേശാടനപ്പക്ഷികളെ കാണാൻ കൂടുതൽ അവസരം. ദേശാടനപ്പക്ഷികളെ കാണാൻ വിവിധയിടങ്ങളിൽ നിന്നുള്ള പക്ഷിപ്രേമികൾ കടമക്കുടിയിലേക്ക് എത്തുന്നുണ്ട്.